Latest News

എല്ലാവർക്കും മാവേലി തമ്പുരാൻ തരുന്ന ഫ്ലൈയിങ് ക്വിസ് (നർമ്മലേഖനം)

Malayalilife
എല്ലാവർക്കും മാവേലി തമ്പുരാൻ തരുന്ന ഫ്ലൈയിങ് ക്വിസ് (നർമ്മലേഖനം)

 ഓണക്കാലത്ത് പതിവുപോലെ ഈ വർഷവും പ്രജാവൽസലനായ മാവേലി തമ്പുരാൻനാട്ടിലുംമറുനാട്ടിലുംഉള്ളപ്രജകളെ അത്യന്തം ആഹ്ലാദപൂർവ്വം, സ്നേഹമസ്രണമായി സന്ദർശിച്ചു കൊണ്ടിരിക്കുകയാണ്.മഹാബലി തമ്പുരാൻ അന്നത്തെ കേരളം എന്ന രാഷ്ട്രത്തിന്റെ ഭരണത്തലവൻ ആയിരുന്നു എന്നാണല്ലോ ഐതിഹ്യം.

അതിനാൽ മാവേലി മഹാരാജാവിന്റെ ഈ ഓണക്കാല യാത്രയിൽ ഒരല്പം രാഷ്ട്രീയത്തിന്റെ മേമ്പടിയും കലർത്തുന്നതിൽ ഒരുതരത്തിലും അനൗചിത്യം ഇല്ലല്ലോ? ഇപ്പോഴത്തെ കേരള സംസ്ഥാന ആസ്ഥാനമായ അനന്തപുരി അല്ലെങ്കിൽ തിരുവനന്തപുരത്തെ പാവങ്ങളുടെ ചേരിയാണ് മാവേലി തമ്പുരാൻ ആദ്യം സന്ദർശിച്ചത്. മാവേലിയുടെ ഭരണകാലത്ത് മനുഷ്യരെല്ലാം ഒന്നുപോലെയായിരുന്നു. എല്ലാവർക്കും കുടിക്കാനും തിന്നാനും ഉണ്ടായിരുന്നു. ഒരുതരത്തിലുള്ള സ്ഥിതി സമത്വം അവിടെല്ലാം കളിയാടിയിരുന്നു. ഇന്ന് കാലം മാറി കോലം മാറി. ധനവാനും ദരിദ്രനും തമ്മിലുള്ള വിടവ് പ്രതിദിനവും കൂടിക്കൊണ്ടിരിക്കുന്നു. അതിനാൽ നീതി നിഷ്ഠനും, ഏഴകളുടെ തോഴനുമായ മാവേലി ചക്രവർത്തി അവിടുത്തെ ദരിദ്രരുടെ കുടിലുകളാണ് ആദ്യം സന്ദർശിച്ചത്. ഓണമല്ലേ ഈ പാവങ്ങളുടെ ഇടയിൽ സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കിൽ തന്നെയും " കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് എന്ന് പറയുന്ന മാതിരി" അല്ലെങ്കിൽ "കാണം വിറ്റും ഓണം ഉണ്ണണം" ഒരുപക്ഷേ " കാണം" എന്ന വാക്കുകൊണ്ട് അത് ആദ്യം പറഞ്ഞയാൾ ഉദ്ദേശിച്ചത് " കോണകം" എന്നുതന്നെ ആയിരിക്കണം.

കാരണം മലയാള ഡിക്ഷണറി തപ്പിയിട്ടും "കാണ"മെന്ന വാക്കിന് ഒരർത്ഥവും കിട്ടിയില്ല. ദയവായി മലയാള ഭാഷാ പണ്ഡിതന്മാർ, മലയാളഭാഷ പോയിട്ട് ഒരു ഭാഷയിലും വിശാരതനല്ലാത്ത ഈ വ്യക്തിയെ, ഈ ലേഖകനെ ഈ വാക്കിന്റെ പേരിൽ കുരിശിലേറ്റരുത് എന്ന ഒരു അപേക്ഷയാണ് ഉള്ളത്. അതുപോലെ ഈ "കോണകം" എന്ന വാക്ക് ഒരിക്കലും ഒരു അശ്ലീലമായി കരുതരുത് എന്ന ഒരു അപേക്ഷ കൂടിയുണ്ട്. കാരണം നമ്മുടെ മുതു മുത്തപ്പന്മാരും മുത്തശ്ശികളും സർവ്വസാധാരണമായി അക്കാലത്ത് ഉപയോഗിച്ചിരുന്ന ഒരു അടിവസ്ത്രം അല്ലെങ്കിൽ ചിലരുടെ മേൽ വസ്ത്രം പോലും അതായിരുന്നല്ലോ? പോരാത്തതിന് ഇപ്പോഴും നമ്മുടെ ചില പൂജാരികളുടെ അടിവസ്ത്രം പോയിട്ട് മേൽ വസ്ത്രം കൂടെ അതുതന്നെയാണല്ലോ എന്ന വസ്തുത ബഹുമാനപൂർവ്വം ഓർമിപ്പിക്കുകയാണ് ഇവിടെ. അതിനെ ഇത്രയേറെ മഹത്തീകരിച്ച ഇവിടെ പറയാൻ കാരണം ആ അടിവസ്ത്രം പോലും വിറ്റ് പണമില്ലാത്ത പാവങ്ങൾ ഓണം ആഘോഷിക്കുന്ന അവരുടെ ഉത്സാഹത്തെ അല്ലെങ്കിൽ ശുഷ്കാന്തിയെ ഒന്നു പൊക്കി പ്രകടമാക്കാൻ വേണ്ടിയാണ്.

ഇപ്പോൾ രാജ്യം ഇല്ലാത്ത രാജാവ് ആണെങ്കിൽ തന്നെയും, ഒരു രാജാവിന് വേണ്ടതായ അന്നത്തെ വേഷഭൂഷാദികൾ, കിന്നരി തൊപ്പി, ആഭരണഭൂഷിതമായ മേലാട, മുൻ സൂചിപ്പിച്ച തിളങ്ങുന്ന, കീഴാട രാജ കോണകം അതിന്റെ മേലെ താറു പാച്ചിയ സുതാര്യമായ വെട്ടി തിളങ്ങുന്ന മൽമൽ മുണ്ട്. ഷേവ് ചെയ്ത് വാസനയുള്ള പൗഡർ ചാർത്തിയ കക്ഷം പ്രദർശിപ്പിച്ചുകൊണ്ട് അനുഗ്രഹത്തിന്റെ, ആശിർവാദത്തിന്റെ, അഭിവാദ്യത്തിന്റെ കൈകൾ ഉയർത്തിയും, ചില അവസരത്തിൽ കൈകൾ കൂപ്പിയും മഹാബലിയുടെ എഴുന്നള്ളത്ത് അല്ലെങ്കിൽ റോഡ് ഷോ ആരംഭിക്കുകയായി.

എന്നാൽ കഷ്ടം എന്ന് പറയട്ടെ, ഒരുവൻ റോഡ് ബ്ലോക്ക്, മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത് തടയപ്പെട്ടു. കാരണം അതുക്കും മേലെയുള്ള ഇപ്പോൾ കേരളം ഭരിക്കുന്ന ഒരു മഹാതമ്പുരാന്റെ, മുഖ്യമന്ത്രിയുടെ, ചക്രവർത്തി സമാനമായ എഴുന്നള്ളത്താണ്. മുഖ്യന്റെ സിമ്മിങ് പൂളിൽ ഉള്ള മുങ്ങിക്കുളിയും 56 ഐറ്റം കൂട്ടിയുള്ള ഓണ അമൃതേത്തും കഴിഞ്ഞ്" ഹ.. ഹ..എന്ത് സുഖമാണീ രാവ്..." നികുതി ദായകരുടെ പണം, വിയർപ്പ്, കാട്ടിലെതടിതേവരുടെ ആന വലിയടാ വലി" “ഈ ഓണക്കാലത്ത് പോലും, സ്വന്തം കോണകം വിറ്റു പോലും കഞ്ഞി കുടിക്കാൻ കഷ്ടപ്പെടുന്ന അനേകം ദരിദ്ര നാരായണന്മാരെയും നാരായണികളെയും വില കയറ്റത്തിന്റെയും നികുതികളുടെയും ദുരിതക്കയത്തിൽ ആക്കിക്കൊണ്ട് ഈ അഭിനവ രാജ ഭരണത്തിന്റെ പൊതു ധൂർത്ത് കണ്ടപ്പോൾ മഹാനായ മാവേലി ചക്രവർത്തി ഞെട്ടിത്തെറിച്ച് മൂക്കത്ത് വിരൽ വെച്ചുപോയി. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുമ്പിലും പിമ്പിലും അനേകം പൊലീസ് വാഹനങ്ങൾ ഇരമ്പിപ്പായുന്നു കൂടാതെ മുഖ്യമന്ത്രിയുടെ ചുറ്റും അംഗരക്ഷകരായ അനേകം പൊലീസ് എറാൻ മൂളികൾ ഓച്ഛാനിച്ച് ഓച്ഛാനിച്ച് മുഖ്യനെ കാറിൽ ഏറ്റുന്നു.

കാലം പോയ പോക്കേ? ഇന്നത്തെജനകീയനെന്ന് പറയപ്പെടുന്ന ഭരണ രാജാക്കന്മാർ അവരുടെ സുഖസൗകര്യങ്ങൾക്കായി മാത്രം രാജ്യഭരണം നടത്തുന്നു. എന്നാൽ താനോ? പ്രജകൾക്കായി മാത്രം ഭരണം നടത്തി. അവസാനം തന്റെ രാജ്യം പോലും വാമനനോ പ്രജകൾക്കോ വിട്ടുകൊടുത്തുകൊണ്ട് അങ്ങ് പാതാളത്തിലേക്ക് താമസം മാറ്റി ചവിട്ടി താഴ്‌ത്തപ്പെട്ടു എന്ന് പറയാം. അന്ന് കൊച്ചു വാമനൻ കാൽ പൊക്കി ശുഷ്കാന്തിയോടെ കേരള മണ്ണിനായി തന്റെ തലയിൽ ചവിട്ടാൻ ശുഷ്കാന്തി കാണിച്ചു കാലു പൊക്കിയപ്പോൾ വേണമെങ്കിൽ കൊച്ചു വാമനന്റെ കാലിൽ പിടിച്ച് അങ്ങ് വലിച്ചെറിഞ്ഞ് കേരള രാജ്യത്ത് അന്ന് വാഴാമായിരുന്നു. എന്നാൽ തന്റെ പ്രജകളുടെ മുമ്പിൽ വാക്കു പാലിക്കാൻ, സത്യം നീതി പാലിക്കപ്പെടാൻ വാമനനു തലവച്ചു കൊടുക്കുകയായിരുന്നു.എന്നാൽ ഇന്നത്തെ ഭരണാധികാരികൾ ഭരണ സിംഹാസനങ്ങളിൽ സ്ഥിരമായി കുത്തിയിരിക്കാൻ ശ്രമിക്കുന്നു.എന്നാൽ ഇന്ന്, ജനാധിപത്യം എന്ന സുന്ദര സംവിധാനം ഉള്ള ഇന്ന് ഭരണ കർത്താക്കളുടെ, ഭരണ രാജാക്കളുടെ തെറ്റുകൾ, അഴിമതികൾ, ധൂർത്ത്, കള്ളക്കടത്ത്, വെട്ടിപ്പ്, തട്ടിപ്പ്, സ്വജനപക്ഷപാതം മുതലായ തെറ്റുകൾ തെളിവുകൾ സഹിതം ചൂണ്ടിക്കാണിച്ചാൽ, അത് ചൂണ്ടിക്കാണിച്ച വ്യക്തിയെ, ഈഡിയെ, സിബിഐയെ, തുടങ്ങിയ സർവ്വത്ര പൊലീസ് മിഷനറിയെ വിട്ടു കള്ളക്കേസ് ചുമത്താനും, പീഡിപ്പിക്കാനും വാദിയെ പ്രതിയാക്കാനും കേന്ദ്ര ഭരണകൂടവും സ്റ്റേറ്റ് ഭരണകൂടവും ശ്രമിക്കുന്നതായി അറിഞ്ഞപ്പോൾ മാവേലി തമ്പുരാന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർത്തുള്ളി ധാരയായി ഒഴുകി. ഈ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന  ഈ യുഗത്തിൽ ജീവിക്കേണ്ടിവന്ന പാവംപ്രജകളെ ഓർത്ത് പഴയ തമ്പുരാൻ വിങ്ങി വിങ്ങി കരഞ്ഞു.

തന്നെ അനുകരിച്ചു കൊണ്ട്, തന്റെ പ്രതിരൂപങ്ങളായി മറ്റ് അനേകം സ്ത്രീപുരുഷന്മാരും കുട്ടികൾ പോലും മാവേലി തമ്പുരാന്റെ വേഷം കെട്ടി നാട്ടിലും പ്രവാസ നാട്ടിലും തന്നെ പ്രതിനിധാനം ചെയ്തു കണ്ടപ്പോൾ സാക്ഷാൽ ഒറിജിനൽ മാവേലി തമ്പുരാന് വളരെ സന്തോഷമായി. പാതാളത്തിൽ നിന്ന് എത്തിയ ഒറിജിനൽ മാവേലിയുടെ ഒപ്പം യാത്ര ചെയ്തു കൊണ്ട്, മാവേലിയുടെ സ്വന്തം ലേഖകൻ എന്നപോലെ ഒരു അല്പം നർമ്മത്തിൽ ചാലിച്ച് ഈ ഓണക്കാല യാത്രയുടെ ചില സംഭവപരമ്പരകൾ ശിഥിലമായി ഒരു വിഹഗ വീക്ഷണത്തിൽ രേഖപ്പെടുത്തുക മാത്രമാണ് ഇവിടെ.

പെട്ടെന്നാണ് എന്റെ, ഈ ലേഖകന്റെ സെൽഫോൺ അടിച്ചത്. നാട്ടിലെ ഓണത്തിന് മാറ്റുകൂട്ടാനും, അമേരിക്കൻ മലയാളികളെ കേരളത്തിലെ ഓണാഘോഷത്തിനും കേരളത്തിലെ ലോക കേരള ലോകസഭാ സമ്മേളനത്തിനുംപ്രതിനിധാനം ചെയ്യാനും അമേരിക്കയിലെ മെഗാ സംഘടനകളായ ഫൊക്കാനാ, ഫോമാ, വേൾഡ് മലയാളി ചില ചോട്ടാ ബഡാ നേതാക്കന്മാരുംനേത്രിമാരുംകേരള ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലേക്ക് കുതിച്ചിട്ടുണ്ടെന്ന് ആയിരുന്നു ആ ആ ടെലിഫോൺ സന്ദേശം. അവരുടെയൊക്കെ ഉന്നം പതിവുപോലെ ചില മന്ത്രി പുങ്കൻന്മാരുടെയും, സിനിമ സീരിയൽ നടിനടന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒക്കെ ഒപ്പം നിന്ന് കുറച്ചു ഫോട്ടോകൾ എടുത്തു പത്ര മാധ്യമങ്ങളിൽ കൊടുത്തു സായൂജ്യമടയുക സന്തോഷിക്കുക മാത്രമാണെന്ന് ആർക്കാണ് അറിയാത്തത്.നാട്ടിലെ ഈ വിലപിടിപ്പുള്ള കഥാപാത്രങ്ങൾ അമേരിക്കയിൽ എത്തുമ്പോഴും അവരെ പൊക്കിയെടുത്ത് തോളിൽ വച്ച് സ്വീകരണ വേദികളിൽ ഇരുത്തി നല്ല വാക്ക് പറഞ്ഞ് ചൊറിഞ്ഞു പൊക്കുക. അതിന്റെയൊക്കെ ഫോട്ടോകൾ മാധ്യമങ്ങളിൽ വാർത്താസഹിതം പൊലിപ്പിച്ചു എഴുതി പ്രദർശിപ്പിക്കുക എന്നതൊക്കെയാണ് മിക്കവാറും മെഗാ സംഘടനക്കാരുടെയും, മറ്റ് തട്ടിക്കൂട്ട് പേപ്പർ സംഘടനക്കാരുടെയും മുഖ്യ അജണ്ട എന്ന് പൊതുജനം പറയുന്നതിൽ കഴമ്പില്ലേ?

ഇപ്പോൾ മാവേലി തമ്പുരാൻ തൃപ്പൂണിത്തുറയിലെ ഒരു കണ്ടൻ ഇടവഴിയിൽ ആണ്. തമ്പുരാൻ വെളുപ്പിന് ഇറങ്ങിയതാണ്. ഒരല്പം ദാഹവും പരവേശവും ഉണ്ട്. വഴിയിൽ കണ്ട കിട്ടുണ്ണിയുടെ പഴയ രീതിയിലുള്ള ഹോട്ടൽ ടിഷോപ്പിലേക്ക് തമ്പുരാൻ കയറി കുത്തിയിരുന്നു. "കടുപ്പത്തിൽ ഒരു ചായ" പിന്നെ കടിക്കാൻ വല്ലതും ഉണ്ടോ? തമ്പുരാൻ ചോദിച്ചു? നല്ല ചായ തരാം തിരുമേനി പക്ഷേ കടിക്കാൻ ഇവിടെ ഒന്നുമില്ല. കഴിക്കാൻ ആണെങ്കിൽ പുട്ട് കടല ഊത്തപ്പം ഇടിയപ്പം മസാല ദോശ ഒക്കെ ഉണ്ട്. അടുത്ത ബെഞ്ചിൽ ഇരുന്ന രണ്ടു രസികൻ പിള്ളേർപാർട്ടി മാവേലിത്തമ്പുരാനെ ഒന്ന് കളിയാക്കി കൊണ്ട് പറഞ്ഞു. " കടി കൊടുക്കാനാണോ, കടി മേടിക്കാൻ ആണോ പ്ലാൻ? പയ്യന്മാരോട് മാവേലി ഒരു മറുപടിയും പറഞ്ഞില്ല. ഒന്ന് ചിരിക്കുക മാത്രം ചെയ്തു. മാവേലി പുറത്തേക്ക് ഇറങ്ങി. റോഡിന് ഇരുവശവും മാലിന്യ കൂമ്പാരങ്ങൾ ആണ്. പെട്ടെന്നാണ് മാലിന്യ കൂമ്പാരത്തിനിടയിൽ നിന്ന് ഒരു പട്ടി കുരച്ചുകൊണ്ട് മാവേലിയുടെ മുന്നിലേക്ക് ചാടിയത്. പട്ടിയുടെ കടി മേടിക്കാതിരിക്കാൻ തമ്പുരാൻ ഓടി. ആ ഓട്ടത്തിനിടയിൽ തമ്പുരാൻ റോഡിലെ കുണ്ടിലും കുഴിയിലും വീണു. ഓട്ടത്തിനിടയിൽ തമ്പുരാന്റെകീഴ് മേലാട കല്ലിൽ ഉടക്കി പറിഞ്ഞുപോയി. ഒറ്റ കൗപീന ശീലയിൽ കണ്ട തമ്പുരാനെ നോക്കി മുൻ സൂചിപ്പിച്ച സ്ഥലത്തെ പ്രധാന പയ്യൻസ് ആർത്ത് ചിരിച്ചു കൊണ്ട് പറഞ്ഞു. " പേപ്പട്ടിയാ" ഇപ്പോ കടി കിട്ടിയോ? തമ്പുരാന് ദേഷ്യം വന്നു. പേപ്പട്ടി കടിക്കുന്നത് "ഫ്രീ" ആയിട്ടല്ലേ? ഞാനൊന്നും പട്ടിക്കു "പേ" ചെയ്തിട്ടില്ല. പിന്നെന്തിന് ആ പാവം പട്ടിയെ പേപ്പട്ടി എന്ന് വിളിക്കുന്നു? അർത്ഥം മനസ്സിലാക്കിയ പിള്ളേര് പാർട്ടി ലജ്ജിച്ചു തലതാഴ്‌ത്തി.

കാലത്തിന്റെ മാറ്റം അനുസരിച്ച് ഓരോ വർഷവും മാവേലിയുടെ വരവേൽപ്പും, ആഹാര നിഹാര രീതികളും, ഓണസദ്യയുടെ, ഓണകലാപരിപാടികളുടെ മണവും ഗുണവും, ചിലയിടങ്ങളിൽ ഓണകലാ പരിപാടികൾ, ഓണകലാപ പരിപാടികളായി മാറിക്കൊണ്ടിരിക്കുന്നതും മാവേലി മന്നന്റെ ശ്രദ്ധയിൽപ്പെട്ടുകൊണ്ടിരിക്കുകയാണ്.

വർഷത്തിലൊരിക്കൽ ആണെങ്കിലും തന്റെ പ്രിയപ്പെട്ട പ്രജകളെ കാണുമ്പോൾ അത്യന്തം സ്നേഹപുരസരം വാത്സല്യത്തോടെ പ്രജകളുടെ ചുണ്ടുകളിൽ ആവുന്നത്ര ചുടുചുംബനങ്ങൾ അർപ്പിച്ചുകൊണ്ട് മാവേലി തമ്പുരാൻ എഴുന്നള്ളുകയാണ്. ചിലയിടങ്ങളിൽ ആവേശത്തിമിർപ്പിൽ കോൾ മൈർ കൊണ്ട് തന്റെ പ്രജകളുടെ മേൽ മാവേലി തമ്പുരാൻ ചുംബനങ്ങളുടെ ഒരു പുഷ്പിതമായ പെരുമഴ തന്നെ സൃഷ്ടിക്കാറുണ്ട്. ചന്തമുള്ള കൊച്ചുകുട്ടികളെയും പെൺമണികളെയും പിടിച്ചു ചേർത്തു നിർത്തി ശീൽക്കാര ചുംബനം പോലും കൊടുക്കാൻ നമ്മുടെ മഹാനായ ഈ ചക്രവർത്തി മറക്കാറില്ല. എല്ലാം വളരെ പോസിറ്റീവായ സെൻസിൽ മാത്രം എടുത്താൽ മതി കേട്ടോ?

പിടിച്ചുനിർത്തി ചുംബിക്കാൻ പറ്റാത്ത ആയിരക്കണക്കിന് പ്രജകളെ ഫ്ലൈയിങ് കിസ്സ്, പറക്കും ചുംബനങ്ങൾ അല്ലെങ്കിൽ അന്തരീക്ഷ ആകാശ ചുംബനങ്ങൾ കൊണ്ടുംകൊടുത്തും താലപ്പൊലിയെന്തിയ സുന്ദരികളായ മഹിളാമണികളാൽ ചുറ്റപ്പെട്ടു ചെണ്ടമേള വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മാവേലി മന്നൻ സുസ്മേര വദനനായി എഴുന്നള്ളുമ്പോൾ, മന്നന്റെ സ്വന്തം മനസ്സിൽ ഒരു ഉരുൾപൊട്ടൽ. അടുത്തകാലത്ത് ഇന്ത്യൻ പാർലമെൻറിൽ ഒരു ചെറുപ്പക്കാരനായ എംപി, പാർലമെൻറ് അംഗങ്ങൾക്കും മറ്റെല്ലാവർക്കും ആയി ഒരു ചുടുചുംബന ഫ്ലൈയിങ് കിസ്സ് തൊടുത്തുവിട്ടു. അടുത്തകാലത്ത് കത്തിച്ചുവിട്ട ചന്ദ്രയാനേക്കാളും കൂടുതൽ വാർത്ത പ്രാധാന്യവും പൊല്ലാപ്പും കേസും വയ്യാവേലിയും ചെറുപ്പക്കാരനായ ഈ പാർലമെൻറ് മെമ്പറുടെ മേൽ ഉണ്ടായി. കാരണം മധ്യവയസ്കയായ ഒരു ഭരണപക്ഷ മന്ത്രിണിയുടെ നെഞ്ചിലും, ചെഞ്ചുണ്ടിലും തൊടുത്തു വിട്ട ആ ഫ്ലയിങ് ക്വിസിന്റെ അണു പ്രസരണവും മറ്റും അതിശക്തിയായി നിപതിച്ചുവെത്രെ. അതിനാൽ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് തുടങ്ങിയ വകുപ്പിൽ കേസെടുക്കണം എന്നായി ആ വനിതാ മന്ത്രി. പാർലമെന്റിൽ അപ്പോൾ കുത്തിയിരുന്ന മറ്റാരുടെ ചുണ്ടിലും ശരീരത്തിലും അന്തരീക്ഷത്തിലൂടെയാണെങ്കിലും പടർന്ന് കയറിപ്പിടിക്കേണ്ട ആ ഫ്ലൈയിങ്ചുംബനബോംബ് ഈ മന്ത്രി കൊച്ചമ്മയുടെ ചുണ്ടിലും ദേഹത്തും മാത്രം കയറിപറ്റി ഒട്ടിപ്പിടിക്കണമെങ്കിൽഅവർക്ക് മാത്രം എന്തെങ്കിലും മാസ്മരികത ഉണ്ടായിരിക്കണം. ഈ വാർത്ത കേട്ട് അറിഞ്ഞിട്ട് ആകണം നമ്മുടെ മാവേലി ചക്രവർത്തിയുടെ മനസ്സിലും ഭയത്തിന്റെ ഒരു ഉരുൾപൊട്ടൽ ഉണ്ടാകാൻ കാരണം. തന്റെ പ്രജകൾക്ക് നൽകുന്ന ഈ ആകാശ ചുംബനത്തിന്റെ പേരിൽ ഇപ്പോഴത്തെ ഗവൺമെൻറ്, തന്റെ പേരിൽ കേസെടുത്ത്, അന്ന് വാമനൻ ചെയ്ത പോലെ പാതാളത്തിലേക്ക് മാത്രമല്ല നരകത്തിന്റെ തന്നെ അടിത്തട്ടിലേക്ക് ചവിട്ടി താഴ്‌ത്തുമോ എന്ന് മാവേലി തമ്പുരാൻ ശങ്കിച്ചു പോയി.

എന്തും വന്നാൽ വരട്ടെ ആവേശഭരിതനായ മാവേലി തമ്പുരാൻ പ്രജകൾക്ക് പറക്കും ചുംബനങ്ങൾ നൽകിയും, പ്രജകൾ തരുന്ന നിരവധി ആകാശ പറക്കും ചുംബനങ്ങൾ ഏറ്റുവാങ്ങിയും ' ഒരുവട്ടം കൂടി എന്നോർമ്മകൾ മേയുന്ന... ആ ദേശീയർ എവിടെയുണ്ടെങ്കിലും ... അവിടെല്ലാം പൂത്ത ചുടുചുംബനങ്ങൾ അർപ്പിക്കും ഞാൻ" എന്ന കവിത ശകലം മനസ്സിൽ ഓർത്തുകൊണ്ട്, "വല്ലഭന് പുല്ലും ആയുധം" എന്ന മട്ടിൽ ധൈര്യം അവലംബിച്ചുകൊണ്ട്, കുറെ കൊല്ലങ്ങൾക്കു മുമ്പ് കേരളത്തിലെ കൊച്ചിയിൽ നടന്ന ചുംബന സമരത്തെ പോലും അനുസ്മരിച്ചുകൊണ്ട് അനേകായിരം മധുരമുള്ള ഫ്ലയിങ് കിസ്സ് തലങ്ങും വിലങ്ങും ഒളിഞ്ഞും തെളിഞ്ഞും എവിടെല്ലാം തന്റെ പ്രജകളെ കണ്ടോ അങ്ങോട്ട് എല്ലാം തുരുതുരെ തൊടുത്തു വിട്ടു.

തൃപ്പൂണിത്തുറയിലെ പട്ടികടിയിൽ നിന്ന് രക്ഷപ്പെട്ട മാവേലി തമ്പുരാൻ തൃപ്പൂണിത്തുറ മെയിൻ തെരുവിലെത്തിയപ്പോൾ ജനലക്ഷങ്ങൾ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച വേദിയിലേക്ക് കൊട്ടും കുരവയും ആയി സ്വാഗതം ചെയ്തു. അവിടത്തെ ഗംഭീരമായ ഓണാഘോഷങ്ങൾക്കുശേഷം അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് ആണ് മാവേലി പുറപ്പെട്ടത്. ഈ പുഷ്പക വിമാനം എന്നൊക്കെ ഉള്ളത് വെറും മിത്തായാലും, നത്തായാലും ശരി പുഷ്പക വിമാനത്തിൽ, സ്വയം പൈലറ്റ് ആയി ന്യൂയോർക്കിലെ എന്റർടൈന്മെന്റ് സ്പോട്ട് ആയ ടൈം സ്ക്വയറിൽ മാവേലി മന്നൻ വന്നിറങ്ങി. അവിടെയാണല്ലോ മൂന്നു മാസങ്ങൾക്കു മുൻപ് പെർഫോം ചെയ്യാനായി കേരളത്തിലെ ജനകീയ മന്നനും വന്നിറങ്ങിയത്. മാവേലി മന്നന്റെ മുമ്പിൽ മലയാളി മങ്കമാർ തിരുവാതിര നൃത്തം ആടി തകർത്തു. ചെറുപ്പക്കാരുടെ ചെണ്ടമേളം, പുലികളി കടുവാകളി മറ്റു ആദ്യവാസി ആധുനികവാസി നൃത്തങ്ങൾ, ചുവടുവെപ്പുകൾ ടൈം സ്ക്വയറിലെ മലയാളികളെ മാത്രമല്ലഅവിടെ കൂടിയ ലോക ജനതയെ തന്നെ ത്രസിപ്പിച്ചു. കടുവാ കളിയിലെ കടുവ ചാടി ചാടി നൃത്തം ചെയ്ത് മടുത്തപ്പോൾ, കടുവ ഔട്ട്‌ ഫിറ്റിനുള്ളിൽ ശ്വാസംമുട്ടിയ മനുഷ്യ കടുവ, തന്നെ വെടിവെക്കാൻ ഏറ്റിരുന്ന കടുവ വെടിക്കാരന്റെ തോക്ക് ബലമായി പിടിച്ച് വാങ്ങി വെടിക്കാരനെ തന്നെ വെടിവെച്ച് വീഴ്‌ത്തിയതും ഒരു സംഭവവുമായി മാറി. പബ്ലിസിറ്റി ആഗ്രഹിച്ച സംഘടന നേതാക്കന്മാരും മറ്റു പൊതു ജനങ്ങളും അനേകം ക്യാമറ വീഡിയോ കണ്ണുകളിലൂടെ രംഗങ്ങൾ പകർത്തി അത് സോഷ്യൽ മീഡിയയിലും മറ്റു പൊതു മീഡിയയിലും തൽസമയം പ്രക്ഷേപണം ചെയ്തു.

പിന്നങ്ങോട്ട് അമേരിക്കയിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ വേദികളിൽ ഓണാഘോഷങ്ങൾക്ക് തിരി തെളിഞ്ഞുകൊണ്ടേയിരിക്കുന്നു. "ചക്കരപ്പന്തലിൽ തേന്മഴ ചൊരിയും... ചക്രവർത്തിക്കുമാരാ .. എന്ന പാടി പതിഞ്ഞ ഹൃദയ ഗാനാലാപം ഓർമ്മിക്കുമാറ് മാവേലി തമ്പുരാൻ മലയാളി ഹൃദയങ്ങളെ കോരിത്തരിപ്പിച്ചു കീഴടക്കിക്കൊണ്ട് ഓണക്കാല ജൈത്രയാത്ര തുടരുകയാണ്.ഓണാഘോഷങ്ങൾ ഇനിയും അമേരിക്കയിൽ ഒരു മാസം കൂടി നീണ്ടുനിൽക്കും. ഇവിടത്തെ ചില മുഖ്യ ഓണ ആഘോഷ വേദിക്കും പരിസരത്തിനും അപ്പുറം പാർക്കിങ് ലോട്ടിലേ കാറുകളുടെ ഡിക്കിക്കു സമീപം അല്പം തലയ്ക്ക് മാധുര്യമുള്ള കിക്ക് തരുന്ന മദ്യ ലഹരി ഊറ്റിക്കുടി സദ്യയും ഇവിടങ്ങളുടെ പരിപാടിയിലെ ഒരു രഹസ്യ അജണ്ടയാണ്. അതിനെ ചിലർ ഓണത്തിനിടയിലെ പൂട്ടുകച്ചവടം എന്നും, മറ്റു ചിലർ ഓരോരുത്തരുടെയും അച്ചി വീട്ടിലെ ഒരു പ്രത്യേക ഓണം എന്നും പറയാറുണ്ട്. ചില അവസരങ്ങളിൽ അവിടെയും ഓണത്തല്ലും ഓണതെറിയും അരങ്ങേറാവുണ്ട്. ചിലയിടങ്ങളിൽ മാവേലി തമ്പുരാനും ഒരല്പം മോന്തിയിട്ട് അവിടെയും പോയി ഇടപെടാറുണ്ട്.

ഇനി അവിടങ്ങളിലെ ചില മെയിൻ സ്റ്റേജ് ഓണപരിപാടികളിലേക്ക് പോയാൽ പലയിടത്തും ഓണത്തിന്റെ മഹത്തായ തത്വവും, ഒരുമയും, സാരാംശവും മനസ്സിലാക്കാൻ കഴിയാത്ത അല്ലെങ്കിൽ അത് ഉൾക്കൊള്ളാൻ സാധിക്കാത്ത വിവിധ മത മേലധ്യക്ഷന്മാരും, സിറ്റി ടൗൺ രാഷ്ട്രീയക്കാരും ഓണാഘോഷങ്ങളുടെ തിരി തെളിയിക്കുന്നത് കാണാം, അവരുടെയൊക്കെ പതിവുമാതിരിയുള്ള സമയം കൊല്ലി ബോറടി പ്രസംഗങ്ങളും ഗത്യന്തരമില്ലാതെ ജനങ്ങൾ സഹിക്കുന്നത് കണ്ടിട്ടുണ്ട്. അവിടെക്കേറി പല പണക്കാരും ഭാരവാഹികളുടെ ശില്ബന്തികളും, പലകങ്ങളും പൊന്നാടകളും വാങ്ങുന്നതിനെയും ജനങ്ങൾ കയ്യടിക്കേണ്ടി വരുന്നു. പല ബഹുമതികൾക്കും അർഹതപ്പെട്ടവർ കഴിവുള്ളവർ ഏറ്റവും പിറകിലേക്ക് തള്ളപ്പെടുന്നതും മഹാബലി അടക്കം പൊതുജനങ്ങളും ശ്രദ്ധിക്കുന്നുണ്ടാകാം. " അങ്ങനെ അവിടെയും മാവേലി നാടുവാണിടും കാലം മനുഷ്യരെല്ലാരും ഒന്നുപോലെ" എന്ന ഓണത്തിന്റെ ആ മഹാ സന്ദേശവും ഓണാഘോഷങ്ങൾക്കിടയിലും ലംഘിക്കപ്പെടുന്നത് കാണാം.

നാട്ടിലാണെങ്കിലും അമേരിക്കയിൽ ആണെങ്കിലും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക അഴിമതികളെ പറ്റിയോ, മൂല്യച്വതിയെ പറ്റിയോ പ്രതികരിക്കാൻ എഴുത്തുകാരോ സാംസ്കാരിക നായകന്മാരോ തയ്യാറാകാത്തതിൽ മാവേലി തമ്പുരാന് വിഷമമുണ്ട്. ഈ സാംസ്കാരിക നായകർ ന്യായത്തിനു വേണ്ടി പ്രതികരിച്ചാൽ ഒരുപക്ഷേ അവർക്കെതിരെ കേസെടുക്കപ്പെടും അല്ലെങ്കിൽ അവർ എല്ലാ രംഗത്തും നിന്നും തള്ളപ്പെടും എന്ന ഭയത്താൽ

അവർ പ്രതികരിക്കുന്നില്ല അല്ലെങ്കിൽ അവർ മലക്കം മറിഞ്ഞ് അന്യായം പ്രവർത്തിക്കുന്നവർക്ക് ഒപ്പം നിൽക്കുന്നു. അതാണിപ്പോൾ കണ്ടുവരുന്നതെന്ന് മാവേലി തമ്പുരാൻ ഈ ലേഖകനോട് പറഞ്ഞു. തന്റെ നാടും നാട്ടാരും എവിടെയാണെങ്കിലും സമ്പൽസമൃദ്ധിയോടെ നീതി നിഷ്ഠയോടെ സന്തോഷാത്മകമായി ജീവിക്കട്ടെ... ആ നല്ല നാളുകൾ എന്നെങ്കിലും കൈവരട്ടെ എന്ന ശുഭാപ്തി ആശംസകൾ അർപ്പിച്ചു കൊണ്ടാണ് ഓരോ ഓണ ആഘോഷവേദികളിൽ നിന്നും മാവേലി തമ്പുരാൻ വിട പറയുന്നത്.

പിന്നെ ഓരോ ജാതി മത ആരാധനാലയങ്ങൾ, അതേ രീതിയിലുള്ളതോ, അത്തരത്തിലുള്ള പോഷക സംഘടനകളോ, അത്തരത്തിലുള്ള പേരും വെച്ച് സാമൂഹ്യ സംഘടനകൾ എന്ന് മുദ്ര ചാർത്തിയവ പോലും പ്രത്യേകമായി ഓണം കൊണ്ടാടുന്നതിൽ ഒരു സാങ്കഥ്യവുമില്ല. അത്തരം വേറിട്ട ഇടുങ്ങിയ സംഘടനകൾക്കുള്ളതല്ലാ ഓണം. ഓണം എല്ലാ മലയാളികളുടെയും സ്വന്തമാണ്. ഓണം ഒരുമയുടേതാണ്. പരമ്പരാഗതമായി ഓണം ഹിന്ദുവിന്റേതാണ് എന്ന് പറയുന്നതിൽ ഒരു നേരുമില്ല സത്യവും ഇല്ല. അത് ആർക്കും ഒരു മതത്തിന് മാത്രമായി ഹൈജാക്ക് ചെയ്ത് പോകേണ്ട ഒന്നല്ല. ഓണം ഏതെങ്കിലും ഒരു മതത്തിന്റെ സ്വന്തമാണ് എന്ന് പറയുന്നതും അതിനെ ചുറ്റിപ്പറ്റി മെനഞ്ഞെടുത്ത കഥകളുമാണ് മിത്ത്.. ആരോടും ഇതിനെപ്പറ്റി തർക്കിക്കാനും താനില്ല എന്ന് മാവേലി തമ്പുരാൻ പുഞ്ചിരിയോടെ വ്യക്തമാക്കി.

ഒരിക്കൽകൂടെ ഓണം മനുഷ്യരുടെതുമാണ്. അത് ഒരുമയുടേതാണ് മഹാബലി തമ്പുരാൻ അർത്ഥശങ്കക്കു ഇടം ഇല്ലാത്ത വിധം തറപ്പിച്ചു പറഞ്ഞു. എല്ലാം മനുഷ്യരും സഹോദരി സഹോദരങ്ങളാണ്. എല്ലാവരും ഈശ്വര സൃഷ്ടികളായതിനാൽ എല്ലാവരിലും ഈശ്വരാംശമുണ്ട്. നിരീശ്വരനിലും ഈശ്വരാംശമുണ്ട്. മാവേലി തമ്പുരാൻ പറഞ്ഞു നിർത്തി. എന്നാൽ അമേരിക്കൻ മലയാളികളുടെ, സാമൂഹ്യ സംഘടനകൾ സംഘടിപ്പിക്കുന്ന അവസാനത്തെ ഓണവും ആഘോഷിച്ചിട്ട് മാത്രമേ ഇപ്രാവശ്യവും തമ്പുരാൻ തിരിച്ചു പോകുകയുള്ളൂ. കൂട്ടത്തിൽ അവിടെ കൂടിയിരിക്കുന്ന എല്ലാ സന്മനസ്സുള്ളവർക്കും ഒരു ഫ്ലയിങ് കിസ്സ്, ഒരു അന്തരീക്ഷ ചുംബനം, ഒരു ആകാശ ചുംബനം നൽകിയിട്ട് തന്റെ പുഷ്പക വിമാനത്തിലേക്ക് തമ്പുരാൻ മെല്ലെ കാലെടുത്തുവെച്ചു. ഈ ലേഖകനും കൈവീശി ഒരു “ഫ്ലയിങ് കിസ്സ്” മാവേലി തമ്പുരാന് നൽകി മടങ്ങുമ്പോൾ, വേർപാടിന്റെ ദുഃഖഭാരത്താൽ കണ്ണുകൾ നനഞ്ഞു പോയി.

onam article by AC George

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES