കഴിഞ്ഞ കുറച്ചു കാലമായി വിവാദങ്ങളിലോ പ്രശ്നങ്ങളിലോ ഒന്നും തന്നെ പെടാതെ സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു ഗായികമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ഇപ്പോഴിതാ, സ്വന്തം പിതാവിനെ അവസാന കാലത്ത് അനാഥാശ്രമത്തില്‍ തള്ളിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പൊട്ടിത്തെറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇരുവരും. ചില യുട്യൂബ് ചാനലുകള്‍ പ്രചരിപ്പിക്കുന്ന ഈ വാര്‍ത്ത വ്യാജമാണെന്ന് അമൃതയും അഭിരാമിയും വ്യക്തമാക്കി. അച്ഛന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കുടുംബത്തെ ഇതുപറഞ്ഞ് കുത്തിനോവിക്കരുതെന്ന് ഇരുവരും അഭ്യര്‍ഥിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇരുവരും വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ ഇരുവരും പറയുന്നത് ഇങ്ങനെയാണ്:
''കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാര്‍ത്തയെക്കുറിച്ച് സംസാരിക്കാനാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. ഞങ്ങളുടെ കുടുംബ കാര്യമാണ്. അതില്‍ ഒരു വ്യക്തത വരുത്താനും മുന്നോട്ട് ഇനി ഇക്കാര്യത്തില്‍ അനാവശ്യമായ ചര്‍ച്ചകള്‍ ഉണ്ടാകാതിരിക്കാനുമാണ് ഞങ്ങള്‍ നേരിട്ടെത്തി വ്യക്തത വരുത്തുന്നത്.
ഞങ്ങളുടെ അച്ഛന്റെ അവസാന സമയത്ത് അദ്ദേഹം അനാഥാശ്രമത്തില്‍ ആയിരുന്നു, ഞങ്ങള്‍ അച്ഛനെ അനാഥാലയത്തില്‍ തള്ളി എന്നൊക്കെയാണ് ഇന്നലെ പുറത്തു വന്ന വാര്‍ത്തകള്‍. നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന പോലെയാണ് ആ വിഡിയോ ആ യുട്യൂബ് ചാനലിലെ ചേച്ചി ചെയ്തിരിക്കുന്നത്. പക്ഷെ അതിന്റെ തമ്പ്നെയില്‍ ഒക്കെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഒരു ചര്‍ച്ചയില്‍ നിന്ന് ചെറിയൊരു ഭാഗം വെട്ടിയെടുത്ത്, മനപ്പൂര്‍വ്വം ഒരു ചര്‍ച്ചാവിഷയമാക്കാന്‍ ചെയ്തിരിക്കുന്ന വിഡിയോ ആണത്. ഇതിന്റെ ബാക്കിയായി, പലരും ഈ വിഷയം എടുത്ത് റിയാക്ഷന്‍ വിഡിയോ ചെയ്തു. സമൂഹമാധ്യമത്തെയും വ്ലോഗര്‍മാരെയുമൊക്കെ ബഹുമാനിക്കുന്നു. പക്ഷേ ഒരു കുടുംബത്തെ വേദനിപ്പിക്കാന്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. ഒരു കുടുബത്തെപ്പറ്റി ഇത്രവലിയ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇങ്ങനെ രണ്ട്, നാല് വാക്കുകള്‍ ഉപയോഗിച്ചല്ല വിധിക്കേണ്ടത്. അതില്‍ സത്യമുണ്ടോ എന്ന് അന്വേഷിച്ച ശേഷം മാത്രം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുക.
ഞങ്ങളുടെ അച്ഛന്‍ സമൂഹത്തിലെ പല സംഘടനകളുമായും ഇടപഴകുന്ന വ്യക്തിയാണ്. ഞങ്ങള്‍ വളര്‍ന്നുവന്ന കാലത്തെല്ലാം ഈ ആശ്രമവും കാര്യങ്ങളുമായി ഞങ്ങളുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ചര്‍ച്ചയില്‍ പറയുന്ന ആശ്രമത്തില്‍ ഞാനും അഭിരാമിയും അമ്മയും അച്ഛനുമെല്ലാം ഒരുപാട് തവണ പോയിട്ടുണ്ട്. അച്ഛന്‍ ഇതുപോലെ പല സംഘടനകളുടെയും ഭാഗമാണ്. അവരെ സംഗീതം പഠിപ്പിക്കുക, സ്റ്റേജിലേക്ക് കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളൊക്കെ അച്ഛന്‍ വളരെ ഇഷ്ടത്തോടെ ചെയ്തിരുന്നതാണ്. അച്ഛന്റെ തീരുമാനങ്ങളെയും ഇഷ്ടങ്ങളെയും ഞങ്ങള്‍ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. ഞങ്ങള്‍ അതിലൊക്കെ പങ്കാളികളായിട്ടേയുള്ളൂ.
ഞങ്ങളുടെ ദൈനംദിന ജീവിതം വ്ലോഗായി കാണുന്നവരാണ് നിങ്ങള്‍. എന്നിട്ടും ഒരാള്‍ പറഞ്ഞതിന്റെ ചെറിയൊരു ഭാഗം മാത്രമെടുത്ത് പുതിയ കഥയുണ്ടാക്കിയപ്പോള്‍, എല്ലാവരും അത് വിശ്വസിക്കുന്നത് കാണുമ്പോള്‍ വേദനയുണ്ടാകുന്നു. ഞങ്ങള്‍ക്ക് അത് ശീലമായെങ്കിലും അമ്മയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് കുടുംബത്തിന് മുഴുവന്‍ വേദനയുണ്ടാക്കുന്ന കാര്യമാണ്.
ഇക്കാര്യത്തില്‍ ഇനിയും വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനും മോശമായ പരാമര്‍ശങ്ങള്‍ നടത്താനുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ നിയമ നടപടികളിലേക്ക് കടക്കും. സഹികെട്ടതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.
മരിച്ചുപോയൊരു ആള്‍ക്കുപോലും സമാധാനം കൊടുക്കില്ല എന്ന ഉദ്ദേശ്യത്തോടെ ഉപദ്രവിക്കുന്നത് ക്രൂരതയാണ്. ചാഞ്ഞ മരമായതുകൊണ്ട് ഓടിക്കയറാമെന്ന് വിചാരിക്കരുത്. ഇതിന്റെ പേരില്‍ ഇനി ഞങ്ങള്‍ അഹങ്കാരികളാണ് പറയുമായിരിക്കും. നിങ്ങളുടെ വീട്ടിലെ ആരെയെങ്കിലും കുറിച്ച് ഇങ്ങനെ പറയുന്നതു കേള്‍ക്കുമ്പോഴായിരിക്കും നിങ്ങള്‍ക്ക് ആ വേദന മനസ്സിലാകുന്നത്.
ഞങ്ങളുടെ അച്ഛനെയും അമ്മയെയും ഞങ്ങള്‍ പൊന്നുപോലെയാണ് നോക്കിയിട്ടുള്ളതും ഇപ്പോള്‍ നോക്കുന്നതും. അവരെ എങ്ങനെ നോക്കണമെന്ന് ഞങ്ങളെ ആരും പഠിപ്പിച്ചുതരേണ്ട കാര്യമില്ല. ഇത്രയും കഷ്ടപ്പെട്ട് വിഡിയോ തപ്പിപ്പിടിച്ച് വ്യാജമായ കാര്യങ്ങള്‍ കണ്ടന്റ് ആക്കിയ യുട്യൂബര്‍ക്കെതിരെ ഞങ്ങള്‍ നിയമനടപടി സ്വീകരിക്കും. നിങ്ങളെപ്പോലെ തന്നെ സമാധാനമായി ജീവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്.
പിന്നെ പഴയ ബന്ധങ്ങളൊക്കെ കൂട്ടിക്കുഴച്ച് വാര്‍ത്തയുണ്ടാക്കുന്നതൊക്കെ ദയവുചെയ്ത് നിര്‍ത്തണം. എന്തുപറഞ്ഞാലും ഇതൊക്കെയെടുത്തിടുന്നത് നിര്‍ത്തണം. ഞങ്ങളുടെ ജീവിതംവച്ച് പരമാവധി കണ്ടന്റ് ഉണ്ടാക്കിക്കഴിഞ്ഞില്ലേ. ഇനിയും ഇവരെ എന്തുപറയും എന്നാലോചിച്ച് പുതുതായി ഓരോന്ന് കണ്ടുപിടിക്കുന്ന പ്രവണത നിര്‍ത്തണം.
അച്ഛന്റെ മരണത്തിന്റെ ആഘാതത്തിന്റെ ആഘാതത്തില്‍ നിന്ന് ഞങ്ങള്‍ കരകയറുന്നതേയൂള്ളൂ. ആ വിഷയം തന്നെയെടുത്ത് കുത്തിനോവിക്കുന്നത് ക്രൂരതയാണ്. ഇനിയിതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഞങ്ങളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി മറ്റാര്‍ക്കും വേണ്ട. ഈ വിഷയം ഇവിടെ അവസാനിപ്പിക്കണം. ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിടണം.'' എന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്.