പുരകെട്ട്, കപ്പവാട്ട്, തുരിശ്ശടി, കല്യാണം എന്നിങ്ങനെയുള്ള കലാപരിപാടികൾ എനിക്കെന്നും ഇഷ്ടമായിരുന്നു. കാരണം അന്നാണ് ഞങ്ങടെ വീട്ടിൽ കപ്പേം നല്ല എരിവുള്ള മീൻകറീം കള്ളും ഒക്കെ വെളീന്ന് മേടിക്കുക. ആളും കൂടും. അപ്പോ പിന്നെ സാധാരണ് ദിവസ്സങ്ങളിൽ ശ്രദ്ധിക്കുന്നപോലെ എന്നെ ശ്രദ്ധിക്കാൻ അച്ചായനും അമ്മച്ചിക്കും നേരം കിട്ടില്ല. എന്ത് തോന്യാസ്സം കാണിച്ചാലും ആരുമറിയില്ല. പെരകെട്ട് ആണെങ്കിൽ അത് പ്രമാണിച്ച് നേരത്തെ തന്നെ പെരുന്നക്കവലയിലുള്ള ഷാപ്പിൽ പറഞ്ഞ് കള്ള് കുടം കണക്കിന് വരുത്തും. എട്ടുപത്ത് കുടങ്ങളിൽ കള്ള് നിരന്നങ്ങനെ ഇരിക്കുമ്പോ അതീന്ന് ഒന്നോ രണ്ടോ ഗ്ലാസ് മോഷണം പോയാ ആരാ ശ്രദ്ധിക്കുക. കുടിച്ചിട്ട് കള്ളും വയറ്റിലിട്ട് മര്യാദക്കങ്ങ് നടന്നാ കുടിച്ച വിവരം ഒരു പൊടിക്കുഞ്ഞു പോലും അറിയില്ല. കിറുങ്ങി വീഴാം. പിന്നെ നമ്മളൊന്നും അറിയണ്ട. ആരെങ്കിലും വന്ന് തൂത്തുവാരി കൊണ്ടുപൊക്കോളും.
അങ്ങനെയിരിക്കെ അമ്മാച്ചന്റെ മോൻ അപ്പച്ചൻ എന്ന് വിളിക്കുന്ന സെബ്സ്റ്റ്യന്റെ കല്യാണം ഉറപ്പിച്ചു. അമ്മാച്ചൻ വീട്ടിൽ വന്ന് ക്ഷണിച്ചു. കല്യാണദിവസവും അടുത്തു. കക്ഷി മണിമല കവലയിൽ നല്ല നിലയിൽ ബിസിനസ് നടത്തി പേരും പെരുമയും നല്ലൊരു കസ്റ്റമർ ബേസും ഒക്കെ ഉണ്ടാക്കിയതുകൊണ്ട് മണിമല - വെള്ളാവൂർ പഞ്ചായത്തിലെ ജനങ്ങൾ മുഴുവനും ഉണ്ടാവും കല്യാണത്തിന്.
തലേന്ന് രാത്രി കല്യാണത്തിന്റെ ചട്ടവട്ടങ്ങൾ തുടങ്ങി. അടുത്ത ബന്ധു ആയതുകൊണ്ട് ഞങ്ങൾ തലേദിവസം തന്നെ കുടുംബസമേതം എത്തി. എന്താ അവിടുത്തെ ഒരു ബഹളം! ധാരാളം കാറുകൾ, ജീപ്പുകൾ, നല്ല തകർപ്പൻ പന്തൽ.. തോരണം...... പൂക്കൾ......... നിറമുള്ള കസേരകൾ...... മേശ വിരികൾ....... അങ്ങനെ കൗതുകം ഉണർത്തുന്ന നിരവധി കാഴ്ചകൾ. അന്നൊക്കെ കല്യാണം എത്രമാത്രം മെച്ചമായിരുന്നു എന്ന് വിലയിരുത്തുന്നത് കല്യാണതത്തിന് എത്ര വണ്ടികൾ ഉണ്ടായിരുന്നു എന്ന് നോക്കിയാണ്. അങ്ങനെ നോക്കിയാ കോട്ടയം ജില്ലയിലെ ഏറ്റം വല്യ കല്യാണം അപ്പച്ചന്റെ തന്നെ ആയിരുന്നു.
ഒരു സൈഡിൽ പെട്രോൾ മാക്‌സിന്റെ വെട്ടത്തിൽ കുറെ ആളുകൾ ചേർന്ന് ആടിനെ കൊല്ലുന്നു, മറ്റ് ചിലർ പോത്തിനെ വെട്ടുന്നു, ഒരു പണീം ഇല്ലാത്ത കുറെപേർ ആ കാഴ്ച കാണുന്നു, പടുത കെട്ടി അതിന് കീഴെ ഇരുന്ന് സ്ത്രീകൾ കോഴിയെ നുറുക്കുന്നു, തേങ്ങ ചിരണ്ടുന്നു, പാല് പിഴിയുന്നു, കാബേജ് ചീകിയരിയുന്നു, കിഴങ്ങ് പുഴുങ്ങി പൊളിക്കുന്നു... അങ്ങനെ എല്ലാവരും പലയിടത്തായി പലവിധ തിരക്കിൽ. ചെന്നുകേറിയ ഉടനേ അമ്മച്ചീം കൂടി അമ്മായിയെ സഹായിക്കാൻ. അച്ചാച്ചനും അമ്മാച്ചനും വേറെ കുറെ ആണുങ്ങളും കൂടെ ഒരു മുറീലോട്ട് മുങ്ങി, അവർക്ക് കൂട്ടായി കുറെ അച്ചാറും ബീഫ് ഉലത്തിയതും കൂടെ പോയി.
എനിക്കവിടെ മല മറിക്കുന്ന പണി ഒന്നും ഇല്ലായ്കയാൽ കുറെ നേരം വട്ടോം നീളോം നടന്നിട്ട് ഞാൻ പതുക്കെ കലവറയിലേക്ക് കയറി. ഹൊ........ ഇതാണ് സ്വർഗം! എന്ത് വേണമെന്ന് ചോദിച്ചാ മതി. മുറുക്കാൻ, സാമ്പ്രാണി, പലവ്യഞ്ജനം, സിഗരറ്റ് എന്നു വേണ്ട അത്യാവശ്യം വേണ്ട എല്ലാം അവിടെയുണ്ട്. ആലീസ് വണ്ടർലാൻഡിൽ ചെന്ന അനുഭവം എനിക്ക്.
ദൂരെ മാറി നിന്ന എന്റെ കസിൻ രാജു ലൂക്കോസിനെ ഞാൻ കണ്ണ് കാണിച്ചു വിളിച്ചു. അവൻ അടുത്ത് വന്നപ്പോ ഞാൻ വിവരം പറഞ്ഞു. അവനാകെ പേടി പക്ഷെ ഞാൻ അവന് ധൈര്യം പകർന്നു കൊടുത്തു. കിട്ടിയാൽ ഒരു പാക്കറ്റ് സിഗരറ്റ്, അല്ലെങ്കിൽ രണ്ട് തല്ല്. അത് രാജുവിന് ഇഷ്ടപ്പെട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല, ചുറ്റിനും ഒന്ന് നോക്കീട്ട് ആരും കാണുന്നില്ലാ എന്നുറപ്പ് വരുത്തിയ ശേഷം ഞാൻ പതുക്കെ കലവറയിൽ കേറി. ആരെങ്കിലും വന്നാ രാജു സിഗ്നൽ തരും. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഞാനൊരു പാക്കറ്റ് സിസ്സേർസ് അടിച്ചുമാറ്റി നിക്കിറിൻരെ പോക്കറ്റിൽ ഇട്ടു.
ഇനിയാണ് ശരിക്കുള്ള വെല്ലുവിളി. ആരും കാണാതെ വേണ്ടെ സാധനം കത്തിക്കാനും വലിക്കാനും. ഒരു കല്യാണവീട്ടിൽ ആരും കാണാതിരിക്കുമോ. എവിടെ നോക്കിയാലും പാചകക്കാരന്മാരും പാചകക്കാരികളും വേറെ കുറെ അലവലാതികളും!
സമയം എട്ട്-എട്ടര ആയപ്പോ എല്ലാർക്കും കപ്പേം ഇറച്ചീം വിളമ്പി..... വാഴയിലയിൽ. നല്ല അടിപൊളി കപ്പബിരിയാണി. ഇപ്പൊഴും വായിൽ വെള്ളം വരുന്നു അതോർക്കുമ്പോൾ. എത്ര തവണ കഴിച്ചെന്ന് ഓർമ്മയില്ല എന്നാലും വിളമ്പിയവരും കണ്ടു നിന്നവരും ഒരിക്കലും മറക്കാത്ത രീതിയിൽ ഞാൻ കഴിച്ചു. എന്നിട്ട് മുയലിനെ വിഴുങ്ങിയ പാമ്പിനെ പോലെ കുറെ നേരം തെക്കും വടക്കും നടന്നു. പത്ത് മണിയോടടുത്തപ്പോൾ എൽ ഐ സി ഓഫീസർ വർഗ്ഗീസ് സാറിന്റെ കല്പന വന്നു.....' പിള്ളേര് കേറി കിടന്നോ'. കക്ഷി എന്റെ മറ്റൊരു അമ്മാവനാണ്. എല്ലാവരും ബഹുമാനിക്കുന്ന, ഭയക്കുന്ന, ഗൗരവക്കാരൻ അമ്മാവൻ. കാരണം അമ്മാവൻ ബി എക്കാരനാണ്, സ്വന്തം കാറുണ്ട്, പാന്റ് ആണിടുന്നത്, വീട്ടിൽ ചൂളയുണ്ട്. ബഹുമാനിക്കുപ്പെടാൻ ഇതിൽ കൂടുതൽ എന്ത് യോഗ്യതയാണ് വേണ്ടത്.
തിരുവായ്ക്ക് എതിർവാ ഇല്ലല്ലോ. അമ്മാവന്റെ കൽപ്പന ശിരസ്സാവഹിച്ച് ഞങ്ങൾ പിള്ളേര് എല്ലാവരും പലയിടത്തായി ഉറങ്ങാൻ കിടന്നു. ഞാനും രാജുവും ഉറങ്ങുന്ന ഭാവത്തിലും. പക്ഷെ കിടക്കുന്നതിന് മുൻപ് മൂന്ന് കാര്യങ്ങൾ ഉറപ്പ് വരുത്തി.... 1. നമ്മുടെ പാക്കറ്റ് ചുളുങ്ങരുത്. 2. ഇരുട്ടത്തും കൈയെത്താവുന്ന ദൂരത്തിൽ തീപ്പെട്ടി ഉണ്ടാവണം. 3. വിളിച്ചാൽ വിളികേൾക്കുന്ന ദൂരത്തിൽ കസിൻ രാജു ഉണ്ടെന്നും.
എല്ലാരും ഉറക്കം പിടച്ചെന്ന് ബോദ്ധ്യമായപ്പോൾ ഞങ്ങൾ രണ്ടും പതുക്കെ പൊങ്ങി. കട്ടിലേൽ ഇരുന്ന് തന്നെ ഓരോന്ന് കത്തിച്ചു. രാജു ആദ്യമായ് ആണെന്ന് തോന്നുന്നു.... അവർ ചുമയ്ക്കാൻ തുടങ്ങി. ഞാൻ അവന്റെ വാ പൊത്തി. ആരെങ്കിലും ചുമ കേട്ട് ആ വഴി വിവരം തിരക്കാൻ വന്നാൽ പണി പാളും. പക്ഷെ ക്രമേണ രാജു ചുമ നിർത്തി. രണ്ട് സിഗരറ്റ് വീതം വലിച്ചു കഴിഞ്ഞപ്പോഴേക്കും ആദ്യം ഉണ്ടായിരുന്ന ഞങ്ങളുടെ ആ ത്രില്ല് പോയി പക്ഷെ ഇത് തീർക്കാതെ പോകാൻ പറ്റില്ല. തൊണ്ടി ആരെങ്കിലും പൊക്കിയാ ആകെ നാറും.
മൂന്നാമത്തെ സിഗരറ്റ് കത്തിച്ച് വായിൽ വച്ച് ആ ഇരുന്ന ഇരിപ്പിൽ രാജു ഇരുന്നുറങ്ങിപ്പോയി. പാവം! ഒടുവിൽ മനസ്സില്ലാമനസ്സോടെ അവിടെ കുത്തിയിരുന്ന് ഞാൻ തന്നെ ബാക്കി വന്നത് മുഴുവൻ വലിച്ചു കേറ്റി. അത്രയും നിക്കോട്ടിൻ ഉള്ളിൽ ചെന്നതോടെ എന്റെ ഉറക്കം പോയി. രാജു ആണെങ്കിൽ സുഖമായി കിടന്നുറങ്ങുന്നു. ഇതിനാണ് വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് ബാക്ക്യാർഡിൽ വച്ചെന്ന് പറയുന്നത്.
തിരിഞ്ഞും മറിഞ്ഞും കിടന്നു കിടന്ന് വെളുപ്പിനെ എപ്പോഴോ ഞാനും ഉറങ്ങി. ആ ഉറക്കത്തിന് ഒരു സുഖമുണ്ട്; ഉറക്കം വന്നിട്ട് ഉറങ്ങുന്നതായതുകൊണ്ട്. പള്ളീൽ പോകാൻ റെഡി ആയി അമ്മച്ചി വന്ന് കുലുക്കി വിളിച്ചപ്പോഴാണ് ഉറക്കം തെളിഞ്ഞത്. ഞങ്ങടെ വീട്ടിലെ ഒരു നിർബന്ധമാണ് എല്ലാ ദിവസവും പള്ളിയിൽ പോകണമെന്നുള്ളത്. ഇല്ലെങ്കിൽ നരകം ഉറപ്പാ. പള്ളിയിൽ ചെന്നിരുന്ന് ഉറങ്ങിയാലും വേണ്ടില്ല പള്ളീൽ പോയിരിക്കണം. ഇടദിവസം ആയതുകൊണ്ട് അച്ചൻ പ്രസംഗിക്കില്ല. അല്ലെങ്കിൽ സുഖമായ് പതിനഞ്ച് - ഇരുപത് മിനിട്ട് കിട്ടിയെനെ ഉറങ്ങാൻ. പള്ളിയിൽ ഇരിക്കുമ്പോ മുഴുവനും മനസ് കല്യാണവീട്ടിലായിരുന്നു. അപ്പച്ചന്റെ ഒരു നിലയും വിലയും ഒക്കെ വച്ച് നോക്കിയാ രാവിലെ കാപ്പിക്ക് പാലപ്പോം ആട് സ്റ്റൂവും ആയിരിക്കും. ഇപ്പോ അത് അടുപ്പേൽ കേറി കാണുമോ, വെന്തിട്ടുണ്ടാകുമോ, തേങ്ങാപ്പാൽ പിഴിഞ്ഞൊഴിച്ചു കാണുമോ, എനിക്കെത്ര കഷണം കിട്ടും, എല്ലില്ലാത്ത കഷണം കിട്ടുമോ, ഞാൻ തിരിച്ച് ചെല്ലുമ്പോഴേക്ക് തീർന്നു പോകുമോ..... എന്നിങ്ങനെ ഓരോ ചിന്തകൾ.
ആറരയ്ക്ക് തുടങ്ങിയ കുർബ്ബാന ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു. കുർബ്ബാന കഴിഞ്ഞപ്പോ അമ്മച്ചിക്ക്് അച്ചനെ കാണണം എന്ന്് വാശി. അച്ചനെ കാണണേൽ കല്യാണത്തിന് വരുമ്പോ കണ്ടൂടെ? അച്ചൻ അവിടെ ഉണ്ടാവില്ലേ? ഞാൻ പറഞ്ഞനോക്കി പക്ഷെ ആര് കേൾക്കാൻ. വീട്ടിലും നാട്ടിലും വിലയില്ലെങ്കിൽ ഇങ്ങനാ, നമ്മൾ പറയുന്നത് ആരും കേട്ട ഭാവം പോലും നടിക്കില്ല. അല്ലെങ്കിൽ തന്നെ മാതാപിതാക്കളുടെ വാശി നമ്മൾ മക്കൾ നടത്തിക്കൊടുത്തില്ലെങ്കിൽ വേറെ ആരാ നടത്തിക്കൊടുക്കാൻ.
എല്ലാം കഴിഞ്ഞ് ഒടുവിൽ വീട്ടിലെത്തിയപ്പോ മണി ഒൻപത് കഴിഞ്ഞു. അപ്പോഴേക്കും എന്റെ വയറ് മുരയാനും കരയാനും നിലവിളിക്കാനും തുടങ്ങിയിരുന്നു. ദൈവാധീനം..... കാപ്പി വിളമ്പി രണ്ടാം ട്രിപ്പ് ആയിരുന്നു. ആരും ക്ഷണിക്കാതെ തന്നെ ഞാൻ കേറിയിരുന്നു. ആരും ഒന്നും പറഞ്ഞില്ല. മൂന്നപ്പം ചോദിച്ചെങ്കിലും എൽ ഐ സി സാറ് അവിടെയും കേറി ഉടക്കിട്ടു. ' രണ്ടെണ്ണം കഴിച്ചിട്ട് പോരായെങ്കിൽ പിന്നെ തരാം.. ഇപ്പൊ മുൻപിൽ കിട്ടിയത് കഴിക്ക്'. ഇങ്ങേർക്ക് വേറെ ഒരു പണീം ഇല്ലേ? വന്നപ്പോ തുടങ്ങിയ ആള് കളിയാ.......
കഴിച്ച് പകുതിയായി. അപ്പൊ കേൾക്കാം ഒരു വിളി ' ജോജോയെ'......... എനിക്കങ്ങനെം ഒരു പേരുണ്ട്. ഞാൻ തലപൊക്കി നോക്കി. എൽ ഐ സി എന്റെ നേരെ നടന്നു വരുന്നു. അടുത്ത് വന്ന് എന്റെ ഇലയുടെ മൂലയ്ക്ക് ഒരു പാക്കറ്റ് സിസ്സേർസ് വച്ചിട്ട് എന്നെനോക്കി പറഞ്ഞു ' ഇനി എന്തെങ്കിലും വേണെ പറയണേ. വല്ല് മുറുക്കാനോ ബീഡിയോ'. എനിക്കാദ്യം ഒന്നും മനസ്സിലായില്ല. കഴിപ്പ് നിർത്തി എല്ലാരും തലപൊക്കി നോക്കി. കൂടെ അച്ചാച്ചനും അമ്മച്ചീം. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഞാൻ ഒരു മിനിട്ട് എടുത്തു. അപ്പൊ അങ്ങേര് പറഞ്ഞു......'ഇന്നലത്തെ പാക്കറ്റ് തീർന്നല്ലോ'. അപ്പം തിന്നാൻ ഞാൻ തുറന്ന വാ അങ്ങനെ തന്നെ ഇരിക്കുന്നു..... വാ അടയ്ക്കണോ അങ്ങനെ തന്നെ ഇരിക്കണോ എന്ന് തീരുമാനിക്കാൻ പറ്റാത്ത അവസ്ഥ. മറുപടി ഒന്നും പറയാനില്ലാത്ത ആ അവസ്ഥ അനുഭവിച്ചാലേ മനസ്സിലാകൂ.... അപ്പൊ ഇങ്ങേര് അതും കണ്ടു.
ഇപ്പോ എനിക്ക് ഒരുകാര്യം തീർച്ചയായി. എൽഐസി ഓഫീസർ വറുഗീസ് സാറിന് അവിടെ പ്രത്യേകിച്ച് യാതൊരു പണീമില്ല. എന്നെ വാച്ച് ചെയ്യുകയാണ് അങ്ങേരുടെ വിനോദം. അമ്മാച്ചന്മാരായാൽ ഇങ്ങനെ വേണം. മരുമക്കൾക്കിട്ട് തന്നെ വേണം പണിയാൻ.
പക്ഷെ അമ്മാവൻ ഒരുപകാരം ചെയ്തു. സംഭവം അച്ചാച്ചനോട് പറഞ്ഞെങ്കിലും എനിക്കിട്ട് പൂശ് കിട്ടാതെ നോക്കി.
രാവിലെ ഇങ്ങനെ ഒക്കെ സംഭവിച്ചെങ്കിലും കെട്ടിന്റെ സമയമായപ്പോഴേക്കും ഞാനെല്ലാം മറന്നു. കല്യാണം ഞാൻ ശരിക്കും മുതലെടുത്തു. അന്നാണ് ആദ്യമായി ഞാൻ ബീഫ് കട്ട്‌ലറ്റ് കഴിക്കുന്നത്. ഊഹം ശരിയാണെങ്കിൽ ഒരു പത്ത് - പന്ത്രണ്ട് കട്ട്‌ലറ്റ് എങ്കിലും അമക്കീട്ടുണ്ടാവും അന്ന്. കൂടെ ഫ്രൂട്ട് സാലഡും. എത്ര കപ്പ് കഴിച്ചെന്നോർമ്മയില്ല.
ഗുണപാഠം : ഒരല് വിഴുങ്ങിയാലും വിരല് മറ വേണം.