98-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പോള്‍ തോമസ് ആന്‍ഡേഴ്‌സന്റെ 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍' ആറ് അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച സംവിധായകനുള്ള പുരസ്‌കാരം പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ നേടിയപ്പോള്‍, മികച്ച നടനായി മൈക്കല്‍ ബി ജോര്‍ദാനെയും മികച്ച സഹനടിയായി എമി മാഡിഗനെയും തിരഞ്ഞെടുത്തു.
ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ 24 വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍' മികച്ച ചിത്രം, മികച്ച സംവിധാനം, അവലംബിത തിരക്കഥ, സഹനടന്‍, കാസ്റ്റിങ്, എഡിറ്റിങ് എന്നീ വിഭാഗങ്ങളിലായി ആറ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയാണ് 98-ാമത് ഓസ്‌കറില്‍ തിളങ്ങിയത്. 11 ഓസ്‌കര്‍ നോമിനേഷനുകള്‍ക്ക് ശേഷം പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ നേടുന്ന ആദ്യ ഓസ്‌കര്‍ പുരസ്‌കാരമാണിത്.
മികച്ച സംവിധായകനും മികച്ച അവലംബിത തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങള്‍ പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ നേടിയപ്പോള്‍, ചിത്രത്തിലെ പ്രകടനത്തിന് ഷോണ്‍ പെന്‍ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം, മികച്ച കാസ്റ്റിങ് എന്നീ പുരസ്‌കാരങ്ങളും 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍' കരസ്ഥമാക്കി. 'സിന്നേഴ്‌സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍, 'വെപ്പണ്‍സ്' എന്ന ചിത്രത്തിലൂടെ എമി മാഡിഗണ്‍ മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടിക്കുള്ള പുരസ്‌കാരമായിരുന്നു ഓസ്‌കര്‍ വേദിയില്‍ ആദ്യം പ്രഖ്യാപിച്ചത്.
'സിന്നേഴ്‌സ്' എന്ന ചിത്രത്തിലൂടെ ഓട്ടം ദുറാള്‍ഡ് ആര്‍കപോ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം നേടി ചരിത്രം കുറിച്ചു. ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ആദ്യ വനിതയാണ് ഓട്ടം ദുറാള്‍ഡ് ആര്‍കപോ. റയാന്‍ കൂഗ്ലര്‍ 'സിന്നേഴ്‌സി'ലൂടെ മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. യോക്കിം ട്രയര്‍ സംവിധാനം ചെയ്ത നോര്‍വീജിയന്‍ ചിത്രം 'സെന്റിമെന്റല്‍ വാല്യൂ' മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. 'കെ പോപ്പ് ഡീമണ്‍ ഹണ്ടേഴ്‌സ്' ആണ് മികച്ച ആനിമേഷന്‍ ചിത്രം.
ലിയോണാര്‍ഡോ ഡി കാപ്രിയോ നായകനായ 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍' ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്. ഷോണ്‍ പെന്‍, ബെനീസിയോ ഡെല്‍ ടോറോ, റെജീന ഹാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സെപ്റ്റംബര്‍ 26-ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ ലിയോണാര്‍ഡോ ഡി കാപ്രിയോയുമായി സഹകരിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. 'ബൂഗി നൈറ്റ്‌സ്', 'മാഗ്നോളിയ', 'ദേര്‍ വില്‍ ബി ബ്ലഡ്', 'ദി മാസ്റ്റര്‍', 'ഫാന്റം ത്രെഡ്' തുടങ്ങിയ നിരവധി പ്രശംസ നേടിയ ചിത്രങ്ങള്‍ ലോകസിനിമയ്ക്ക് സമ്മാനിച്ച പ്രതിഭയാണ് പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍. ഈ ചിത്രം ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളിലും തിളങ്ങിയിരുന്നു.
മറ്റ് പ്രധാന പുരസ്‌കാരങ്ങള്‍ ഇവയാണ്: *ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: 'ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സാലിവ, ദി സിംഗേഴ്‌സ്' *ആനിമേറ്റഡ് ഹ്രസ്വ ചിത്രം: 'ദി ഗേള്‍ ഹൂ ക്രൈഡ് പേള്‍സ്' *മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്ങ്: മൈക്ക് ഹില്‍, ജോര്‍ദന്‍, സാമുവല്‍, ക്ലിയോണ ഫ്യുറെ ('ഫ്രാങ്കെന്‍സ്‌റ്റൈന്‍') *വസ്ത്രാലങ്കാരം: കേറ്റ് ഹാവ്ലി ('ഫ്രാങ്കന്‍സ്‌റ്റൈന്‍') *മികച്ച വിഷ്വല്‍ എഫക്ട്‌സ്: 'അവതാര്‍: ഫയര്‍ ആന്റ് ഐസ്' *പ്രൊഡക്ഷന്‍ ഡിസൈന്‍: 'ഫ്രാങ്കെന്‍സ്‌റ്റൈന്‍' *മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം: 'ഓള്‍ ദി എംറ്റി റൂംസ്' (സംവിധാനം: ജോഷ്വാ സെഫ്‌ടെല്‍, കോനല്‍ ജോണ്‍സ്)