കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ജീവിതം വിജയിപ്പിച്ചെടുത്ത നടനാണ് ജയസൂര്യ. ജയന്‍ മരട് എന്ന സാധാരണക്കാരന്‍ ജയസൂര്യ എന്ന നടനായി വിജയിച്ചതിനു പിന്നില്‍ കഠിനാധ്വാനവും പരിശ്രമവും തന്നെയാണുണ്ടായിരുന്നത്. എന്നാലിപ്പോഴിതാ, നടന്റെ അമ്മ വിടവാങ്ങിയെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മരട് സ്വദേശിയായ ജയസൂര്യ അവിടെയുള്ള സാധാരണ കുടുംബത്തിലായിരുന്നു ജനിച്ചത്. മണിയുടെയും തങ്കത്തിന്റെയും മൂത്ത മകന്‍. തട്ടാര്‍ സമുദായത്തില്‍പ്പെട്ട അച്ഛന്റെ കുടുംബം പരമ്പരാഗതമായി സ്വര്‍ണ പണിക്കാരായിരുന്നു. അമ്മ ഒരു സാധു സ്ത്രീയുമായിരുന്നു. കൂലിപ്പണിയും മറ്റും എടുത്ത് മക്കളെ പോറ്റിയിരുന്ന അമ്മ. ജയസൂര്യയ്ക്ക് ഒരു സഹോദരിയുമുണ്ട്. ജയന്‍ മരട് എന്നായിരുന്നു നടന്റെ യഥാര്‍ത്ഥ പേര്. മകന്റെ സിനിമാ മോഹങ്ങള്‍ക്ക് പൂര്‍ണപിന്തുണയേകി നിന്ന അമ്മയ്ക്ക് ഉറച്ച വിശ്വാസമായിരുന്നു മകന്‍ എന്നെങ്കിലും ഒരിക്കല്‍ രക്ഷപ്പെടുമെന്ന്. അതിനായുള്ള പ്രാര്‍ത്ഥനകളായിരുന്നു അവരുടെ ജീവിതവും.
ഒടുവില്‍ ആ പ്രാര്‍ത്ഥനയെല്ലാം സഫലമാക്കികൊണ്ടാണ് ജയസൂര്യ പ്രശസ്തിയിലേക്ക് കുതിച്ചത്. ഇപ്പോഴിതാ, തങ്കം എന്ന ആ അമ്മ മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഫേസ്ബുക്ക് പേജുകളിലാണ് ഇക്കാര്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതും. അതേസമയം, ഒരിക്കല്‍ പോലും ജയസൂര്യയുടെ അച്ഛനും അമ്മയും സോഷ്യല്‍ മീഡിയകളില്‍ എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. സഹോദരിയും അങ്ങനെതന്നെ. അതേസമയം, ഭാര്യ സരിതയുടെ അമ്മയും സഹോദരിയും കുടുംബവും എല്ലാം സോഷ്യല്‍ മീഡിയയ്ക്ക് പരിചിതവുമാണ്. ഇക്കാരണത്താല്‍, പലപ്പോഴും നടന്‍ അച്ഛനേയും അമ്മയേയും ഉപേക്ഷിച്ചുവെന്നും തിരിഞ്ഞുനോക്കുന്നില്ലായെന്നുമൊക്കെ വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും അതെല്ലാം വ്യാജമാണ്.
അച്ഛനെയും അമ്മയേയും പൊന്നുപോലെ നോക്കുന്ന മകന്‍ ആയിരുന്നു അദ്ദേഹം. എവിടെയും തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ കൂടുതലായി ജയസൂര്യ പറഞ്ഞു കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ അച്ഛന്റെയും അമ്മയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയില്‍ നിറയുന്നുമില്ല. 2001ല്‍ ദോസ്ത് എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് ജയസൂര്യ സിനിമയില്‍ എത്തിയത്. ഇതിലൂടെ താരങ്ങളുമായി പരിചയപ്പെട്ടപ്പോള്‍ കാവ്യാ മാധവന്‍ വഴിയാണ് 2002-ല്‍ വിനയന്‍ സംവിധാനം ചെയ്ത 'ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍' എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തിയത്. ഇതേ ചിത്രത്തിന്റെ തമിഴ് റീമേക്കായ എന്‍ മാനവനിലും അഭിനയിച്ചു. ഒന്നിലേറെ നായകന്‍മാരുള്ള ചിത്രങ്ങളാണ് ഈ നടന് ഏറെ നേട്ടമായത്. സ്വപ്നക്കൂടും പുലിവാല്‍ കല്യാണവും കഴിഞ്ഞ് ചതിക്കാത്ത ചന്തുവിന്റെ വന്‍ വിജയത്തില്‍ നില്‍ക്കവേയാണ് വിവാഹം കഴിച്ചത്.
സിനിമയില്‍ എത്തും മുമ്പ് ഒരു ഫോണ്‍ ഇന്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് ജയസൂര്യ സരിതയുമായി പരിചയപ്പെടുന്നത്. സ്ഥിരമായി ഈ പരിപാടി കണ്ടുകൊണ്ടിരുന്ന സരിതയും അമ്മയും പ്രോഗ്രാമിലേക്ക് വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തിരുന്നു. അങ്ങനെ ഒരിക്കലാണ് പുറത്തു വച്ചു കണ്ടതും സംസാരിച്ചതും. അതിനിടെയാണ് ജയസൂര്യ ഒരു അപ്പാര്‍ട്‌മെന്റിലേക്ക് താമസം മാറിയത്. തൊട്ടടുത്ത് അയല്‍ക്കാരായി സരിതയും കുടുംബവും ഉണ്ടായിരുന്നു. അയല്‍ക്കാര്‍ ആയതോടെയാണ് ഇരുവരും കൂടുതല്‍ അടുത്തതും പിന്നീട് പ്രണയത്തിലാകുന്നതും. എന്നാല്‍ അടുത്തടുത്ത് കഴിഞ്ഞിരുന്നെങ്കിലും ഈ പ്രണയബന്ധം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. സിനിമയിലെത്തി പ്രശസ്തനായപ്പോഴാണ് പ്രണയവും വിവാഹവുമെല്ലാം അതിവേഗമായത്.