Latest News

എന്റെ വീട്ടിലെ ഫെമിനിസം-ചെറുകഥ

ജോയ് ഡാനിയേൽ
topbanner
എന്റെ വീട്ടിലെ ഫെമിനിസം-ചെറുകഥ

കല്യാണം കഴിഞ്ഞ്, എന്റെ കൈപിടിച്ച് ഭാര്യ വലതുകാൽ ചവിട്ടി വീട്ടിൽ കയറി (വലതുകാലോ അതോ ഇടതുകാലോ? ഒള്ളത് പറയാലോ, ഇപ്പോൾ എനിക്ക് ചില സംശയങ്ങൾ ഇല്ലാതില്ല!).

ഒരാഴ്‌ച്ചകഴിഞ്ഞു. ഭാര്യാവീട്ടിൽ നിന്നും ശവമടക്കാൻ കൊണ്ടുവരുന്നപോലെ അപ്പനും അമ്മയും വീട്ടുകാരും കൂടെ കരഞ്ഞുവിളിച്ച്  അവളെ എന്റെ വീട്ടിൽ കൊണ്ടാക്കിയ ദിവസമായിരുന്നു അന്ന്.  വിഷമിച്ച്  നിൽക്കുന്ന പ്രിയതമയെ ഒന്നാശ്വസിപ്പിക്കാനായി ഞാൻ "എടീ.." എന്നൊന്ന് വിളിക്കുന്നതുകേട്ട എന്റെ അമ്മയെന്ന മൂത്ത ഫെമിനിസ്റ്റ്  ഓടിവന്ന് എന്നോട് ഒരു ചോദ്യം.

"ചെറുക്കാ, നീയവളെ 'എടീ.. പോടീ' എന്നൊക്കെയാണോടാ വിളിക്കുന്നെ?"

"പിന്നെ എന്റെ പെണ്ണുംപുള്ളേ ഞാൻ എന്ത് വിളിക്കുമമ്മേ?  പത്തിരുപത്തെട്ടു വയസുവരെ ഒരുത്തിയെ കെട്ടി ഇതൊക്കെ ഒന്നുവിളിക്കുവാൻ കൊതിച്ച്, കൊതിച്ചിരുന്ന് കിട്ടിയ അവസരമല്ലിയോ?"

ഇതുകേട്ട് സാക്ഷാൽ ശ്രീമതി മാതാശ്രീ  മുറുമുറുത്തുകൊണ്ട് എന്നോട് പറഞ്ഞത് എന്താണെന്ന് അറിയുമോ?

"എടാ, നീ അവളെ എടീ പോടീ എന്നൊന്നും വിളിക്കണ്ട.  പേരങ്ങ് വിളിച്ചാ മതി

ഇതിപ്പോ വലിയ ഏടാകൂടമായല്ലോ. എന്റെ പെണ്ണുംപുള്ളെ ഞാൻ പേര് വിളിക്കാനോ? ഒത്തു.  എന്നിലെ ഭര്ത്താവിന്റെ പുരുഷത്വം സടകുടഞ്ഞെണീറ്റു.  ഞാനവളെ പേര് വിളിക്കും. അപ്പോൾ അവൾ എന്നെ സ്വാഭാവികമായും തിരിച്ചും പേര് വിളിക്കും.  അയ്യേ ..!  ഇതിൽ ഭേദം കോണാൻ ഉടുക്കാതെ മുള്ളുമുരിക്കേൽ കേറുന്നതാ.

ഇവിടെ ഞാൻ മാതാശ്രീയോട് വിദഗ്ദ്ധമായി ഇടപെട്ട് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ, തഞ്ചത്തിൽ കാര്യം സാധിക്കേണ്ടിയിരിക്കുന്നു.

"അമ്മച്ചീ.. ഞാനൊന്ന് ചോദിച്ചോട്ടെ, നിങ്ങളെ അപ്പൻ എന്തോന്നാ വിളിക്കുന്നെ? 'എടീ' എന്നല്ലേ?"

"അതെ... അതൊക്കെ പണ്ടത്തെ ശീലമല്ലിയോടാ... ഇതിപ്പോ പുതിയ തലമുറയാ. ഇഗ്ളീഷ് മീഡിയത്തിൽ ഒക്കെ പഠിച്ചുവരുന്ന പുള്ളേരല്ലേ"

"പിന്നേ .. പുതിയ തലമുറക്കെന്താ വാലുണ്ടോ?...  അതുശരി, അപ്പോൾ നിങ്ങളെ സ്വന്തം ഭർത്താവ്  'എടീ' എന്ന് വിളിക്കുമ്പം 'എന്തോ' എന്ന് പറഞ്ഞ് ഓച്ചാനിച്ച് നിക്കാം. എന്റെ മുകളിലുള്ള ചേട്ടന്മാർ  തടിമാടന്മാരൊക്കെ അവരുടെ ഭാര്യമാരെ 'എടീ..പോടീ .. മറ്റവളെ, മറിച്ചവളെ' എന്നൊക്കെ വിളിക്കാം.  ഞാൻ മാത്രം വിളിക്കുമ്പോൾ കുഴപ്പം.  അതുംപോരാഞ്ഞ് അമ്മേ,  നിങ്ങൾ ആണുങ്ങൾക്ക് മീന്റെ നടുത്തുണ്ടം കൊടുത്തേച്ച് പെണ്ണുങ്ങൾക്ക്  വാലും തലയും, മുള്ളും ഒക്കെ  കൊടുക്കും, ഒരു കുഴപ്പോം ഇല്ല.  ഇവിടിപ്പം ഈ പാവം പിടിച്ചവൻ ഒന്ന് കെട്ടി  പെണ്ണുംപുള്ളെ 'എടീ' എന്ന് വിളിച്ചാൽ വല്യ പ്രശ്നം!!"

അല്ലപിന്നെ!  എന്നിലെ പുരുഷ രക്തം തിളച്ചു.  അല്ലേലും കവി പണ്ട് പറഞ്ഞിട്ടുണ്ടല്ലോ 'തിളക്കണം ചോര ഞരമ്പുകളിൽ' എന്ന്. അന്ന് ഇവളുമ്മാരോക്കെ പത്തിമടക്കി നടക്കുന്ന കാലമാ, അല്ലേൽ തീർച്ചയായിട്ടും കവി പറഞ്ഞേനെ 'ഫെമിനിസം എന്ന് കേട്ടാൽ തിളക്കണം' എന്ന്.  തള്ളയാന്നേലും പറയുന്നതിനൊക്കെ ഒരിത് വേണ്ടേ?  കണ്ട കൂതറകൾക്കെല്ലാം പെണ്ണുങ്ങളെ എന്തും വിളിക്കാം.  ഞാനിവളെ സ്നേഹത്തോടെ 'എടീ' എന്നുവിളിച്ചാൽ ഭൂലോകം ഇടിഞ്ഞു വീഴും?!

ഇതുകണ്ട അമ്മ എന്നെ അനുനയിപ്പിക്കാൻ എന്ന ഭാവത്തിൽ അടുത്തേക്ക് വന്ന് തോളിൽ പിടിച്ചു.

"എടാ, അതല്ല ഞാൻ പറഞ്ഞുവന്നെ?  ഒററയ്ക്ക് ഇരിക്കുമ്പോ നീയവളെ 'എടീന്നൊ' , 'പോടീന്നൊ' എന്തുവേണേലും വിളിച്ചോ.  ഇതുപോലെ എല്ലാരുടേം മുമ്പിൽ വച്ച് വിളിച്ചാൽ നാണക്കേടാകും മരയോന്തേ .. അതാ പറഞ്ഞേ"

കണ്ടോ കണ്ടോ?  തള്ളയാന്നേലും  പെണ്ണിന്റെ കുരുട്ടു ബുദ്ധി?  നിങ്ങൾ ഒരപാരസാധനം തന്നെ എന്റമ്മച്ചീ....

ഞാൻ അന്തരീക്ഷത്തിലേക്ക് ചുമ്മാ നോക്കി.

ഒടേതമ്പുരാനാണെ കഴിഞ്ഞ ആഴ്‌ച്ചയും പള്ളീലച്ചൻ പറഞ്ഞതാ പെണ്ണുങ്ങൾ പള്ളിയിൽ നിൽക്കുമ്പോൾ തലേൽ സാരി അല്ലേൽ ചുരിദാറിന്റെ ഷാൾ എന്തേലും വച്ച് കൈതച്ചക്ക ഏലി കടിക്കാതിരിക്കാൻ വയ്ക്കുന്നപോലെ പൊതിഞ്ഞ്,  തല വണങ്ങി, നിന്നോണം എന്ന്.  എന്നിട്ടിപ്പോ?  കുർബാന ചൊല്ലാനും, കുരിശുപിടിക്കാനും എല്ലാം ആണുങ്ങൾ. ഇവിടെ ഈയുള്ളവൻ കെട്ടികൊണ്ടുവന്ന പെണ്ണിനെ 'എടീ' എന്ന് വിളിച്ചാൽ വിപ്ലവം..!!

"അപ്പോൾ അമ്മേ .. നിങ്ങൾ എല്ലാവർക്കും എന്നും വച്ചൂട്ടി കൊടുത്ത്,  അപ്പൻ കഴിച്ച പാത്രത്തിൽ എന്തേലും മിച്ചമുണ്ടേൽ അതിന്റെ കൂടെ ചോറും കറിയും ഒക്കെ ഇട്ട് കഴിക്കുന്നതെന്തിനാ?  രാവിലെ മുതൽ പാതിരാത്രി വരെ തലകുത്തി നിന്ന് അണ്ടമുണ്ടത്തടി പോലുള്ള മക്കളെ പോറ്റുമ്പോൾ ഇതൊന്നും ആലോചിക്കില്ലല്ലോ.. നിങ്ങൾ എന്നിട്ട് ഹാപ്പിയായല്ലേ നടക്കുന്നെ? ഇപ്പോൾ പിന്നെ എന്താ ഒരു പുതുമ?"

"എടാ ഞാൻ പറഞ്ഞില്ലേ.. അതൊക്കെ പഴമക്കാരുടെ ശീലമാണെന്ന്.   നിങ്ങൾ ഒക്കെ കോളേജിൽ പഠിച്ച പിള്ളേരല്ലേ?  അപ്പൊ പണ്ടത്തെപ്പോലെ പറ്റുമോ?  ഇപ്പത്തെ പിള്ളേരെ ഒക്കെ 'എടീ പോടീ' എന്നൊക്കെ വിളിച്ചാൽ അവർക്കിഷ്ടപെടുമോ? വിവരമറിയും.

ഈ തള്ളയ്ക്ക് എന്തിന്റെ ഏനക്കേടാ?  എവിടുന്നോ ഫെമിനിസവും പൊക്കിപിടിച്ചോണ്ട് വന്നേക്കുന്നു.  വല്ല കൂറ സീരിയലും കണ്ടതിന്റെ ഇമ്പാക്ട് ആകും.  സ്‌കൂളിൽ എല്ലാവളുമ്മാർക്കും പേരിന്റെ കൂടെ അപ്പന്റെ പേരുവയ്ക്കാം, പ്രോഗ്രസ്സ് കാർഡിൽ ഒപ്പിടാൻ അപ്പനെ വിളിച്ചോണ്ട് പോകാം, ഓട്ടോ ഓടിക്കുന്നതും, പോസ്റ്റൽ കേറുന്നതും, തെങ്ങേൽ കേറുന്നതും, മീൻ പിടിക്കാൻ പോകുന്നതും, പറമ്പ് കിളക്കാൻ വരുന്നതും എല്ലാം ആണുങ്ങൾ.  അവന്മാർക്ക് പിന്നാലെ വല്ല ചായയോ കാപ്പിയോ ഒക്കെ അന്നത്തി ഇവർ വന്നെങ്കിലായി.  പറ്റുമെങ്കിൽ ഇവളുമാരൊക്കെ പോയി മരത്തേൽ കേറട്ടെ. മത്തിയും, അയലയും വെട്ടാതെ പറമ്പ് കിളക്കട്ടെ. സ്‌കൂളിൽ അപ്പന്റെ പേരുവെട്ടി തള്ളയുടെ ആക്കട്ടെ.  ഇതും ചിന്തിച്ച് ഞാൻ പറഞ്ഞു.

"അമ്മേ ഇതിപ്പോ അവൾക്കോ എനിക്കോ കുഴപ്പമില്ലേൽ പിന്നെ നാട്ടുകാർക്ക് എന്തിന്റെ കുത്തികഴപ്പാ?  ഞാൻ അവളെ പേര് വിളിക്കും. അപ്പോ പിന്നെ അവൾ എന്നെയും  പേരുവിളിക്കും.. നാളെ പിള്ളാരുണ്ടാവുമ്പോൾ അതുങ്ങളും പേര് വിളിക്കും..  അയ്യയ്യോ.. എന്റെ പൊന്നമ്മച്ചീ നിങ്ങൾ ചുമ്മാ സിസ്റ്റം മൊത്തം ചേഞ്ച് ചെയ്യല്ലേ.."

ഒന്ന് ആലോചിച്ചേ,  ജോലിയൊക്കെ കഴിഞ്ഞ് നമ്മൾ വരുമ്പോൾ 'മിസ്റ്റർ എക്സ്'  എന്ന് അവൾ എന്നെ വിളിക്കും  ഞാനവളെ 'മിസ് വൈ' (അതോ മിസ്സിസോ?)  എന്നും വിളിക്കും  ഇത് കേട്ട് വരുന്ന സന്താനം 'മിസ്റ്റർ എക്സ് നിങ്ങളുടെ ഭാര്യ മിസ് വൈ  എനിക്ക് കളിപ്പാട്ടം വാങ്ങി തരുന്നില്ല' എന്ന് പരാതി പറയും.  എന്റെ പൊന്നുതമ്പുരാനേ ...  ഇതിപ്പോ അമേരിക്കൻ പ്രസിഡണ്ടിനെ 'മിസ്റ്റർ പ്രസിഡണ്ട്' എന്ന് വിളിക്കുന്നപോലെയായിപ്പോകുമല്ലോ.

ഇങ്ങനാണേൽ 'ചേട്ടാ, അച്ചായാ, അണ്ണാ, പൊന്നേ , ചങ്കേ , കരളേ, കുട്ടാ, മോളേ, ചക്കരേ' ഇത്യാദി പദങ്ങൾ ഒക്കെ വിളിച്ചാൽ അതൊക്കെ  ഫെമിനിസ്റ്റുകൾ സമ്മതിക്കുമോ?  അതും പോരാഞ്ഞ്, ഇനിയിപ്പോൾ കിടപ്പറയിൽ കൂടി ഫെമിനിസം വന്നാൽ?  എന്റെ അർത്തുങ്കൽ പുണ്യവാളാ... കാത്തോണേ. ഒരു അറുപത് വോൾട്ടിന്റെ ബൾബ് കത്താനുള്ള കറണ്ട് ദേഹത്തൂടെ കേറിയ പ്രതീതി.

"ചെറുക്കാ . ഞാൻ പറയാനുള്ളത് പറഞ്ഞു.  ഇനി നീ എന്ത് കുന്തമാണെന്ന് വച്ചാൽ ചെയ്യ്"   തന്റെ പ്രധിഷേധം ഒരു തുള്ളലിൽ ചവിട്ടിത്തീർത്ത് മാതാശ്രീ നടന്നുപോയി.

രാത്രി. കിടപ്പറ.

ദാമ്പത്യജീവിതം പിച്ചവച്ച് തുടങ്ങിയതേയുള്ളു.  എന്റെ മുന്നിൽ നമ്രശിരസ്‌കയായി ഇരിക്കുന്നത് വലിയൊരു ഫെമിനിസ്റ്റാണോ?   സീരിയലും സിനിമേലും അഭിനയിക്കുന്നത് പോരാഞ്ഞ് നടിമാർ പുറംലോകത്തിറങ്ങി ഫെമിനിസം ഒക്കെ വിളമ്പുന്ന കാലമാ.

ഒരു കണക്കിന് പറഞ്ഞാൽ, അമ്മ പറഞ്ഞതിലും കാര്യമില്ലാതില്ല.  ന സ്ത്രീ സ്വതന്ത്ര്യമർഹതി എന്ന് മനുവും, പെണ്ണുങ്ങൾ തല വണങ്ങി നിൽക്കണം എന്ന് പൗലോസ് ശ്ലീഹായും പറഞ്ഞത് കേട്ടല്ലേ ഈ ഭൂലോകത്തുള്ള കുടിയന്മാർ പെണ്ണുങ്ങളുടെ മുതുക്കിനിട്ട് ഇടിക്കുന്നെ?  ഇതിപ്പോ പുതിയ തലമുറ. ഫെമിനിസത്തിന്റെ കാലം. മത്തിയും അയലയും,  പോത്തും, കോഴിയും എല്ലാം പൊരിച്ചാൽ നടുത്തുണ്ടം തന്നെ അവർക്കും കൊടുക്കണം.  ആപ്പിളും മാങ്ങയും മുറിക്കുമ്പോൾ പൊട്ടും പൊടിയും അവർക്ക് ഇനി കൊടുക്കാം എന്നത് വ്യാമോഹം മാത്രം.  ഇച്ചിരി റെസ്‌പെക്ട് ഒക്കെ പെണ്ണുങ്ങൾക്ക് കൊടുത്തില്ലേൽ സംഗതി വശപിശകാകും.

ഞാൻ ഭവ്യതയോടെ കട്ടിലിൽ ഇരുന്നു. എന്നിട്ട് അവളോട് പറഞ്ഞു.

"അതേ .. അമ്മ പറയുന്നെ നീ കേട്ടിരുന്നോ? ഞാൻ നിന്നെ എന്താ വിളിക്കേണ്ടത്?"

അവൾ എന്റെ മുഖത്തേക്ക് പൊട്ടൻ കടിച്ചമാതിരി ഒരു നോട്ടം.

"എന്നെ 'എടീ പോടീ' എന്നൊക്കെ വിളിച്ചാൽ മതി..എനിക്കതാ ഇഷ്ടം..!!"

"അപ്പോൾ പിന്നെ ഫെമിനിസം ഒക്കെ...??"

"ഫെമിനിസം.  മാങ്ങാത്തൊലി.  എന്റെ അപ്പൻ അമ്മയെ ഇങ്ങനെയൊക്കെ തന്നെയാ വിളിച്ചേ. അത് കണ്ടാണ് ഞങ്ങൾ വളർന്നത്.  ഞങ്ങളും, അപ്പനും  ഒക്കെ തിന്ന പാത്രത്തിൽ അതിന്റെ ബാക്കി സന്തോഷത്തോടെ കഴിച്ച ഒരമ്മയാ എനിക്കും ഉള്ളത്.  അതുപോലെ മതി എനിക്കും.  കേട്ടിയോന് സന്തോഷത്തോടെ ഭക്ഷണം ഉണ്ടാക്കികൊടുക്കണം എന്നൊക്കെ ആഗ്രഹിച്ചു തന്നെയാ ഞാനും കല്യാണം കഴിച്ചെ .."

"ആന്നോ..??!" എന്നിൽ അത്ഭുതം നിറഞ്ഞു.

"അല്ല, ഞാനൊന്ന് ചോദിച്ചോട്ടെ, ഈ ഏദന്തോട്ടത്തിൽ പഴം വിഴുങ്ങിനിന്ന ഹവ്വയെ "വേദനയോടെ നീ പോയി പ്രസവിക്കുമെടീ" എന്ന് ശപിച്ച പുസ്തകം തന്നെയല്ലേ ഇപ്പളും നിങ്ങളും വായിക്കുന്നെ?"

"എടീ അപ്പോൾ  ഫെമിനിസം, സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ്  നാട്ടുകാർനമ്മളെ പൊങ്കാലയിടില്ലേ?"

"പിന്നേ .. സ്വാതന്ത്ര്യം... ഒന്നുചുമ്മാതിരി.  എന്റെ ഭർത്താവിനെ ചേട്ടാ, അച്ചായാ എന്നൊക്കെ വിളിക്കാൻ കൊതിച്ചു, കൊതിച്ചാ ഞാൻ ഇതുവരെയിരുന്നെ.  എനിക്കതു മതി.  പിന്നെ അച്ചായൻ മറ്റ് പെണ്ണുങ്ങളെ ഒക്കെ വിളിക്കുമ്പോൾ ഇച്ചിരി റെസ്‌പെക്ട് ഒക്കെ കൊടുത്തോ. എന്നെ ഇങ്ങനെ തന്നെ വിളിച്ചാ മതി.  ഈ ഫോർമാലിറ്റിയൊക്കെ നമുക്ക് വീട്ടിൽ വേണ്ട.. നാട്ടുകാരോട് മതി"

"എടീ  മിടുക്കീ..."

"അല്ല പിന്നെ. അതേ;  ഞാൻ ഒന്ന് ചോദിച്ചോട്ടെ... അച്ചായൻ എന്നെ താലി കെട്ടുകയല്ലാരുന്നോ?  ഞാൻ നിങ്ങളെ കെട്ടിയതല്ലല്ലോ? ഈ പറയുന്നവളുമാരൊക്കെ പോയി ആദ്യം ആ സിസ്റ്റം മാറ്റട്ടെ.  പിന്നെ, എന്റെ കെട്ടിയോനും, അപ്പനും ഒക്കെ ഇച്ചിരി ബഹുമാനം ഒക്കെ കൊടുക്കുന്നത് എനിക്കൊരു സുഖമാ"

"അപ്പോൾ നീ പറഞ്ഞു വരുന്നത്?"

"ങും . നത്തിങ് ഒഫിഷ്യൽ എബൗട്ട് ഇറ്റ്. ഈ ഫെമിനിസമേ പ്രവർത്തിക്കാനുള്ളതല്ല.  ചുമ്മാ നാട്ടുകാരുടെ മുൻപിൽ കീറുവാണം അടിക്കാൻ മാത്രമുള്ളതല്ലേ? കരയ്ക്കിരുന്ന് ആർക്കും കമന്ററി പറയാം.  ക്രീസിലിറങ്ങി കളിച്ചുനോക്കണം അപ്പോൾ അറിയാം കുളിര്.  അറുപത് ഓവറിൽ ആറ് റണ്ണുമടിച്ച് നോട്ടൗട്ട് ആകാതെ നിന്നിട്ട് ഇപ്പോൾ കളിക്കാർ കളിക്കുമ്പോൾ 'ഫ്രണ്ട് ഫുട്ടിൽ കളി, ബാക്ക് ഫുട്ടിൽ കളി'  എന്നൊക്കെ പറയാൻ വലിയ ടാക്സ് ഒന്നും കൊടുക്കണ്ടാലോ?"

"എന്റെ പൊന്നോ ! എന്നാ നിന്റെ ക്യൂട്ടക്സ് ഇട്ട ആ സുന്ദരമായ കൈവിരൽ ഒന്ന് നീട്ടിയേ .."

"എന്നാത്തിനാ ?"

"ഒരുമ്മ കൊടുക്കാനാടീ പരട്ടപെണ്ണേ.." അതുകേട്ടപ്പോൾ അവൾക്ക് നാണം. ലജ്ജ.

"എടീ... അലവലാതീ ... നത്തേ ....."  ഇതും പറഞ്ഞ് ചിരിച്ചുകൊണ്ട് ഞാൻ ലൈറ്റ് അണച്ചു.

അന്ന്,  ആ രാത്രിയിൽ എന്റെ വീട്ടിൽ നിന്നും  ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടി, ശ്വാസംമുട്ടി പണ്ടാരമടങ്ങി ഫെമിനിസം അങ്ങ് ദൂരെ അറബിക്കടലിൽ എവിടെയോ പോയി മുങ്ങിത്താണു.  അതും നല്ല ഒന്നാന്തരം ഉപ്പുവെള്ളത്തിൽ!!

വാൽക്കഷണം : ഈ എഴുതിയതിനെല്ലാം ഉത്തരവാദികൾ എന്റെ ഫെമിനിസ്റ് അമ്മയും, അമ്മായിയമ്മയോട് (സ്വാഭാവികമായും) യോജിക്കാത്ത മരുമകൾ എന്ന എന്റെ ഭാര്യയും ആകുന്നു.  ഒരു കുഴപ്പവുമില്ലാതെ പോകുന്ന നിങ്ങളുടെ ജീവിതവുമായി ഇതിനെ ഹൽവായും പോത്തിറച്ചിയും പോലെ കൂട്ടികുഴക്കരുത് ബ്ലീസ് !

Read more topics: # literature,# short story,# ente veetile feminism
literature,short story,ente veetile feminism

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES