വളരെ സാത്വികമായ ജീവിതമാണ് സിന്ധു(ഗയയുടെ അമ്മ ) തിരഞ്ഞെടുത്തത്. ഒരുപാടു നാളുകൾക്ക് ശേഷമാണ് അമ്മയെ കാണാനും കൂടെ നിൽക്കാനും ആലോചിച്ചത്. അവിടെയുള്ള പലരുമായി വിശേഷങ്ങൾ പങ്കുവച്ചതിനു ശേഷം അമ്മയോട് സംസാരിക്കുവാൻ നിന്നു. എങ്ങനെ തുടങ്ങണം, എവിടെ തുടങ്ങണം എന്നൊന്നുമറിയില്ല. മുളംകാടുക്കൾക്കിടയിൽ നിന്നും വരുന്ന തണുത്ത കാറ്റ്, അവളുടെ സംസാരത്തിന് ഒരു തരം കുളിർമ പകർന്നു. ഈ വരവിന്റെ ഉദ്ദേശം വളരെ ലളിതമായിരുന്നു, ഇതുവരെ കൊടുത്ത സുഖസൗകര്യങ്ങൾ , സമ്മാനങ്ങൾ എല്ലാം നിരസിക്കുകയായിരുന്നു അമ്മ. എന്തുകൊടുത്താലും വളരെ സ്‌നേഹത്തോട് കൂടി ,യാതൊരു സങ്കോചവുമില്ലാതെ നിരസിക്കും. പക്ഷെ ഇന്ന് കൊണ്ടുവന്നിട്ടുള്ളത് നിരസിക്കുകയില്ല എന്ന വിശ്വാസത്തോടെ ഗയ നിന്നു.
ആഭിജാത്യത്തോടെ ജീവിച്ചിരുന്ന വേളയിലാണ് മരണം അച്ഛനെ കവർന്നെടുക്കുന്നതും, ഒരു രാത്രി കൊണ്ട് ഒന്നുമില്ലതാകുന്നതും. കാലചക്രത്തിന് ഒരു സ്വഭാവമുണ്ട്. അതാർക്കുവേണ്ടിയും ഒന്നിനു വേണ്ടിയും കാത്തു നിൽക്കാറില്ല. ഉയർച്ച താഴ്ചകൾ കാണാനാരുമില്ലായിരുന്ന കാലത്തിലൂടെ , ജിവിതം പതിയെ പതിയെ മുന്നേറുവാൻ തുടങ്ങി. അനാഥശ്രമം ഒരു പരിധി വരെ സംരക്ഷണം നൽകി. ഉപരിപഠനത്തിനായി രാജ്യം വിടുമ്പോഴും അമ്മയധികം സംസാരിച്ചിരുന്നില്ല,സന്തോഷിചിരുന്നില്ല, തടഞ്ഞതുമില്ല.
പക്ഷെ എന്നുമവളെ വേട്ടയാടുന്നൊരു കിനാവുണ്ട്. ചെമ്പകം മണക്കുന്ന ഒരു കിടക്കയിൽ അവളെ ചിരിച്ചു കളിപ്പിച്ചു കിടന്നുറങ്ങുന്ന അമ്മയും അച്ഛനും. എന്തുമണമായിരുന്നു ആ കിടക്കക്ക്. അതിന്റെ രഹസ്യവും ഞാൻ കണ്ടുപിടിച്ചിരുന്നു. അമ്മ ചെയ്തിരുന്നതാണ്, കൈ നിറയെ ചെമ്പക പൂക്കൾ കൊണ്ട് കിടക്കയുടെ പുറത്തു വിതറിയിട്ട്, വിരിപ്പിട്ടു തലയിണ കൊണ്ട് അഞ്ചു പ്രാവശ്യം പതുക്കെ അമർത്തി അരമണിക്കൂർ കഴിഞ്ഞു ആ പൂക്കളെ എടുത്തു കളയുക. അതിൽ തല ചായ്ചു കിടന്നുറങ്ങാൻ എന്തു രസമായിരുന്നു. മുളംകാടുക്കൾക്കിടയിൽ കൂടി വരുന്ന ആ കാറ്റിനുമിപ്പോൾ ചെമ്പകപൂ മണമുള്ളത് പോലെ..... അമ്മയുടെ നിശ്വാസം കേട്ടപ്പോൾ ഇവിടെ അടുത്തെങ്ങാനും കാടുണ്ടോ എന്നാണവൾ ആദ്യം ചോദിച്ചത്, ഇപ്പോൾ വരാമെന്ന് പറഞ്ഞിട്ട് അവളിറങ്ങി. കൈ നിറയെ ചെമ്പകപ്പൂക്കൾ കൊണ്ട് ഗയ തിരിച്ചു ചെല്ലുമ്പോൾ അമ്മ ധ്യാനത്തിലായിരുന്നു. എത്രയോ വർഷങ്ങൾക്കു ശേഷം ചെമ്പകപ്പൂക്കൾ കൊണ്ട് കിടക്കയോരുക്കി, അമ്മയുടെ ധ്യനമുറിയിലോട്ടു ചെന്നു. അമ്മേയെന്നു വിളിച്ചു കെട്ടിപ്പിടിച്ചപ്പോൾ അനുഭവിച്ച ആ നിസ്സംഗത , അതൊരു വല്ലാത്ത മുറിപ്പാടാണ്. സമ്മാനങ്ങളൊന്നും ഞാൻ നിന്നോട് ചോദിച്ചില്ലല്ലോ എന്ന ആമുഖത്തോടു കൂടി അമ്മ തുടങ്ങി.
ഇതൊന്നു കാണൂ എന്ന് നീട്ടിയ ഒരു പെട്ടി തുറന്നു നോക്കിയ നിമിഷം ,അമ്മ കരഞ്ഞു. അച്ഛന്റെ പേരിന്റെ ഇനിഷ്യൽ കൊത്തിയ , വിവാഹ നാളിൽ അമ്മയുടെ വിരലിൽ അച്ഛനിട്ട് കൊടുത്ത, തനിക്ക് വേണ്ടിട്ടു അമ്മ നഷ്ടപെടുത്തിയ അവസാന മുദ്രാദ്രവ്യമായിരുന്നു. പെട്ടെന്ന് സ്വയം വീണ്ടെടുക്കവേ അമ്മയവളെ ആശ്ലേഷിച്ചു.
ജീവിതത്തിന്റെ ആദ്യപാഠങ്ങൾ നനുത്ത കാറ്റിനെപോലെയാണ്, ഏറ്റവും സ്‌നേഹസ്പർശിയായ ആശ്ലേഷണവും അങ്ങനെ തന്നെ. അത്രയും സ്‌നേഹത്തോടെ ഇതുവരെ തന്റെ പ്രിയതമൻ പോലും കെട്ടിപ്പിടിചിട്ടില്ല എന്നവളോർത്തു. ആദ്യമായി അമ്മയതു സ്വീകരിച്ചു.
അടുത്ത ദിവസം അമ്മ വിട്ടുപോയെന്ന യഥാർത്ഥ നിമിഷത്തിൽ , അവൾ പുഞ്ചിരിക്കുകയായിരുന്നു. ദുഃഖങ്ങൾ എല്ലാം ഉള്ളിലൊതുക്കി എന്നെയെപ്പോഴും ലോകത്തോട് പുഞ്ചിരിക്കാൻ പഠിപിച്ച തന്റെ അമ്മയെ പോലെ.