അടുത്തിടെ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ഗാര്‍ഗി എന്ന ചിത്രത്തിലെ അഭിനയത്തിന് സായ് പല്ലവി നേടിയിരുന്നു. പുരസ്‌കാരനേട്ടത്തിലുള്ള സന്തോഷം പങ്കിട്ട് സായ് പല്ലവി പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഈ ബഹുമതിക്ക് തമിഴ്നാട് സര്‍ക്കാരിനോട് എന്റെ ഹൃദയം നിറഞ്ഞ നന്ദി. പ്രധാനപ്പെട്ട ഒരു കോണ്‍വെര്‍സേഷന് തുടക്കമിടാന്‍ വേണ്ടിയാണ് 'ഗാര്‍ഗി' നിര്‍മ്മിച്ചത്. റിലീസിന് ശേഷം ആ സിനിമ ലക്ഷ്യം വെച്ചത് എന്താണോ അത് തന്നെ കൃത്യമായി നിറവേറ്റി. ഈ അംഗീകാരം (മികച്ച നടിക്കുള്ള പുരസ്‌കാരം) ഞാന്‍ എന്റെ വീട്ടിലെത്തിയത് പോലെയുമുള്ള ഒരു അനുഭവം എനിക്ക് നല്‍കുന്നു.
ഈ അവാര്‍ഡ് പ്രിയപ്പെട്ട ആര്‍.എസ്. ശിവാജി സാറിനും 'ഗാര്‍ഗി'യുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു. ഗൗതം ചന്ദ്രന്‍, 'ഗാര്‍ഗി'ക്കും എന്നിലുള്ള വിശ്വാസത്തിനും ആത്മവിശ്വാസത്തിനും നിങ്ങളുടെ അടങ്ങാത്ത അഭിനിവേശത്തിനും നന്ദി. മികച്ച സംവിധായകനും മികച്ച ചിത്രത്തിനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍!,' സായ് പല്ലവി കുറിച്ചു.
ഈ തലമുറയിലെ നടിമാരില്‍ ഏറ്റവും കൂടുതല്‍ ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടുന്ന ഏക തെന്നിന്ത്യന്‍ നടിയെന്ന റെക്കോര്‍ഡും അടുത്തിടെ സായ് പല്ലവി സ്വന്തമാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'അമരന്‍' എന്ന ചിത്രത്തിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം കൂടി തേടിയെത്തിയതോടെ, സായ് പല്ലവിയുടെ ആകെ അവാര്‍ഡ് നേട്ടം ഏഴായി ഉയര്‍ന്നു.
ഏഴ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ കൂടാതെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മൂന്ന് സൈമ അവാര്‍ഡുകള്‍, തമിഴ്നാട് സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാംസ്‌കാരിക ബഹുമതിയായ 'കലൈമാമണി' പുരസ്‌കാരവും സായ് പല്ലവി നേടി.
ഒരു തമിഴ് ചാനലിലെ 'ഉങ്കളില്‍ യാര്‍ പ്രഭുദേവ' എന്ന റിയാലിറ്റി ഷോയില്‍ സെമി ഫൈനലില്‍ പുറത്തായ ആ പതിനൊന്നാം ക്ലാസുകാരി ഇന്ന് ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയിരിക്കുന്നു. അന്ന് തോറ്റു മടങ്ങിയ ഇടത്തേക്ക് ഒരു വലിയ വിജയമായി സായ് പല്ലവി തിരിച്ചെത്തി. 'പ്രേമം' എന്ന ചിത്രത്തിലെ 'മലര്‍' എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ ദക്ഷിണേന്ത്യയുടെ മുഴുവന്‍ സ്‌നേഹവും താരം നേടിയെടുത്തു.