വെറുമൊരു സംശയത്തിന്റെ പേരില്‍ മുഖം കീറിമുറിച്ചുള്ള പരിശോധനയ്ക്കും ഒരു ചെറിയ അവയവം നീക്കം ചെയ്യുന്നതിനുമായി നടത്തിയ തയ്യാറെടുപ്പുകള്‍ ഓര്‍ക്കുമ്പോള്‍ പേടി;രോഗികളെ പണം കൊയ്യാനുള്ള വെറും ഉപകരണങ്ങളായി മാത്രം കാണുന്ന ഡോക്ടര്‍മാരുണ്ട്; എം.ബി. പത്മകുമാറിന്റെ കുറിപ്പ്

Malayalilife
 വെറുമൊരു സംശയത്തിന്റെ പേരില്‍ മുഖം കീറിമുറിച്ചുള്ള പരിശോധനയ്ക്കും ഒരു ചെറിയ അവയവം നീക്കം ചെയ്യുന്നതിനുമായി നടത്തിയ തയ്യാറെടുപ്പുകള്‍ ഓര്‍ക്കുമ്പോള്‍ പേടി;രോഗികളെ പണം കൊയ്യാനുള്ള വെറും ഉപകരണങ്ങളായി മാത്രം കാണുന്ന ഡോക്ടര്‍മാരുണ്ട്; എം.ബി. പത്മകുമാറിന്റെ കുറിപ്പ്

തന്റെ കണ്ണിനെ ബാധിച്ച അസുഖത്തെക്കുറിച്ചും പിന്നാലെ ആശുപത്രിയില്‍ നിന്നു നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും തുറന്നെഴുതി നടനും സംവിധായകനുമായ എം.ബി. പത്മകുമാര്‍. 2017 ജനുവരിയില്‍ കണ്ണിനുണ്ടായ ഒരു ചുവപ്പു നിറത്തില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കമെന്നും പിന്നീട് ആ അവസ്ഥ ഭീകരമായെന്നും പത്മകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

എം.ബി. പത്മകുമാറിന്റെ കുറിപ്പ് 

2017 ജനുവരിയില്‍ കണ്ണിലുണ്ടായ നേരിയ ചുവപ്പിലായിരുന്നു തുടക്കം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഉണ്ടായതാകാമെന്ന് ആദ്യം കരുതിയെങ്കിലും, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചുവപ്പ് കൂടുകയും കണ്‍തടത്തില്‍ ചെറിയ നീര് വരികയും ചെയ്തു. കണ്ണിന് സാധാരണ വരുന്ന എന്തെങ്കിലും അസുഖമാകാം എന്നാണ് വീട്ടുകാരും കരുതിയത്. എന്നാല്‍, വൈകാതെ ചെവിയോട് ചേര്‍ന്ന് കവിളിലായി ഒരു മുഴ പോലെ തടിപ്പ് കണ്ടുതുടങ്ങി. രണ്ടു ദിവസങ്ങള്‍ കൂടി കഴിഞ്ഞതോടെ ആ മുഴ വലുതാവുകയും, കണ്ണിന്റെ അവസ്ഥ കൂടുതല്‍ ഭീകരമാവുകയും ചെയ്തു.

അടുത്തുള്ള ക്ലിനിക്കില്‍ പോയി മരുന്നുകള്‍ കഴിച്ചെങ്കിലും യാതൊരു മാറ്റവുമുണ്ടായില്ല. കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റേതെങ്കിലും ആശുപത്രിയില്‍ കാണിക്കാന്‍ അവിടുത്തെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതോടെ മനസ്സില്‍ ആശങ്കകള്‍ വേരുറപ്പിക്കാന്‍ തുടങ്ങി. അതുവരെ അതിവേഗത്തില്‍ പാഞ്ഞുകൊണ്ടിരുന്ന എന്റെ ജീവിതത്തിന്റെ താളം പെട്ടെന്ന് കുറയുന്നതായും, ശ്രദ്ധ മുഴുവന്‍ സ്വന്തം ആരോഗ്യത്തിലേക്ക് ചുരുങ്ങുന്നതായും എനിക്കനുഭവപ്പെട്ടു.

തുടര്‍ന്ന് വലിയൊരു ആശുപത്രിയിലെ പരിചയസമ്പന്നനായ ഡോക്ടറെ കണ്ടു. എന്നെ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നെറ്റി ചുളിഞ്ഞു. ഇതൊരു സാധാരണ മുഴയായി കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. അതോടെ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച്, എന്റെ മുഴുവന്‍ ശ്രദ്ധയും ഈ പ്രതിസന്ധിയെ അതിജീവിക്കുന്നതിലേക്ക് മാത്രമായി.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്‌കാന്‍ ചെയ്യാനായി ആ ടേബിളില്‍ കിടക്കുമ്പോള്‍, എന്റെയുള്ളില്‍ മക്കളെക്കുറിച്ചും പാതിവഴിയിലായ സ്വപ്നങ്ങളെക്കുറിച്ചുമുള്ള ചിന്തകള്‍ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നുണ്ടായിരുന്നു. സ്‌കാനിങ് കഴിഞ്ഞിറങ്ങിയ ഉടന്‍, എന്ത് യാഥാര്‍ത്ഥ്യവും നേരിടാന്‍ ഞാന്‍ തയ്യാറാണെന്ന് റേഡിയോളജിസ്റ്റിനോട് പറഞ്ഞു. കൃത്യമായൊരു മറുപടി നല്‍കിയില്ലെങ്കിലും, അതൊരു സാധാരണ തടിപ്പല്ലെന്ന വ്യക്തമായ സൂചന അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. റിപ്പോര്‍ട്ടുമായി വീണ്ടും ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം ഉടന്‍ തന്നെ സര്‍ജറിയും ബയോപ്‌സിയും നിര്‍ദ്ദേശിച്ചു. ചുറ്റും നടക്കുന്ന ദുരന്തങ്ങളൊന്നും ഒരിക്കലും എന്റെ ജീവിതത്തില്‍ സംഭവിക്കില്ല എന്ന, മനുഷ്യസഹജമായ സാധാരണ ചിന്തയിലായിരുന്നല്ലോ അതുവരെ ഞാനും ജീവിച്ചിരുന്നത്.

അടുത്തയാഴ്ച സര്‍ജറി നിശ്ചയിച്ചു. ആശുപത്രിയുടെ പടിയിറങ്ങുമ്പോള്‍ ചുറ്റുമുള്ള കാഴ്ചകള്‍ക്കെല്ലാം വല്ലാത്തൊരു മാറ്റം തോന്നി. മുന്‍പില്ലാത്തവിധം നല്ല നിറവും ഭംഗിയും. ജീവിതത്തിന്റെ ഓരോ നിമിഷവും ഞാന്‍ കൂടുതല്‍ ആഴത്തില്‍ കാണാനും അറിയാനും തുടങ്ങുകയായിരുന്നു. പാഞ്ഞുപോയിരുന്ന ജീവിതയാത്ര സാവധാനമാകുമ്പോള്‍ നമ്മള്‍ സമയത്തെ എത്ര കൃത്യമായാണ് ഉപയോഗിച്ചു തുടങ്ങുന്നത്.

വീട്ടില്‍ കാര്യങ്ങളുടെ ഗൗരവം മറച്ചുവെച്ചു; ഡോക്ടര്‍ ആ തടിപ്പ് കീറിക്കളയണമെന്ന് പറഞ്ഞെന്നു മാത്രം അറിയിച്ചു. ജീവിതം അവസാനിക്കാന്‍ പോകുന്നു എന്ന് തോന്നുമ്പോഴാണല്ലോ നമ്മള്‍ ശരിക്കും ജീവിച്ചു തുടങ്ങുന്നത്. വരാനിരിക്കുന്ന ഓപ്പറേഷനുവേണ്ടി ഞാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തു. വിധി നമുക്കൊന്നും തടയാനാവില്ലല്ലോ, എന്നെങ്കിലുമൊരിക്കല്‍ എല്ലാവര്‍ക്കും മടങ്ങിപ്പോകേണ്ടതുണ്ട്. മനസ്സിനെ ശാന്തമാക്കാന്‍ ഞാന്‍ സദ്ഗുരുവിന്റെ വീഡിയോകള്‍ കണ്ടു തുടങ്ങി. പുറത്ത് ആരോടും ഈ വിവരങ്ങള്‍ പറയാന്‍ പോയില്ല; ചോദിക്കുന്നവരോടൊക്കെ കണ്ണില്‍ എന്തോ വീണതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.

എനിക്ക് വളരെ അടുത്ത് പരിചയമുള്ള ഒരു ഡോക്ടറുണ്ടായിരുന്നു; ഡോക്ടര്‍ വേണുഗോപാല്‍. എന്റെ സംശയങ്ങളെല്ലാം ഞാന്‍ ചോദിക്കാറുള്ളത് അദ്ദേഹത്തോടാണ്. അങ്ങേയറ്റം സത്യസന്ധനായതുകൊണ്ട് തന്നെ, പല സ്ഥലങ്ങളിലേക്കായി അദ്ദേഹം നിരന്തരം സ്ഥലംമാറ്റപ്പെട്ടുകൊണ്ടിരുന്നു. ആ സമയത്ത് അദ്ദേഹം വയനാട്ടിലെവിടെയോ ആയിരുന്നു. ഞാന്‍ വിളിച്ചിട്ട് കിട്ടിയതുമില്ല. എന്നാല്‍ വൈകാതെ അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ റിപ്പോര്‍ട്ടുകളെല്ലാം അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. 'പേടിക്കണ്ട, ഞങ്ങളൊക്കെയുണ്ടല്ലോ, എല്ലാത്തിനും ഇപ്പോള്‍ പ്രതിവിധിയുണ്ട്,' എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് വലിയൊരു ധൈര്യം തന്നു. അദ്ദേഹം ഫോണിലൂടെ നിര്‍ദ്ദേശിച്ച ചില പരിശോധനകള്‍ കൂടി ചെയ്ത് ഞാന്‍ റിപ്പോര്‍ട്ടുകള്‍ അയച്ചുകൊടുത്തു. അവയെല്ലാം വിശദമായി പരിശോധിച്ച ശേഷം അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു: 'നമുക്ക് പെട്ടെന്നൊരു തീരുമാനം എടുക്കുന്നതിന് മുന്‍പ് ഒരു നേത്രരോഗവിദഗ്ദ്ധനെക്കൂടി കണ്‍സള്‍ട്ട് ചെയ്യാം.' അങ്ങനെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം, വളരെ പ്രഗത്ഭനായ നേത്രരോഗവിദഗ്ദ്ധന്‍ ഡോക്ടര്‍ അനൂപിനെ പോയി കണ്ടു. 

അദ്ദേഹം റിപ്പോര്‍ട്ടുകളെല്ലാം നോക്കുകയും കണ്ണ് വിശദമായി പരിശോധിക്കുകയും ചെയ്തു. അതിനുശേഷം, ഞാന്‍ ഇപ്പോള്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെക്കുറിച്ച് ചോദിച്ചു. ഓപ്പറേഷന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി എനിക്ക്  നിര്‍ദ്ദേശിച്ചിരുന്ന ചില മരുന്നുകളുണ്ടായിരുന്നു; ഞാന്‍ അതിന്റെ വിവരങ്ങള്‍ അദ്ദേഹത്തെ കാണിച്ചു.
ഡോ. അനൂപ് ആ മരുന്നുകളെല്ലാം അപ്പോള്‍ത്തന്നെ നിര്‍ത്താന്‍ പറഞ്ഞു. യാതൊരുവിധ ഓപ്പറേഷന്റെയും ആവശ്യമില്ലെന്നും, ഞാന്‍ ചിന്തിക്കുന്നതുപോലെ മാരകമായ ഒന്നല്ല ആ മുഴയും കണ്ണിന്റെ തടിപ്പുമെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ അപൂര്‍വ്വമായി മാത്രം കണ്ണുനീര്‍ ഗ്രന്ഥിയെ ബാധിക്കുന്ന ഒരുതരം വൈറസാണിത്. അതിന് മരുന്നുകള്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ല. പരമാവധി ഇരുപത്തിയൊന്ന് ദിവസമോ മറ്റോ മാത്രമേ അത് ശരീരത്തില്‍ ഉണ്ടാവുകയുള്ളൂ, അത് കഴിഞ്ഞാല്‍ അത് താനേ മാറിക്കൊള്ളും. ഡോക്ടര്‍ വേണുഗോപാലിനും ഇതേ സംശയം തന്നെയായിരുന്നു ഉണ്ടായിരുന്നത്. അവരുടെ ആ കണ്ടെത്തല്‍ തികച്ചും സത്യമായിരുന്നു.

അവര്‍ പറഞ്ഞ ആ കാലയളവിനുള്ളില്‍ത്തന്നെ എന്റെ മുഖത്തെ ലക്ഷണങ്ങള്‍ പതിയെ മാഞ്ഞുതുടങ്ങി. അതുവരെ ഞാന്‍ കഴിച്ചുകൊണ്ടിരുന്ന മരുന്നുകള്‍, ചെയ്ത ടെസ്റ്റുകള്‍, വെറുമൊരു സംശയത്തിന്റെ പേരില്‍ മുഖം കീറിമുറിച്ചുള്ള പരിശോധനയ്ക്കും ഒരു ചെറിയ അവയവം നീക്കം ചെയ്യുന്നതിനുമായി ഞാന്‍ നടത്തിയ തയ്യാറെടുപ്പുകള്‍... ഇതെല്ലാം ഓര്‍ക്കുമ്പോള്‍ ഇന്ന് എനിക്ക് ഭയം തോന്നുന്നു. ശരീരത്തിലെ എത്ര ചെറിയ അവയവമായാലും അത് ശരീരത്തിന് നല്‍കുന്ന ഒരു വലിയ സന്തുലിതാവസ്ഥയുണ്ട് ; ആ സന്തുലിതാവസ്ഥയാണ് മുന്നോട്ടുള്ള ജീവിതത്തിന് എപ്പോഴും കരുത്ത് നല്‍കുന്നത്.

ജീവന്‍ രക്ഷിക്കേണ്ട സ്റ്റെതസ്‌കോപ്പ്, സ്വന്തം ജീവന് വേണ്ടി കൈകൂപ്പി നില്‍ക്കുന്ന പാവപ്പെട്ടവന്റെ കഴുത്തില്‍ കുരുക്കായി മുറുക്കി തങ്ങളുടെ ടാര്‍ഗറ്റുകള്‍ തികയ്ക്കുന്ന 'ചില' ഡോക്ടര്‍മാരുണ്ട്. രാവും പകലും ആശുപത്രികളിലും പ്രൈവറ്റ് പ്രാക്ടീസിലുമായി നൂറുകണക്കിന് രോഗികളെ പണം കൊയ്യാനുള്ള വെറും ഉപകരണങ്ങളായി മാത്രം കാണുന്നവര്‍. സ്വന്തം കുടുംബത്തിനും ആഡംബരങ്ങള്‍ക്കും വേണ്ടി മാത്രം നെട്ടോട്ടമോടുന്നതിനിടയില്‍, മനുഷ്യന്റെ ജീവന്റെ വിലയെന്താണെന്ന് അവര്‍ അറിയാതെ പോകുന്നു. ഭൂമിയില്‍ ദൈവത്തിന്റെ കരങ്ങളാകേണ്ടവരാണവര്‍; തങ്ങളുടെ മുന്നിലെത്തുന്ന ഓരോ രോഗിയെയും അവര്‍ ഹൃദയം കൊണ്ട് ഒന്ന് സ്പര്‍ശിച്ചിരുന്നെങ്കില്‍ എത്രയോ കുടുംബങ്ങള്‍ സന്തോഷത്തോടെ ജീവിച്ചേനേ!

ആരോഗ്യസംരക്ഷണം എന്ന വാക്കിനെ പുനര്‍നിര്‍വചിക്കേണ്ട ഒരു കാലമാണിതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഈ അനുഭവങ്ങള്‍ എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയെഴുതാനുള്ള ചില വലിയ വിത്തുകള്‍ പാകി. എന്നെ എപ്പോഴും കരുതലോടെ കാക്കുന്ന ആ അദൃശ്യശക്തിയുടെ, ദൈവത്തിന്റെ സാമീപ്യം ഞാന്‍ ഏറ്റവും അടുത്തുനിന്നറിഞ്ഞതും ഈ സംഭവത്തിലൂടെയാണ്.????

m padmakumar eye condition

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES