വാ ര്‍ത്തയില്‍ പറയുന്നത് ശരിയാണെങ്കില്‍ ഇനി അയ്യപ്പന്റെ സംരക്ഷണം കൂടി ഇന്ത്യന്‍ ജനതയ്ക്ക് ലഭിക്കും! തച്ചിനിരുന്ന് ഇന്ത്യക്കാരെ രക്ഷിച്ചുകൊണ്ടിരിക്കുന്ന ഭൂലോക ദൈവങ്ങളുടെ പട്ടികയിലേക്കു അയ്യപ്പനും ഔദ്യോഗികമായി ഉയര്‍ത്തപെടുകയാണ്. Abundance of Security! ശബരിമലയില്‍ കച്ചവടവും ബഹളവും കുറയുന്നതാവാം പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന് ഊഹിക്കാം. രാഷ്ട്രസിരകളിലേക്ക് കൂടുതലായി മതവും അന്ധവിശ്വാസങ്ങളും കുത്തിക്കയറ്റുന്ന പണി ഭരണഘടനാവിരുദ്ധമാണെന്ന് ചെയ്യുന്നവര്‍ക്കുപോലും ബോധ്യമുള്ള കാര്യമാണ്. ആ ബോധ്യം തന്നെയാണ് അവരെ നയിക്കുന്നത്.
ഇത്തരം മതപ്രീണനങ്ങള്‍കൊണ്ട് നാടിനോ നാട്ടാര്‍ക്കോ ഗുണമില്ലെങ്കിലും നയം കൊണ്ടുവരുന്നവര്‍ക്ക് ഗുണമുണ്ട്. മതബോധവും വിഭാഗീയതയും ഊട്ടിയുറപ്പിച്ച് അവര്‍ക്ക് കൂടുതല്‍ നേട്ടംകൊയ്യാനാവും. ആചാരസംരക്ഷണം പ്രധാന ദൗത്യമായി മനസ്സാവരിച്ച ഭരണകൂടങ്ങളാണ് രാജ്യത്തെമ്ബാടും എന്നതിനാല്‍ കൂട്ടിച്ചേര്‍ക്കുന്ന മതം പിന്നീട് മാറ്റാനാവില്ല. അയ്യപ്പസ്തുതിയും ദേവീസ്ത്രോത്രവും റിപ്പബ്ലിക്ക് ദിന പരേഡില്‍ വരെ കുത്തിതിരുകിയിട്ടുണ്ടെന്ന് അറിയുന്ന അന്ധവിശ്വാസി മനസ്സുകള്‍ പൂത്തുലയുമെന്നും അതിന്റെ പേരില്‍ തങ്ങളെ കൂടുതല്‍ പിന്തുണയ്ക്കും എന്ന ചിന്തയാണ് ഇത്തരം അനാശാസ്യ ഇടപെടലുകള്‍ നടത്താന്‍ രാഷ്ട്രീയകക്ഷികളെ പ്രേരിപ്പിക്കുന്നത്. ആരും എതിര്‍ക്കാത്ത നിലപാടായി മതപ്രീണനം മാറുന്നത് അങ്ങനെയാണ്. മതേതരം എന്നു നെറ്റിയില്‍ എഴുതിയൊട്ടിച്ച കക്ഷികളെ തട്ടി വഴി നടക്കാനാവാത്ത രാജ്യത്താണ് നിര്‍ലജ്ജമായി രീതിയില്‍ ഇങ്ങനെ മതം പിടിമുറുക്കുന്നത്. സെക്കുലറായ പൊതുഇടങ്ങള്‍ രാജ്യത്ത് ഉണ്ടാകാന്‍ പാടില്ലെന്ന വ്രതം എടുത്തപോലെയാണ് രാഷ്ട്രീയകക്ഷികളുടെ പെരുമാറ്റം.
മറ്റ് മതക്കാരും എതിര്‍ക്കില്ല. അവര്‍ പ്രതീക്ഷയുടെ ക്യൂവിലാണ്. മതമാണ് രാഷ്ട്രീയം എന്ന നയം ഏതാണ്ട് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. അപകടകരമായി രാഷ്ട്രീയ കീഴ്‌വഴക്കങ്ങളാണ് ലോകമെമ്ബാടും തിരിച്ചു വരുന്നത്. റഷ്യയില്‍ വ്‌ളാഡിമിര്‍ പുട്ടിന്‍ മൈനസ് ഡിഗ്രി ഊഷ്മാവുള്ള ജലത്തില്‍ ആചാരപരമായി മുങ്ങിക്കുളിക്കുന്ന ചിത്രം വര്‍ഷംതോറും പുറത്തുവരാറുണ്ട്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് റഷ്യയില്‍ പ്രതാപത്തിലാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിക്കാകട്ടെ, പൂജയൊഴിഞ്ഞ് നേരമില്ലാത്ത അവസ്ഥ! ഭൂമിപൂജയും വാക്‌സിന്‍ പൂജയും പാര്‍ലമെന്റിനെ ഉഴിയലും കല്ലിടിലും പന്തനാഴിയുമൊക്കെ കഴിഞ്ഞ് പുതിയ പുതിയ ഐറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
മതപ്രീണനം മദ്യപാനാസക്തി പോലെയാണ്. ഇപ്പോള്‍ ചെയ്യുന്നതിലും കൂടുതല്‍ അടുത്ത തവണ ചെയ്‌തെങ്കിലേ സമാനമായ കിക്ക് ലഭിക്കൂ. രാജ്യത്തെ മതത്തിന്റെ വഴിക്ക് ആട്ടിത്തെളിക്കാന്‍ വെമ്ബുന്ന ഭരണകൂടത്തിന്റെ ചെയ്തികള്‍ക്ക് എല്ലാ രാഷ്ട്രീയകക്ഷികളും മത്സരിച്ച് ചൂട്ടുപിടിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരം . എന്നിട്ടും റിലിജിയോ ഫോബിയ എന്ന പദം ഇതുവരെ പ്രചാരത്തില്‍ വന്നിട്ടില്ല. ജയ് കാളി, ജയ് ബജറംഗബലി എന്നൊക്കെ വിളിക്കുന്ന സൈനികദളങ്ങളാണ് ഈ മതേതര രാജ്യത്തുള്ളതെന്ന് വാദിച്ച് വെള്ളയടിക്കുന്നവരെ കാണാനായി. തെറ്റുകള്‍ ന്യായീകരിക്കാനായി കൂടുതല്‍ തെറ്റുകള്‍! റിപ്പബ്‌ളിക് ദിനം സൈനികര്‍ സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിക്കുമത്രെ?! ഏതോ സിനിമയില്‍ സലിംകുമാറിന്റെ കഥാപാത്രം ചോദിക്കുന്നതുപോലെ: എന്തിന്?