കവന്‍ട്രി: കോവിഡിന്റെ ദുരിതകാലം മറക്കാന്‍ കഴിയാത്ത ഒരു തലമുറയായിട്ടാകും ഇന്ന് ജീവിച്ചിരിക്കുന്നവരെ വരും കാലം രേഖപ്പെടുത്തുക. ഇപ്പോഴും കോവിഡ് സൃഷ്ടിച്ച മുറിവ് വേദനയായി ലോകം അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴും നാളെയെന്ന പ്രതീക്ഷകള്‍ മുന്നില്‍ ഉണ്ടെന്ന തിരിച്ചറിവിലാണ് മരണം മുന്നില്‍ താണ്ഡവ നൃത്തമാടിയ ദുരിത നാളുകളെ ഓരോരുത്തരും ഓര്‍ത്തെടുക്കുന്നത്. കോവിഡ് ഒരു മഹാമാരിയായി ലോകമെങ്ങും കത്തിക്കയറിയപ്പോള്‍ അതിന്റെ ആദ്യ തീനാളങ്ങള്‍ അനുഭവിക്കേണ്ടി വന്ന യൂറോപ്പിനും അമേരിക്കയ്ക്കും ഒക്കെ വേദനയുടെ ആഴവും ഏറെയാണ്. കോവിഡിനെ ആദ്യം കൈകാര്യം ചെയ്തവര്‍ക്ക് തന്നെയാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ജനങ്ങളെക്കാള്‍ മാനസികവും ശാരീരികവും ആയ കഷ്ടനഷ്ടങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വന്നതും.
ഇക്കൂട്ടത്തില്‍ മറ്റാരും അനുഭവിച്ചതിന്റെ പല മടങ്ങു ദുരിതമാണ് ലോക പ്രവാസി മലയാളി സമൂഹത്തിനു നേരിടേണ്ടി വന്നത്. അതിലും കുടുംബവുമായി പരസ്പരം ആശ്വസിപ്പിക്കാനും വേദന പങ്കിടാനും സാധിക്കുന്നവരില്‍ നിന്നും എത്രയോ ഭീകരമായ അനുഭവമായിരിക്കും ഒറ്റയ്ക്ക് ആരോടും മിണ്ടാനും പറയാനും ഇല്ലാത്ത പ്രവാസി വിദ്യാര്‍ത്ഥി സമൂഹം നേരിടേണ്ടി വന്നിരിക്കുക. അത്തരം അനുഭവ കഥകള്‍ ലോകം അധികം കേട്ടിട്ടില്ല. അല്ലെങ്കില്‍ അതൊന്നും കേള്‍ക്കാന്‍ ഉള്ള മാനസികാവസ്ഥയിലേക്ക് ലോകം ഇപ്പോഴും മടങ്ങിയെത്തിയിട്ടില്ല എന്നും പറയേണ്ടി വരും.
എന്നാല്‍ അത്തരം ഭയാനക അനുഭവത്തിലൂടെ കടന്നു പോയ ഒരു മലയാളി പെണ്‍കുട്ടി കഴിഞ്ഞ ദിവസം പങ്കുവച്ച വെറും ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു യാത്രാ വീഡിയോ കോവിഡില്‍ നിന്നും ജീവന്‍ തിരിച്ചു പിടിച്ചു പ്രിയപ്പെട്ടവരെ കാണാന്‍ എത്തുമ്പോഴുള്ള മുഴുവന്‍ സന്തോഷവുമാണ് കാഴ്ചക്കാരില്‍ പങ്കിടുന്നത്. ലണ്ടനില്‍ വിദ്യാര്‍ത്ഥിനിയും മുന്‍ മിസ് കേരള ഫൈനലിസ്റ്റും ആയ ക്രിസ്റ്റി വര്‍ഗീസ് ആണ് കോവിഡില്‍ നിന്നും ഉള്ള മോചനമാണ് ജീവിതം എന്ന സന്ദേശം നല്‍കുന്ന വീഡിയോ ദൃശ്യം ചിത്രീകരിച്ചു പ്രിയപ്പെട്ടവര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
നീണ്ട മൂന്ന് വര്‍ഷങ്ങള്‍, അതില്‍ കോവിഡിനൊപ്പം ഒന്നര വര്‍ഷവും
വീട്ടുകാരുടെ പ്രിയ മകളായി സന്തോഷവും സ്നേഹവും അനുഭവിച്ചു വളര്‍ന്ന ക്രിസ്റ്റി മൂന്നു വര്‍ഷം മുന്‍പാണ് ലണ്ടനില്‍ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജിയില്‍ മാസ്റ്റേഴ്സ് ചെയ്യാന്‍ എത്തുന്നത്. അതിനു മുന്‍പ് ബാംഗ്ലൂരില്‍ അഞ്ചു വര്ഷം സോഫ്ട്വെയര്‍ എന്‍ജിനിയര്‍ ആയി ജോലി ചെയ്തിട്ടുള്ള ക്രിസ്റ്റീന രണ്ടാം മാസ്റ്റേഴ്സിന് ലണ്ടന്‍ തിരഞ്ഞെടുക്കാന്‍ കാരണം ജീവിതത്തെ ലോകത്തിന്റെ കണ്ണില്‍ വീക്ഷിക്കണം എന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.
ലണ്ടനിലെ വിദ്യാര്‍ത്ഥി ജീവിതം കുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടല്‍ ആയി വിഷമിച്ചിരിക്കവെയാണ് അഗ്നിപാതം പോലെ കോവിഡ് എത്തുന്നത്. രാജ്യം ഒന്നാകെയല്ല ലോകം മുഴുവനായി അടച്ചിടുന്ന സാഹചര്യത്തില്‍ മകള്‍ കണ്ണെത്താ ദൂരത്തു ഒറ്റപ്പെട്ടു പോയതിന്റെ ആധിയും വ്യാധിയും എല്ലാം മറ്റു മാതാപിതാക്കളെ പോലെ ക്രിസ്റ്റീനയുടെ രക്ഷിതാക്കള്‍ക്കും ഉണ്ടായത് അത്ഭുതമല്ല. എന്നാല്‍ ക്രിസ്റ്റീനയുടെ കാര്യം കുറച്ചു കൂടി പ്രയാസകരമായിരുന്നു. താന്‍ നേരിടുന്ന മാനസിക വെല്ലുവിളി അടക്കം വീട്ടുകാരെ അറിയിക്കാതെ വിളിക്കുമ്പോള്‍ സന്തോഷം അഭിനയിച്ചു കാണിക്കുകയും വേണം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ലണ്ടന്‍ നഗരത്തില്‍ സൈറണ്‍ വിളിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ആംബുലന്‍സുകള്‍ അല്ലാതെ മറ്റൊരു കാഴ്ചയും ആരും കണ്ടിട്ടില്ലാത്തതു ആരും കൂടെയില്ലാത്ത ക്രിസ്റ്റീനയ്ക്ക് അടുത്ത് നിന്ന് കാണേണ്ടി വന്ന അവസ്ഥ വാക്കുകളില്‍ ഒതുക്കാനാകില്ല. എങ്ങും എവിടെയും മരണത്തിന്റെ മണമുള്ള കാറ്റാണ് യുകെ മലയാളികളെ തേടിയെത്തിയതെങ്കില്‍ ലണ്ടന്‍ നഗരത്തില്‍ ആരോടും മിണ്ടാനും പറയാനും ഇല്ലാതായി പോയ അനേകായിരം വിദ്യാര്‍ത്ഥികളില്‍ ഒരാളായി മാറിയതിന്റെ വേദന നിറഞ്ഞ ഓര്‍മ്മകള്‍ ആവോളം ക്രിസ്റ്റിയുടെ മനസിലുമുണ്ട്.
അന്യ നാട്ടുകാരായ കൂട്ടുകാരികള്‍ ഒപ്പം ഉണ്ടായതു മാത്രമാണ് ഏക ആശ്വാസമായി ഇപ്പോള്‍ തോന്നുന്നത്. എങ്കിലും പിടിച്ചു നില്‍ക്കാനായി കണ്ടെത്തിയ ബേക്കറിയിലെ താത്കാലിക ജോലി കളയാതെ നോക്കാന്‍ ലോക് ഡൗണ്‍ കാലത്തു പോലും നടന്നു പോയും ധീരത കാട്ടിയ ക്രിസ്റ്റീന അന്ന് കോവിഡ് പിടിച്ചു മരിച്ചു പോകുമോ എന്ന് മനഃപൂര്‍വം ചിന്തിച്ചില്ല എന്നതാണ് സത്യം. കാരണം അങ്ങനെ ചിന്തിച്ചാല്‍ താമസ സ്ഥലത്തു നിന്നും പുറത്തിറങ്ങാന്‍ ഉള്ള ധൈര്യം പോലും കിട്ടുമായിരുന്നില്ല.
ലണ്ടനിലെ മഹാമാരിക്കാലം, അതങ്ങനെ മറന്നു കളയാനുള്ളതല്ല
ലണ്ടനില്‍ ഒരു മലയാളി വിദ്യാര്‍ത്ഥി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ നാട്ടില്‍ നമ്മളെ അറിയുന്നവര്‍ക്കു പോലും മനസിലാക്കണം എന്നില്ല. ഒരേ സമയം വിദ്യാര്‍ത്ഥിയായും അതേസമയം തന്നെ തൊഴിലാളി ആയും ഉള്ള ജീവിതം അത്തരം ഒരു സാഹചര്യം കണ്ടിട്ടില്ലാത്ത മലയാളി യുവത്വത്തിന് നന്നേ വെല്ലുവിളി നിറഞ്ഞതാണ്. കൂടെ ഒരു ഭാഗത്തു കയ്യോടെ പിടിച്ചു വലിച്ചു മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ കോവിഡും. ഏകദേശം പത്തു മാസത്തോളം ആഴ്ചയില്‍ ഏഴു ദിവസവും ജോലി എന്ന നിലയില്‍ ഉള്ള കഠിനമായ അനുഭവമാണ് ക്രിസ്റ്റിയെ സകല പ്രയാസത്തില്‍ നിന്നും കൈപിടിച്ച് ഉയര്‍ത്തിയത്.
ഓരോ ദിവസവും കേള്‍ക്കുന്ന പ്രയാസം നിറഞ്ഞ വാര്‍ത്തകള്‍ ജോലിയുടെ തിരക്കില്‍ മറക്കാനായി. ഒരു നേരത്തെ ഭക്ഷണത്തിനു പോലും ലണ്ടനില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ തെരുവില്‍ കൈ നീട്ടി എത്തിയ ആ കാലം അത്ര വേഗത്തില്‍ മറക്കാനുള്ളതല്ല. എന്നാല്‍ ഈ ഘട്ടത്തില്‍ എന്നേക്കാള്‍ പ്രയാസം അനുഭവിക്കുന്നവര്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ രക്ഷാദൗത്യവും ആയി പറന്നെത്തിയ വന്ദേ ഭാരത് വിമാനം പിടിക്കാനും മനസ് വന്നില്ല.
പ്രയാസങ്ങള്‍ തന്റേതു മാത്രമല്ലല്ലോ എന്ന ചിന്തയായി ഒരു ഘട്ടത്തില്‍. ഇതോടെ മനസും ശരീരവും ഒന്നാകെ വിശക്കുന്നവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ പരുവപ്പെടുത്തി. ക്ഷീണം അറിയാതെ ജോലി ചെയ്തു. ഒരു പക്ഷെ തിരിഞ്ഞു നോക്കുമ്പോള്‍ ഒരേ സമയം ജീവിതത്തിലെ ഏറ്റവും നിര്‍ണായകവും വെല്ലുവിളി നിറഞ്ഞതും സന്തോഷം നല്‍കുന്നതും ലണ്ടനിലെ മഹാമാരിക്കാലം തന്നെ ആയിരിക്കുമെന്നാണ് ക്രിസ്റ്റിന ഇപ്പോള്‍ കരുതുന്നത്.
അങ്ങനെ അനുഭവിച്ചു തീര്‍ത്ത മുഴുവന്‍ മാനസിക സംഘര്‍ഷങ്ങളും മറന്നു കാറ്റില്‍ പറന്നുയരുന്ന പട്ടം പോലെ തന്റെ മനസ് സന്തോഷം അനുഭവിക്കുന്നതാണ് വിഡിയിയിലൂടെ പങ്കുവയ്ക്കാന്‍ ഉദ്ദേശിച്ചതെന്നും ക്രിസ്റ്റീന പറയുന്നു.
പ്രയാസങ്ങളേ വിട, വിഷമിച്ചിരിക്കാന്‍ സമയമില്ല
മാസ്റ്റേഴ്സ് ഒരു വര്‍ഷം ചെയ്താല്‍ മതിയെന്നതിനാല്‍ കോഴ്സ് കഴിഞ്ഞു ഉടന്‍ വീട്ടില്‍ എത്തി എല്ലാവരെയും കണ്ടു മടങ്ങാം എന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് കോവിഡും കൂടെ ലോക് ഡൗണും എത്തുന്നത്. തുടര്‍ന്ന് യുകെയില്‍ കുടുങ്ങിപ്പോയപ്പോഴാണ് എങ്കില്‍ പിന്നെ സമയം കളയണ്ട, ഇനിയുള്ള വഴി ഗവേഷണത്തിന്റേതു ആക്കാം എന്ന് തീരുമാനിക്കുന്നത്. മാസ്റ്റേഴ്സ് ചെയ്ത യൂണിവേഴ്‌സിറ്റിയില്‍ തന്നെ അഡ്മിഷന്‍ ലഭിച്ചതോടെ പ്രയാസങ്ങള്‍ക്ക് അവധി നല്‍കി പഠനത്തിന്റെ വഴിയില്‍ ശ്രദ്ധ നല്‍കി.
ജീവിതത്തെ പോസിറ്റീവായി കാണാന്‍ ഉള്ള മനോനില ഉള്ളതിനാല്‍ ആണ് തികച്ചും നിര്‍ണായകമായ സമയത്തു ശക്തമായ തീരുമാനം എടുക്കാന്‍ ക്രിസ്റ്റിക്കു സാധിച്ചതെന്നു അവരുടെ വാക്കുകളില്‍ വ്യക്തം. എന്നാല്‍ പഠനത്തിലേക്ക് ശ്രദ്ധ നല്‍കിയപ്പോള്‍ വീട്ടില്‍ താന്‍ കൂടി പങ്കെടുക്കേണ്ട അനേകം സന്തോഷ മുഹൂര്‍ത്തങ്ങള്‍ക്കും അവധി നല്‍കേണ്ടി വന്നു. ഏതു ചടങ്ങിലും ഓടിച്ചാടി നടക്കാന്‍ ഇഷ്ടമായിരുന്ന ക്രിസ്റ്റിക്ക് വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും അസാന്നിധ്യം സൃഷ്ടിച്ച പ്രയാസം ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കൂടി ഇഷ്ടമല്ല.
ഇതിനിടയില്‍ ഏക സഹോദരന്റെ വിവാഹവും അവര്‍ക്കു കുഞ്ഞു ഉണ്ടായതും ഒക്കെ സന്തോഷങ്ങളായി എത്തിയത് വിഡിയോ ദൃശ്യങ്ങളിലൂടെ. വീട്ടിലാകെ സന്തോഷം പൂത്തുലയുമ്പോള്‍ അതില്‍ ഒരു ഭാഗം ആകേണ്ട താന്‍ കോവിഡിനൊപ്പം പേടിയോടെ നാളുകള്‍ തള്ളിനീക്കുകയാണെന്നു ക്രിസ്റ്റി ആരോടും പറയാനും തയ്യാറായില്ല. വീട്ടില്‍ നിന്നും മാതാപിതാക്കള്‍ എന്നും വിളിച്ചു എന്ന വരിക എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതാകുമ്പോള്‍ നിരാശയോടെ സംസാരം മറ്റു വഴിക്കാക്കുന്നതു പതിവായി.
ഒരു പക്ഷെ ഇതേ സാഹചര്യം അനേകം പ്രവാസി മലയാളി വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലും സംഭവിച്ചിരിക്കണം എന്നും ക്രിസ്റ്റി പറയുന്നു. ഒരു പക്ഷെ ഇനിയൊരിക്കലും പ്രിയപ്പെട്ടവരെ കാണാന്‍ സാധിച്ചേക്കില്ല എന്ന് പോലും ആരും ഭയപ്പെട്ടിരുന്ന ദിവസങ്ങളും അക്കാലത്തു അധികമല്ലാതിരുന്നില്ല. വീണ്ടും വീടെത്തുമ്പോള്‍ നഷ്ടമായ മുഹൂര്‍ത്തങ്ങളെ എങ്ങനെ തിരിച്ചു പിടിക്കാനാകും അതോ വീട്ടില്‍ എത്താന്‍ കഴിയാത്തതിന്റെ പരിഭവം ആരെങ്കിലും കാട്ടുമോ എന്നൊക്കെ ചിന്തിച്ചാണ് താന്‍ നാട്ടിലേക്ക് വിമാനം കയറിയതെന്നും ക്രിസ്റ്റി പറയുന്നു.
ലണ്ടന്‍ മുതല്‍ കൊച്ചിവരെ സന്തോഷ നിമിഷങ്ങള്‍
സത്യത്തില്‍ മനസ്സില്‍ ഒന്നും കരുതിയല്ല ലണ്ടനില്‍ സൈക്കോളജി വിദ്യാര്‍ത്ഥിനി ആയിരുന്ന ഇപ്പോഴത്തെ ഗവേഷക കൂടിയായ ക്രിസ്റ്റി വര്‍ഗീസ് വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ഹീത്രൂവില്‍ നിന്നും അബുദാബി വഴി കൊച്ചി എത്തും വരെ എത്തിഹാദിലെ സഞ്ചാരം അടക്കമുള്ള ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു മനോഹരമായി എഡിറ്റ് ചെയ്തു സോഷ്യല്‍ മീഡിയയില്‍ വെറും കൗതുകത്തിനിട്ട വിഡിയോ കോവിഡിലെ ദുരിതകാലത്തു നിന്നും രക്ഷപ്പെട്ടു പ്രിയപ്പെട്ടവരെ തേടിയെത്തുന്ന ഒരു മനസിന്റെ സന്തോഷ പ്രകടനങ്ങള്‍ മാത്രം നിറഞ്ഞതാണ്. കൊച്ചിയില്‍ എത്തിയ തന്നെ സ്വീകരിക്കാന്‍ കാത്തുനിന്ന ഏക സഹോദരന്റെ ഒന്നര വയസുകാരന്‍ കുസൃതിക്കു ചുംബനം നല്‍കിയാണ് ക്രിസ്റ്റീനയുടെ വിഡിയോ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത സന്തോഷ നിമിഷങ്ങള്‍ സമ്മാനിക്കുന്ന വിഡിയോ അവസാനിപ്പിക്കുന്നത്.
സൗദിയില്‍ ജനിച്ചു വളര്‍ന്ന ക്രിസ്റ്റീനയുടെ കുടുംബം ഇപ്പോള്‍ കോട്ടയത്താണ് താമസിക്കുന്നത്. സിവില്‍ എന്‍ജിനിയര്‍ ആയിരുന്ന എംകെ വര്‍ഗീസിന്റെയും വീട്ടമ്മ ആയ ടെസിയുടെയും മകളാണ് ക്രിസ്റ്റീന. ഏക സഹോദരന്‍ ക്രിസ്റ്റനോ വര്‍ഗീസും നാത്തൂന്‍ റോണിയയും അവരുടെ കുഞ്ഞ് ആഷ്‌റോണും ഒക്കെ ചേര്‍ന്ന സന്തോഷ നിമിഷങ്ങള്‍ ആവോളം മനസിലേക്ക് ഒപ്പിയെടുക്കുകയാണ് ക്രിസ്റ്റീനായിപ്പോള്‍. രണ്ടാഴ്ചക്കുള്ളില്‍ ലണ്ടനിലേക്ക് മടങ്ങി എത്തുമ്പോള്‍ മനസ് നിറയെ ഊര്‍ജ്ജമാകാന്‍ ഉള്ള സന്തോഷങ്ങള്‍ സംഭരിക്കുന്ന തിരക്കിലാണ് ഈ ഗവേഷക.