മലയാളത്തിലെ ഏറ്റവും സമ്പന്നമായ സാഹിത്യശാഖകളിലൊന്നാണ് 'ചെറുകഥ'. 1890-ല്‍ തുടങ്ങുന്ന ഒന്നേകാല്‍ ശതാബ്ദക്കാലത്തെ ഈ സാഹിത്യശാഖയുടെ വികാസ പരിണാമങ്ങളെ പലഘട്ടങ്ങളായി തിരിക്കാവുന്നതാണ്.
20-ാം നൂറ്റാണ്ടിലാണ് മലയാള ചെറുകഥാസാഹിത്യം വികാസഗതി പ്രാപിച്ചത്. 19-ാം നൂറ്റാണ്ടിന്റെ അവസാനദശയില്‍ പ്രാരംഭം കുറിച്ചെങ്കിലും 1930 മുതലുള്ള കാലഘട്ടം ചെറുകഥാസാഹിത്യത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കു സാക്ഷ്യം വഹിക്കയാണുണ്ടായത്. അടുത്ത മുപ്പതുവര്‍ഷക്കാലം കൊണ്ട് ചെറുകഥ ഏറെ ജനകീയാംഗീകാരം നേടുകയും ഏറ്റവും മികവാര്‍ന്ന സാഹിത്യവിഭാഗമായി മാറിക്കഴിയുകയും ചെയ്തു. വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാര്‍, മൂര്‍ക്കോത്തു കുമാരന്‍, ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍, അമ്പാടി നാരായണ പൊതുവാള്‍, കെ. സുകുമാരന്‍, എം. ആര്‍. കെ. സി., ഇ. വി. കൃഷ്ണപിള്ള തുടങ്ങിയവരിലൂടെയാണ് ചെറുകഥാപ്രസ്ഥാനം മുന്നേറിയത്. കാരൂര്‍ നീലകണ്ഠപ്പിള്ള, പൊന്‍കുന്നം വര്‍ക്കി, പി. കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള, എസ്. കെ. പൊറ്റക്കാട്ട്, ലളിതാംബിക അന്തര്‍ജ്ജനം, ഉറൂബ്, കെ. സരസ്വതിയമ്മ എന്നീ കഥാകൃത്തുക്കളുടെ കാലം ചെറുകഥാസാഹിത്യത്തിന്റെ ഉയര്‍ന്ന അവസ്ഥയുടേതെന്ന് വിലയിരുത്താം. ഇവരുടേത് യഥാതഥമാണ് എങ്കില്‍ തുടര്‍ന്ന് വന്നത് എം.ടി. വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍, മാധവിക്കുട്ടി എന്നിവര്‍ തുടങ്ങിവെച്ച ആധുനികതയുടെ കാലഘട്ടമാണ്. ആധുനികത മലയാള ചെറുകഥാ സാഹിത്യത്തില്‍ ഒരു പ്രസ്ഥാനമായി പൂര്‍ണ്ണത പ്രാപിക്കാന്‍ പിന്നീടു വന്ന കഥാകാരന്മാരായ ഒ. വി. വിജയന്‍, എം. പി. നാരായണപിള്ള, കാക്കനാടന്‍, എം. മുകുന്ദന്‍, സക്കറിയ, പട്ടത്തുവിള കരുണാകരന്‍, എം. സുകുമാരന്‍ തുടങ്ങിയ നിരവധി പ്രതിഭാധനന്മാരുടെ സംഭാവനകള്‍ക്കു കഴിഞ്ഞു. വര്‍ത്തമാന കാലത്തും ഈ ശാഖ ഏറെ സജീവമാണ്.