Latest News

മകളുടെ  മൊഴികൾ

Malayalilife
മകളുടെ  മൊഴികൾ

ഞാൻ മകൾ.

ആത്മഹത്യയാൽ 

ആത്മാവിനെ സ്വതന്ത്രമാക്കി

സർക്കാർ സേവനം  

അവസാനിപ്പിച്ച 

അച്ഛന്റെ മകൾ.

 

അധികാരികളുടെ 

ചതിയിൽ 

ചിതയാകേണ്ടി വന്ന അച്ഛന്റെ 

ശരീരത്തിൽ 

അഗ്നി പകർത്തിയ പെൺകുട്ടി.

 

ഉടഞ്ഞ കുടത്തിൽ ഒലിച്ചിറങ്ങുന്നത് 

അച്ഛന്റെ ചോരയാണ്.

ചുവന്ന തോർത്ത് ചുറ്റി ഞാൻ  

തീയാളുന്ന നെഞ്ചോടെ ചുമലനക്കാതെ 

നടന്ന് നീങ്ങുന്നത് 

പകയുടെ ഇരയായ 

അച്ഛന്റെ ചിതക്ക് 

ചുറ്റുമാണ്.

 

അഹങ്കാരം കാളിയായ് കയറി വന്നത്  

കഴുത്തിൽ കയറണിയിക്കാനാണെന്നാരറിഞ്ഞു...?

ക്ഷണിക്കാതെ കയറി വന്ന കാലി ( കാലൻ )

കയറിൽ  തൂങ്ങിയുറങ്ങാൻ അച്ഛനെ പറഞ്ഞയച്ചതെന്തിനായിരുന്നു...?

 

കൂടെ ജോലിയെടുത്ത ചങ്ങാതികൾ,

അനുശോചനം എഴുതാൻ 

പേന പിടിച്ചവർ,

നന്മകൾ നാവിലായിരം 

ഉരുവിട്ടവർ,

എന്റച്ചനെ 

പൂമാലയണിയിക്കാൻ 

ആനയിച്ച നിങ്ങൾ,

വിളിക്കാത്തിടത്ത് 

വാതിൽ തുറന്നെത്തിയ 

ദിവ്യ തേജസ്സിന്റെ 

വൃത്തികെട്ട വാക്കുകൾ  കേട്ടൊന്നുമുരിയാടാതെ

മറുത്തൊരക്ഷരം മിണ്ടാതെ 

മൗനിയായവർ,

കാലിയേക്കാളേറെ കാട്ടാളന്മാർ നിങ്ങളല്ലേ....?

 

ഉളുപ്പില്ലാതെ 

മൂക്കും ചൊറിഞ്ഞിരുന്ന 

ജില്ല മേധാവിയും,

അനുമോദിക്കാൻ അച്ഛനെ 

മുകളിലിരുത്തിയ 

ചങ്ങാതികളും,

മൂർച്ചയുള്ള വാക്കുകളാൽ കലിതുള്ളിയ കാളിക്ക് കാലി( കാലൻ )യാവാൻ കൈകൂപ്പി നിന്ന 

സഹ ജീവനക്കാരെ,

നിങ്ങളാണ് ഒന്നാം 

പ്രതി.

ഞങ്ങളെ അനാഥരാക്കിയത് നിങ്ങളാണ്.

 

വേദിയുടെ അങ്ങേയറ്റത്ത് ഒച്ചവെക്കാൻ പോലുമാവാതെ 

രക്തയോട്ടം നിലച്ചുപോയന്റച്ഛനെ 

ചേർത്ത് നിർത്തിയൊരുവാക്ക്,  അഹങ്കാരിക്ക് നേരെ വിരൽചൂണ്ടി പറയാൻ 

നെഞ്ചുറപ്പില്ലാത്ത 

കൂട്ടമേ, നിങ്ങളോ

 ഒരു ജില്ലയെ 

പരിപാലിക്കുന്നവർ...?.

 

ആദരവിന്റെ നേരത്ത് 

അസംബന്ധം ഛർദിക്കുന്ന  പ്രസിഡന്റിനോട് 

'കടക്കൂ പുറത്ത് ' എന്നൊന്നുരിയാടാൻ 

ചങ്കുറപ്പുള്ളൊരുത്തൻ 

നിവർന്ന് നിന്നങ്കിൽ

കുനിഞ്ഞു പോയ അച്ഛന്റെ മുഖം ഉയർന്ന് നിന്നേനെ.

അച്ഛനിപ്പോഴും ഉയിരോടുണ്ടായേനെ.

പത്തനംതിട്ടയിൽ 

പെണ്മക്കൾക്ക് തണലായേനെ.

 

അഭിമാനം ബലാത്കാരത്തിനിരയായ 

വേദിയിൽ 

ഉപഹാരം വാങ്ങിയത് അച്ഛനാവില്ല,

കയറിലാടും മുൻപെ  

മൃതമായ 

അച്ഛന്റെ ആത്മാവാകും..

 

പ്രസിഡന്റിന് വരവൊരുക്കിയവർ,

വെറുപ്പിന്റെ ഉടയടയാളം 

ആടിത്തീരും വരെ 

കാണികളായവർ,

അച്ഛന്റെ ചിതയിൽ നിന്നുയരുന്ന  തീനാളങ്ങളിൽ  

നിങ്ങളോരുത്തരുടെയും  

മുഖം തെളിയുന്നു.

 

നെഞ്ച് പിടഞ്ഞ അച്ഛനെ 

നെഞ്ചോട് ചേർത്ത് 

നാല് വാക്ക്.....

പ്രസിഡന്റിനോടുരിയാടാൻ  ചങ്കൂറ്റമില്ലാത്തവൻ,

നിന്റെ പേരോ കളക്ടർ...!!!!

ഒരുമിച്ചൊരൊച്ചവെക്കാൻ ഒരുമ്പെടാത്തവർ 

നിങ്ങളോ 

സഹ പ്രവർത്തകർ...?

 

നാട് നാളെയും 

വിളിച്ചു പറയും,

അച്ഛന്റെ നെഞ്ച് നിലച്ചതിന് 

ഒന്നാം ഉത്തരവാദി ദിവ്യയല്ല,

ഭവ്യതയോടെ 

ദിവ്യമൊഴികൾ കാതോർത്ത്  മിണ്ടാതിരുന്ന

മൃത ശരീരങ്ങളാണെന്ന്.

കണ്ണൂർ  കളക്ട്രേറ്റിലെ

ഉദ്യഗസ്ഥ ശരീരങ്ങൾ.


എ ഡി എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കവിത

(മുത്തില്ലത്ത് രചയിതാവ്)

മൊബൈൽ : 9481513120

Read more topics: # മകൾ.
makalude mozhikal poem

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES