ഒരു തമിഴ് സംവിധായകനില്‍നിന്ന് ദുരനുഭവം നേരിട്ടതായി നടി ലാവണ്യ ത്രിപാഠി വെളിപ്പെടുത്തി. താന്‍ പിന്മാറിയ സിനിമയുടെ സംവിധായകന്‍ തനിക്കെതിരെ കേസ് നല്‍കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും ഈ പ്രതിസന്ധി താന്‍ ഒറ്റയ്ക്ക് അതിജീവിച്ചതായും ലാവണ്യ വ്യക്തമാക്കി. അടുത്തിടെ നടന്ന ഒരു ആരാധക സംഗമത്തിലാണ് ലാവണ്യ തന്റെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞത്.
ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ കരാറായ സമയത്ത് ആ ചിത്രത്തിന്റെ സംവിധായകന്‍ തന്നെ അസ്വസ്ഥയാക്കുന്ന തരത്തില്‍ പെരുമാറിയെന്ന് ലാവണ്യ വിശദീകരിച്ചു. ഈ സാഹചര്യം ശരിയല്ലെന്ന് തോന്നിയതിനെത്തുടര്‍ന്ന് താന്‍ സിനിമയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.
തന്റെ നിലപാട് അറിയിച്ചതോടെ, സംവിധായകനും കൂട്ടരും തനിക്കെതിരെ കേസ് കൊടുക്കുകയും പത്രങ്ങളില്‍ വ്യാജവാര്‍ത്തകള്‍ നല്‍കി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ലാവണ്യ ഓര്‍ത്തെടുത്തു.
ചലച്ചിത്ര പശ്ചാത്തലമില്ലാതെ അഭിനയരംഗത്തെത്തിയ താന്‍ ആ സമയത്ത് വലിയ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചതായും, ഈ പ്രതിസന്ധികളെ താന്‍ തനിച്ചാണ് നേരിട്ടതെന്നും ലാവണ്യ പറഞ്ഞു. 'അന്ന് ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല, സഹായം ചോദിച്ചില്ല. എന്നാല്‍ ആ സമ്മര്‍ദ്ദം കാരണം ഒരു ദിവസം വീട്ടില്‍ വന്ന് കരഞ്ഞു. സാധാരണ ഞാന്‍ കരയാറില്ല. കരഞ്ഞതിന് ശേഷം ഒരു ചായ ഉണ്ടാക്കിക്കുടിച്ച് സ്വയം ആശ്വസിപ്പിച്ചു,' ലാവണ്യ കൂട്ടിച്ചേര്‍ത്തു. 'നിങ്ങള്‍ നരകത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ മുന്നോട്ട് തന്നെ നീങ്ങുക' എന്ന തത്വമാണ് താന്‍ സ്വീകരിച്ചതെന്നും ഇത് തന്നെ കൂടുതല്‍ ശക്തയാക്കിയെന്നും അവര്‍ വ്യക്തമാക്കി.
2012-ല്‍ ഹനു രാഘവപുടി സംവിധാനം ചെയ്ത 'അന്താല രാക്ഷസി' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ലാവണ്യ ത്രിപാഠി അഭിനയരംഗത്തെത്തിയത്. 2014-ല്‍ സോക്രട്ടീസ് സംവിധാനം ചെയ്ത 'ബ്രഹ്മന്‍' എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച താരം, അഥര്‍വ നായകനായ 'ടണല്‍' എന്ന തമിഴ് ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. തന്റെ കരിയറിന്റെ തുടക്കത്തില്‍ നേരിട്ട ഈ വെല്ലുവിളികളെക്കുറിച്ചുള്ള ലാവണ്യയുടെ തുറന്നുപറച്ചില്‍ സിനിമാ മേഖലയിലെ ഇത്തരം സാഹചര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിയൊരുക്കുകയാണ്.