വാക്സിന്‍ സ്വീകരിച്ച ഒരു നഴ്സ് കുഴഞ്ഞുവീണു! ഹോ; സമൂഹത്തില്‍ വാക്സിന്‍ വിരുദ്ധതയും ഭീതിയും പടര്‍ത്തുന്ന നാലാംകിട മാധ്യമപ്രവര്‍ത്തനം മുഖ്യധാരാ മാധ്യമങ്ങള്‍പോലും ഉപേക്ഷിക്കുന്നില്ല; സി രവിചന്ദ്രന്‍ എഴുതുന്നു

Malayalilife
വാക്സിന്‍ സ്വീകരിച്ച ഒരു നഴ്സ് കുഴഞ്ഞുവീണു! ഹോ; സമൂഹത്തില്‍ വാക്സിന്‍ വിരുദ്ധതയും ഭീതിയും പടര്‍ത്തുന്ന നാലാംകിട മാധ്യമപ്രവര്‍ത്തനം മുഖ്യധാരാ മാധ്യമങ്ങള്‍പോലും ഉപേക്ഷിക്കുന്നില്ല; സി രവിചന്ദ്രന്‍ എഴുതുന്നു

ഭീതിവ്യാപാരികള്‍ സമൂഹത്തോട് ചെയ്യുന്നത്‌

(1) വാക്‌സിന്‍ സ്വീകരിച്ച ഒരു നഴ്‌സ് കുഴഞ്ഞുവീണു! ഹോ!!
എന്താണ് വാക്‌സിന്‍? രോഗകാരിയായ സൂക്ഷാമാണുവിന്റെ ശരീരഭാഗമോ പ്രോട്ടീനോ മറ്റെന്തെങ്കിലും ഭാഗമോ വളരെ നേരിയ അളവില്‍ രോഗമില്ലാത്ത ഒരാളുടെ ശരീരത്തിലേക്ക് കുത്തിവെക്കുകയാണ്. അതില്‍ പ്രിസര്‍വേറ്റീവുകളും അഡ്ജുവന്റുകളും അടക്കമുള്ള മറ്റ് രാസഘടകങ്ങളുമുണ്ട്. ഇവയൊന്നും ശരീരത്തിന് ആവശ്യമുള്ള കാര്യങ്ങളല്ല. മറിച്ച്‌ രോഗത്തിനെ നേരിടുന്നതിന്റെ ഭാഗമായുള്ള കരുതല്‍ ചികിത്സയാണ്. സ്വാഭാവികമായും കുത്തിവെപ്പിന് ശേഷം കുറച്ചുപേരിലെങ്കിലും ചില്ലറ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടാവാം. അലര്‍ജിയും മറ്റ് വിഷമതകളും ഉള്ളവരുടെ കാര്യത്തില്‍ വിശേഷിച്ചും. കുത്തിവെപ്പിന് ശേഷം കുറച്ചു സമയം നിരീക്ഷണവും വിശ്രമവും ആവശ്യമാണ് എന്നു പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.

(2) കേരളത്തില്‍ Pentavalent vaccine‍ കുത്തിവെച്ച കാലത്തും മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്താവിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അന്നും ഇതുസംബന്ധിച്ച ബോധവത്കരണം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തുമ്ബോഴും ശാരീരിക പ്രശ്‌നങ്ങള്‍ തോന്നുന്നവരുടെ വിഷയം വലിയ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്ത് അര്‍മാദിക്കുന്ന മാധ്യമങ്ങളെ കാണാനാവുന്നു. സമൂഹത്തില്‍ വാക്‌സിന്‍ വിരുദ്ധതയും ഭീതിയും പടര്‍ത്തുന്ന നാലാംകിട മാധ്യമപ്രവര്‍ത്തനം മുഖ്യധാരാ മാധ്യമങ്ങള്‍പോലും ഉപേക്ഷിക്കുന്നില്ല. ആയിരം പേര്‍ക്ക് കുത്തിവെപ്പ് നടത്തുമ്ബോള്‍ പത്തോ ഇരുപതോ പേര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാകുന്നുവെങ്കില്‍ അവരെയെല്ലാം കൂട്ടിയിണക്കി ഭീതിവാര്‍ത്ത പരത്തുന്നത് വളരെ മോശം പരിപാടിയാണ്.

(3) ഇത്തരം മാധ്യമങ്ങള്‍ക്ക് വേണ്ടത് വിറ്റഴിയുന്ന ഒരു 'ഞെട്ടിപ്പിക്കുന്ന വാര്‍ത്ത'യാണ്. അതു സമൂഹ പൊതുബോധത്തില്‍ ഉണ്ടാക്കുന്ന സംശയവും ആഘാതവും അവരുടെ വിഷയമേ അല്ല. പ്രധാനമായും റിപ്പോര്‍ട്ടര്‍മാരുടെ അറിവില്ലായ്മയും ശാസ്ത്രവിരുദ്ധതയുമാണ് ഇവിടെ പ്രകടമാകുന്നതെങ്കിലും പോളിസി എന്ന നിലയില്‍ കേരളത്തിലെ മിക്ക മാധ്യമങ്ങളും മുന്നോട്ടുവെക്കുന്ന നിലപാട് ഇതു തന്നെയാണ്. ഇവര്‍ക്കിടയിലാണ് ഏറ്റവുമധികം ബോധവത്കരണം ആവശ്യമുള്ളത്. സത്യത്തില്‍ നിഷ്പക്ഷത പോലും തെറ്റിദ്ധരിക്കപെടുന്ന മേഖലയാണിത്. സിനിമ-രാഷ്ട്രീയ വാര്‍ത്തകള്‍ അടിച്ചിറക്കുന്ന ലാഘവത്തോടെ ശാസ്ത്ര സംബന്ധിയായ വാര്‍ത്തകള്‍ തര്‍ജമ ചെയ്തുവെക്കരുത്. വാക്‌സിന്‍ കുത്തിവെപ്പ് ഉണ്ടാക്കുന്ന അപൂര്‍വമായ ശാരീരിക പ്രശ്‌നങ്ങള്‍ എന്താണെന്നും അതിന്റെ വിശദാംശങ്ങളും കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ ബോധ്യപെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സര്‍ക്കാര്‍തലത്തില്‍ നിര്‍ബന്ധിത പരിശീലനം അവര്‍ക്ക് നല്‍കണം.

(4) അല്ലെങ്കില്‍ നടി ഇരട്ട പെറ്റു എന്ന സ്ഥിരം ശൈലിയില്‍ വാക്‌സിന്‍ വാര്‍ത്തകളും അവര്‍ പുറത്തുവിടും. ഇതു സംബന്ധിച്ച്‌ ഏതൊരു വാര്‍ത്തയിലും വാക്‌സിന്‍ കുത്തിവെപ്പിന് ശേഷമുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ചും അതിന്റെ നിരക്കും വിശദാംശങ്ങളും വ്യക്തമാക്കി വായനക്കാരുടെ സംശയം ദൂരീകരിക്കുന്ന മാധ്യമശൈലി ഉണ്ടാവണം. ഒന്നോര്‍ക്കുക, ഇതുമൂലം ഉണ്ടാകുന്ന ഭയവും സംശയവും തിരിച്ചെടുക്കാന്‍ അവര്‍ക്കാവില്ല. ആധുനിക സമൂഹത്തില്‍ വാക്‌സിന്‍ വിരുദ്ധത ലക്ഷണമൊത്ത സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ്. അറിഞ്ഞോ അറിയാതെയോ കേരളത്തിലെ മാധ്യമങ്ങള്‍ വീണ്ടുംവീണ്ടും അതിന്റെ ഭാഗമാകുന്നു എന്നത് അങ്ങേയറ്റം നിരാശാജനകമായ കാര്യമാണ്.

c ravichandran note about fourth estate

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES