ഐഡിയോളേജി എന്ന പദം ആദ്യമായി കേട്ടത് 1978 ലാണ് എന്നാണ് ഓര്‍മ്മ. ഏഴാംക്ളാസ്സിലെ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാണ് സി പി എം എല്ലാം ശനിയാഴ്ചയും നടത്തിയിരുന്ന സ്റ്റഡി ക്ലാസ്സില്‍ പോകുവാന്‍ തുടങ്ങിയത്. ഞങ്ങളുടെ കടമ്ബനാട് പഞ്ചായത്തില്‍ കല്ലുകുഴി ജംക്ഷന് അടുത്തുള്ള ഒരു ടൂഷന് സെന്ററിലായിരുന്നു ക്ലാസ്.
പാര്‍ട്ടി സ്റ്റഡി ക്ളാസ്സുകള്‍ എടുത്തത് സഖാവ് ദാമോദരന്‍ ഉണ്ണിത്തനായിരുന്നു. അതില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞയാള്‍ ആയിരിന്നു. ആ ക്ളാസുകള്‍ മുതലാണ് രാഷ്ട്രീയവും രാഷ്ട്രീയചരിത്രവും ഗൗരവമായി വായിക്കാന്‍ തുടങ്ങിയത്. അതു കൊണ്ടു തന്നെ ഗൗരവമായി രാഷ്ട്രീയം വായിക്കാന്‍ പ്രേരിപ്പിച്ച സി പി എം എന്ന പാര്‍ട്ടിയോട് ഒരു പ്രതേക സ്നേഹമുണ്ട്. അന്നും ഇന്നും ഏറ്റവും അടുത്ത ഒരുപാട് കൂട്ടുകാര്‍ ആ പാര്‍ട്ടിയിലുണ്ട്.
അക്കാലത്തു സമത്വ സുന്ദരമായ കമ്മ്യുണിസ്റ്റ് സ്വര്‍ഗ്ഗ രാജ്യം സ്വപ്നം കാണുന്ന ചെറുപ്രായം. ടീനേജില്‍ വളരെ തീവ്രമായിരുന്ന ജിജ്ഞാസ. കൈയില്‍ കിട്ടുന്ന ഏത് പുസ്തകവും എല്ലാ ദിവസവും വായിച്ചു തീര്‍ക്കുന്ന വിജ്ഞാന കൗതുകം കൂടി വരുന്ന സമയം.
സോവിയറ്റ് നാട് മാസിക വായിച്ചു വായിച്ചു സമത്വ സുന്ദരമായ, എല്ലാവര്ക്കും എല്ലാമുള്ള സോവിയറ്റ് റഷ്യയില്‍ എന്നെങ്കിലും പോകണം എന്ന് ആഗ്രഹം തോന്നിയ നാളുകള്‍.
സ്റ്റഡി ക്ളാസ്സിന് പോകുമ്ബോള്‍ നോട്ട് ബുക്കുമായാണ് പോയിരുന്നത് . അതില്‍ കുറിച്ച് വച്ചിരുന്ന, പ്രിമിറ്റിവ് കമ്മ്യുണിസം, ഫ്യുഡലിസം, വ്യാവസായിക വിപ്ലവം, പിന്നെ സോഷ്യലിസം, അത് കഴിഞ്ഞ് പൊലീസും ഭരണ കൂടവും എല്ലാം കൊഴിഞ്ഞു പോകുന്ന സമത്വ സുന്ദരമായ ഭൂമിയിലെ സ്വര്‍ഗമായ കമ്മ്യുണിസം.
അതൊക്ക കേട്ടപ്പോള്‍ പണ്ട് സണ്ടേസ്കൂളില്‍ പഠിച്ച ക്രിസ്തുവിന്റെ രണ്ടാംവരവിന് ശേഷമുള്ള ആയിരം ആണ്ടു വാഴ്ചയും, അത് പോലെ 'മാവേലി നാട് വാണീടും കാലം മനുഷ്യരെല്ലാരും ഒന്നും പോലെ ആമോദത്തോടെ വസിക്കും കാലം' പോലെയൊക്കെയുള്ള ഒരു സൂത്രം ആയിരിക്കും കമ്മ്യുണിസം എന്ന് ഒരു പന്ത്രണ്ടുകാരന് തോന്നി. അതിനിടയില്‍ ബൂര്‍ഷായെയും പെറ്റി ബൂര്‍ഷായെയും എല്ലാം തോല്‍പ്പിച്ചു പ്രോലിറ്റേറിയന്‍ വിപ്ലവം. അത് കഴിഞ്ഞ് തൊഴിലാളി വര്‍ഗ്ഗ സമഗ്രാധിപത്യത്തില്‍ കൂടെ സോഷ്യലിസം. സോഷ്യലിസ്റ്റ് മക്കയായ മോസ്കോയും ബീജിംഗും ഒക്കെകാണാണം എന്ന് കലാശാലയ മോഹം തോന്നിതുടങ്ങിയത് പന്ത്രണ്ടു വയസ്സിലാണ്. ഓരോ സ്റ്റഡി ക്ലാസ് കഴിയുമ്ബോഴും വായിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് തരും. അങ്ങനെ ആദ്യം വായിച്ച രണ്ടു രാഷ്ട്രീയ പുസ്തങ്ങളാണ് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയും ഇ എം എസ്സിന്റ കേരളം മലയാളികളുടെ മാതൃ ഭൂമിയും.
അന്നൊക്കെ കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് എന്തു മാത്രം ആകാംഷയോടെയാണ്. 1848 ഇല് മാര്‍ക്സും എന്ഗല്സും കൂടി എഴുതിയ പുസ്തകം ആദ്യം വായിച്ചത് ഞങ്ങളുടെ വീടിന് തൊട്ടടുത്തുള്ള സത്യവാന് സ്മാരക ഗ്രന്ഥ ശാലയില്‍ നിന്നായിരുന്നു. വളരെ പഴകിയ പുസ്തകം . അത് കഴിഞ്ഞു പ്രഭാത് ബുക്ക് ഹൗസ് ന്റെ കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വാങ്ങി വായിച്ചു അടിവരെ ഇട്ട് പഠിച്ചു. പിന്നീടാണ് പ്രോഗ്രെസ്സിവ് പബ്ലിക്കേഷനില്‍ നിന്നും കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ ഇഗ്ളീഷ് വായിച്ചത് മാനിഫെസ്റ്റയിലെ വാക്യങ്ങള്‍ പലതും അന്ന് മനപ്പാഠമാക്കി. അതിന്റെ ആദ്യവരി മനസ്സില്‍ കയറിയത് ഇപ്പഴും അവിടെയുണ്ട് .
'A specter is haunting Europe-the specter of Communism. All the powers of old Europe have entered into a holy alliance to exorcise this specter; Pope and Czar, Metternich and Guizot, French radicals and German police spies.'
'The history of all hitherto existing osciety is the history of class struggles' 'Communism deprives no man of the power to appropriate the products of osciety: all that it does is to deprive him of the power to subjugate the labor of others by means of such appropriation' മാനിഫെസ്റ്റോയുടെ അവസാന വരികളിലെ ആഹ്വനം വായിക്കുമ്ബോള് അക്ഷരര്‍ത്ഥത്തില്‍ കോരിത്തരിപ്പുണ്ടാകുമായിരിന്നു. കാരണം അന്നത് അത് പ്രത്യാശയുടെ കാഹള നാദമായി തോന്നി.
'Let the ruling classes tremble at a Communistic revolution. The proletarians have nothing to lose but their chains. They have a world to win. Workingmen of all countries unite!' അന്ന് കേട്ടിരുന്ന ' സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍, സംഘടിച്ചു സംഘടിച്ചു ശക്തരാകുവിന് ' അത്പോലെ ' നഷ്ട്ടപ്പെടുവാനില്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ, കിട്ടാനുള്ളത് പുതിയൊരു ലോകം നാം ഭരിക്കും ലോകം ' ഇതൊക്കെ കേള്‍ക്കുമ്ബോള്‍ എന്ത് ആവേശമായിരുന്നു. ഈ അവശേത്തിന്റ പശ്ചാത്തലം അടിയന്തര അവസ്ഥയോടുള്ള കഠിനമായ എതിര്‍പ്പായിരുന്നു. അങ്ങനെയാണ് സി പി എമ്മിനോട് താല്പര്യം കൂടിയത് ആ കാലത്ത് മൂലധനം ഒന്നാം വോളിയം വായിച്ചെങ്കിലും ഒരു പുണ്ണാക്കും മനസ്സിലായില്ല. പക്ഷെ സഖാവ് ദാമോദരന്‍ ഉണ്ണിത്താന് അതൊക്കെ മണി മണിയായി പഠിപ്പിച്ചു തന്നു. ആ സ്റ്റഡി ക്ലാസ്സിലാണ് അദ്ദേഹം എന്തുകൊണ്ടു ഐഡിയോളേജി അഥവാ പ്രത്യയ ശാസ്ത്രം വര്‍ഗ്ഗ സമരത്തിന് അത്യാവശ്യമാണ് എന്ന് പറഞ്ഞു തന്നത്
വൈരുധ്യധിഷ്ഠിത സിദ്ധാന്തവും വര്‍ഗ്ഗ സമരവും സോഷ്യലിസവും മാനവിക സമത്വ മൂല്യങ്ങളും സാകല്യമായി മനുഷ്യനെക്കുറിച്ചും മനുഷ്യ അവസ്ഥയെകുറിച്ചും ചരിത്രത്തെയും പ്രകൃതി യെ കുറിച്ചുമൊക്കെയുള്ള വിചാരധാരയാണ് നമ്മുടെ പ്രത്യയശാസ്ത്രം എന്നാണ് പഠിപ്പിച്ചത്. ബൂര്‍ഷാ മുതലാളിത്ത പ്രത്യയശാസ്ത്രത്തിന് നേരെ വിപരീതമാണ്.
ഇതൊക്കെ ഒരു ടീനേജ്കാരന് വേദവാക്യം ആയിരുന്നു.
പക്ഷെ വേദപുസ്തകം വായിക്കുമ്ബോള് പോലും അതിനെകുറിച്ച് ചിന്തിച്ചപ്പോഴാണ് പുസ്തത്തില്‍ പറയുന്നതും പള്ളിയില്‍ നടക്കുന്നതും തമ്മില്‍ വലിയ ബന്ധമില്ലന്നു മനസ്സിലാക്കിയത്. പള്ളിയില്‍ ഏറ്റവും കൂടുതല്‍ പ്രസംഗിക്കുന്നവര്‍ അതിനു കടക വിരുദ്ധമാണ് ജീവിക്കുന്നത് എന്ന് മനസ്സിലായി.പുസ്തകത്തിലെ ആദര്‍ശങ്ങള്‍ പ്രസംഗിച്ചിട്ട് ജീവിതത്തില്‍ അതു പാലിക്കാതെ വരുമ്ബോഴാണ് പുസ്തകത്തിലെ പശു പുല്ല് തിന്നില്ലന്നും പുസ്തകത്തിലെ പഞ്ചസാരക്ക് മധുരം ഇല്ലെന്നും മനസ്സിലാക്കിയത്. അത് പോലെ കമ്മ്യുണിസ്റ്റ് എന്ന് അവകാശപെട്ട പലരും ജീവിതത്തില്‍ മാടമ്ബി അഹങ്കാരങ്ങളില്‍ നിന്നും മാറിയില്ല എന്ന് കണ്ടറിഞ്ഞു. പ്രസംഗം ഇടത്തോട്ടും ജീവിതം വലത്തോട്ടുമായ ഒരുപാട് സാമൂഹിക യാഥാസ്ഥിതികര്‍ക്ക് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയും മാര്‍ക്സ് സ്വപ്നകണ്ട സ്വപ്നഭൂമിയുമൊന്നും വിഷയമേ ആയില്ല.
വേദ പുസ്തകത്തിലെ യേശു പാവങ്ങളുടെ യേശു ആയിരുന്നു. അധ്വാനിക്കുന്ന തൊഴിലാളിയായ അദ്ദേഹത്തോടൊപ്പം കൂടിയവരെല്ലാം മത്സ്യ തൊഴിലാളികളും വല നെയ്യുന്നവരും അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും പീഡിതരും ദുഃഖിതരും ആയിരുന്നു.
അധികാര അഹങ്കാരത്തിന്റെ ഐഡി യോളേജിയെ വിമര്‍ശിച്ച സ്നാപക യോഹന്നാന്റെ തലവെട്ടി. അധികാര അഹങ്കാരങ്ങള്‍ക്കും പള്ളിയെ കച്ചവട സ്ഥലമാക്കുന്നതിനും എതിരെ പ്രതികരിച്ച യേശുവിനെ ക്രൂശിച്ചു പക്ഷെ ഇന്ന് ആ ആദര്‍ശങ്ങള്‍ അധികാര രൂപങ്ങളായപ്പോള്‍ അവര്‍ അവരുടെ പരീശ ഭക്തികൊണ്ടു യേശുവിനെ നിരന്തരം ക്രൂശിക്കുന്നു.
എല്ലാ ആദര്‍ശങ്ങളും അധികാര രൂപങ്ങളാകുമ്ബോള് അവര്‍ ആദ്യം മറക്കുന്നത് ആദര്‍ശമാണ്. ആദര്‍ശം അധികാരമാകുമ്ബോള് പിന്നീട് അഹങ്കാരാവുമ്ബോള് ആദര്‍ശം പറയുന്നവരെ ശത്രുക്കളാക്കും ശത്രുക്കള്‍ക്കെതിരെ ഉന്മൂലന സിദ്ധാന്തമാണ് സംഘടിത മത ശക്തികളും രാഷ്ട്രീയ ശ്കതികളും അന്നും ഇന്നും ഉപയോഗിക്കുന്നത്. അങ്ങനെയാണ് ഗലീലിലയോയെ ജയിലില്‍ അടച്ചത് . ചോദ്യം ചെയ്തവരെ സൈബീരിയന്‍ ജയിലില്‍ അടച്ചിട്ട് നിശബ്ദമാക്കിയത്. ട്രോട്സ്കിയെ വധിച്ചത്.
മാര്‍ക്സിസവും റോസാ ലക്സബര്ഗും ഗ്രാംഷിയും ന്യൂ ലെഫ്റ്റും ഫ്രാങ്ക്ഫര്‍ട്ട് സ്കൂളും ഇ പി തോംസണും , ഏറിക് ഹോബ്സ്വാമും എല്ലാം ഗൗരവമായി വായിച്ചത് പൂനയില്‍ വച്ചാണ്.
പിന്നീട് ഉണ്ടായ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ പലരും അക്കാഡമിക് മാര്ക്സിറ്റുകളോ പോസ്റ്റ് കമ്മ്യൂണിസ്റ്റുകളോ ആയിരുന്നു. പക്ഷെ അന്നും ഇന്നും അലട്ടിയ പ്രശ്നം പുസ്തകങ്ങളില്‍ നിന്നും അക്കാഡമിക് ഡിബെറ്റുകളില് നിന്നും അനുദിന ജീവിത അവസ്ഥയില്‍ ലോകത്തു കാണുന്ന വൈരുധ്യങ്ങളും കാപട്യങ്ങളുമാണ്. വേദപുസ്തത്തില്‍ യേശു പറഞ്ഞ സ്നേഹം പലപ്പോഴും ഏറ്റവും കൂടുതല്‍ വറ്റിപോകുന്നത് അതിന്റ പേരില്‍ ഉയര്‍ന്ന അധികാര പള്ളി മേടകളിലാണ്.
കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോയില്‍ നിന്നും വളരെ വളരെ അകലെ വിപരീത ദിശയിലാണ് അതിന്റെ പേരില്‍ ഉളവായ സംഘടിത സംഘ അധികാര രൂപങ്ങള്‍. ലെനിന് ഇല്ലാത്ത സെന്‍ട്രലൈസ്ഡ് അധികാര ഘടനകള്‍. മാര്‍ക്സിന്റെ ആദര്‍ശങ്ങള്‍ എന്നോ കൈമോശം വന്ന അഭിനവ മാര്‍ക്സിറ്റുകള്‍ പള്ളി മേടകളില്‍ യേശു ഇല്ലാത്തത് പോലെ അധികാര അകത്തളങ്ങളില്‍ മാര്‍ക്സും എങ്കല്‍സും ഭിത്തിയില്‍ വെറും ഫോട്ടോകള്‍ മാത്രമായി പരിണമിച്ചു. ഇന്ന് സ്മാര്‍ട്ട്ഫോണും ആപ്പും ഉള്ള പ്ലാറ്ഫോം ഇക്കോണമിയില്‍ തൊഴിലാളികള്‍ക്ക് അരിവാളും ചുറ്റികയും ആവശ്യ പണി ഉപകരണങ്ങള്‍ അല്ല. അതു അധികാര ചിഹ്നങ്ങളായി പരിണമിച്ചു.
യേശുവിനെ ക്രൂശിച്ച ക്രൂശിനെ റോമാ സാമ്രാജ്യം അധികാര ചിഹ്നം ആക്കിയത്പോലെ.
കഴിഞ്ഞ ഇരുപതുകൊല്ലങ്ങളില്‍ പത്തൊഒമ്ബതാം നൂറ്റാണ്ടില്‍ ഉളവായ ജനായത്തം സോഷ്യലിസം കമ്മ്യുനിസം എല്ലാം വലിയ ആന്തരിക പ്രതിസന്ധികള്‍ നേരിടുകയാണ്.
ഇതിന് പല കാരണങ്ങളുണ്ട്. അതില്‍ പ്രധാനം ഡിജിറ്റല്‍ വാര്‍ത്ത വിനിമയ വിപ്ലവമാണ്. ഇന്ന് മുകളില്‍ നിന്ന് താഴോട്ടുള്ള പഴയ പ്രോപഗണ്ട മോഡല്‍ കലഹരണപെട്ടു. വാര്‍ത്ത വിതരണ വിനിമയങ്ങളുടെ മോണോപ്പളി മാറി.വിവരങ്ങള്‍ പലരീതിയില്‍ പലയിടത്തു നിന്നും പറന്നു വന്നു എല്ലായിടത്തും എല്ലാ തലത്തിലും പരന്നൊഴുകുമ്ബോള് അതിനു തടയിടാന്‍ സംഘബല ശ്കതികൊണ്ടു മാത്രം സാധിക്കില്ല. ഡിജിറ്റല്‍ റെവലൂഷന് കാലത്തു എല്ലാ പ്രൊപ്പഗാണ്ടയും പെട്ടന്ന് വിവര-വിജ്ഞാന ഒഴുക്കില്‍ പെട്ടു അപ്രത്യക്ഷമാകുന്നു. സ്മാര്‍ട്ട് ഫോണിന്റെ യുഗത്തില്‍ പഴയ പുസ്തകങ്ങള്‍ ബുക്ക് ഷെല്ഫുകളില് നിത്യ വിശ്രമത്തിലാണ്.
ഐഡിയോലജി അച്ചടിച്ച പുസ്തകവ്യാഖ്യാനത്തില്‍ നിന്നും നീണ്ട പൊതു വാദങ്ങളില്‍ നിന്നും മൈക്രോബ്ലോഗിംഗിന്റയും ഇന്‍സ്റ്റയുടെയും കാലത്തു ഐഡിയോളേജി കേള്‍ക്കാന്‍ ആര്‍ക്കും ശ്രദ്ധ ക്ഷമയും, ക്ഷമത ഇല്ലാതെ വന്നു.
ഭരണവും അധികാരവും പ്രധാന ഉദ്ദേശമായപ്പോള്, വിപ്ലവം നീണ്ട അവധിയില്‍ നിത്യതയില്‍ പ്രവേശിച്ചു. മധ്യ വര്‍ഗ്ഗം മധ്യവര്‍ഗ്ഗത്തിന് വേണ്ടി മധ്യവര്‍ഗ്ഗ സംഘടന ബലത്തില്‍ അധികാര താല്പര്യങ്ങള് പഴകിയ ഐഡിയോളേജിയെ ചില്ല് അലമാരകളില്‍ പൂട്ടിയിട്ടു. ജനായത്തം കോര്‍പ്പറേറ്റ് ശിങ്കിടി മുതലാളിത്തവും അവരുടെ ശിങ്കിടി മാധ്യമങ്ങളും ഹൈജാക്ക് ചെയ്തു.
പഴയ ജനായത്ത, സോഷ്യല്സ്റ്റ് ഐഡിയോളെജി എല്ലാം അകത്തു നിന്ന് ടോര്‍പിഡോ ചെയ്തു.
ഇന്ന് സര്‍വെലിയന്‍സ് യുഗമാണ് . എല്ലാവരെയും സദാ സമയം നോക്കി നോക്കി, അവര്‍ എഴുതുന്നതും വായിക്കുന്നതും നോക്കി ഗണിച്ചു അവരുടെ ഭൂതവും ഭാവിയും നിര്‍ണ്ണയിക്കുന്ന അധികാരികള്കളും അവരുടെ സ്തുതി പാഠകരും ദല്ലാളുകളും ഉള്ളപ്പോള്‍ ജനായത്തം തന്നെ പ്രഹസനമാകുന്ന വല്ലാത്ത കാലം .
പഴയ ഐഡിയോളേജിയുടെ സ്ഥാനത്തു കൂടുതല്‍ കൂടുതല്‍ ഐഡന്റിറ്റി രാഷ്ട്രീയമാണ് കൂടുന്നത്. കൂട്ടുന്നത്. ജാതിയും മതവും വര്‍ണ്ണ വിവേചനങ്ങളുമെല്ലാം വീണ്ടും ഉയര്‍ത്തി വോട്ടു നേടി എങ്ങനെയും ഭരണം പിടിക്കുക എന്നത് മാത്രമായിരിക്കുന്നു ലോകത്തിലെ മിക്കവാറും രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നത്. 1960 ഇല് ഡാനിയല്‍ ബെല്‍ എഴുതിയ പുസ്തകമാണ് ഏന്‍ഡ് ഓഫ് ഐഡിയോലജി എന്നത്. ആ പുസ്തകം വായിച്ചു, 1980 കളില്‍ അതിനെ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ പറയുന്നത് എങ്ങനെയാണ് പത്തൊമ്ബതാം നൂറ്റാണ്ടിലെ പല ആശയ മൂല്യ വ്യവസ്ഥകള്‍ പൂരിതമാകാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ്.
ഇന്ന് അധികാരം ഐഡിയോലജി ആകുമ്ബോള്‍ ഭരണ അധികാരത്തില്‍ മുമ്ബ് പറഞ്ഞതും പഠിപ്പിച്ചതുമായ ആശയ ആദര്‍ശങ്ങള്‍ക്കു നേരെ വിപരീതമാണ് ചെയ്യുന്നതെല്ലാം .
അതു ഒരു രാജ്യത്തോ ഒരു പാര്‍ട്ടിക്കോ മാത്രം സംഭവിക്കുന്ന ഒന്നല്ല. ഇടതു പക്ഷം എന്നവകാശപ്പെടുന്നവര്‍ വലത്തോട്ട് പോകുമ്ബോള്‍ ശ്രീലങ്കയിലെ ജെ വി പി യെ ഓര്‍ക്കുക.. ഇടതു പക്ഷമെവിടെ, ആരുടെ, ആര്‍ക്ക് വേണ്ടി എന്ന ചോദ്യങ്ങള്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ പ്രധാന സമസ്യയാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അവസ്ഥ പലതുകൊണ്ടും പത്തൊമ്ബതാം നൂറ്റാണ്ടില്‍ നിന്നും ഇരുപതാം നൂറ്റാണ്ടില്‍ നിന്നും വളരെ വിഭിന്നമാണ്. പഴയ കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചു കമ്മ്യുണിസ്റ്റ് ആകുന്നവര്‍ വിരളം. ഇന്ന് ഭരണ അധികാര കരിയര്‍ രാഷ്ട്രീയത്തില്‍ വേണ്ടത് പ്രത്യയശാസ്ത്ര- ബോധ്യങ്ങളെക്കാള്‍ നേതാവിനോടും സംഘബലത്തോടുമുള്ള ലോയല്റ്റിയാണ് ഭരണ സന്നാഹത്തിലേക്കുള്ള വാതിലുകള്‍ തുറക്കുന്നത്.
കാരണം അധികാരം ഐഡിയോളേജി ആകുമ്ബോള്‍ ഭരണവും സര്‍ക്കാര്‍ അധികാരവും ഒരു കരിയര്‍ ഓപ്ഷനാണ്. അവിടെ സര്‍വ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍ എന്നത് മെയ് ഒന്നിന് ഓര്‍ത്തു ചൊല്ലി മറക്കേണ്ട പഴയ ചൊല്ലാണ്. ഇന്ന് ബീഹാറില്‍ നിന്നും ബംഗാളില്‍ നിന്ന് വരുന്നവരെ തൊഴിലാളികള്‍ എന്നതില്‍ ഉപരി ബംഗാളിയും ബീഹാറിയുമായാണ് സമൂഹം പോലും കാണുന്നത്. എന്തായാലും ജോര്‍ജ് ഓര്‍വെല്ലിന്റെ അനിമല്‍ ഫാമും, 1984 ഉം അതോടൊപ്പം ഡാനിയല്‍ ബല്ലിന്റ പുസ്തകവും ഒന്ന് കൂടി വായിക്കണം. കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടു കേരളത്തില്‍ അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമുണ്ടോ എന്നും ഒന്നുകൂടി നോക്കണം ആദര്‍ശങ്ങള്‍ അധികാര രൂപങ്ങള്‍ ആകുമ്ബോള്‍ ആദര്‍ശങ്ങള്‍ ആവിയായിപ്പോകും. ആദര്‍ശങ്ങള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ ചിലരൊക്കെ തിരുശേഷിപ്പായി അവിടെയും ഇവിടെയുമൊക്കെയുണ്ട്.
അധികാരം ഐഡിയോളജി ആകുമ്ബോള്‍ ഭരണ അധികാരത്തിന്റെ ആശ്രിത ഗുണഭോക്ത സ്തുതി പാഠകര്‍ക്ക് അധികാരത്തെ ചോദ്യം ചെയ്യുന്നവരെ ശത്രക്കളായി കണ്ട് അസഹിഷ്ണുതയോടെ നേരിടും. അതു ഈസ്റ്റാമ്ബൂളില് ആയാലും. മനീലയില്‍ ആയാലും. ഡല്‍ഹിയില്‍ ആയാലും കേരളത്തില്‍ ആയാലും. ആദര്‍ശങ്ങളെ വീണ്ടെടുക്കുന്ന അധികാരത്തിനു അപ്പുറം ഉള്ള ഭൂമിക്കും ഭൂമിയില്‍ ഉള്ള എല്ലാത്തിനും മനുഷ്യനും സമാധാനവും പ്രത്യാശകളും നല്കുന്ന പുതിയ ജനകീയ മൂല്യ രാഷ്ട്രീയം കണ്ടെത്തേണ്ടിയിരിക്കുന്നു കോവിടാനന്തര രാഷ്ട്രീയം ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ പുതിയ രാഷ്ട്രീയത്തിന്റെ ഈറ്റ് നോവ് കാലമായിരിക്കും. കാരണം മനുഷ്യ ചരിത്രത്തില്‍ ഏറ്റവും പ്രതിസന്ധ കാലഘട്ടങ്ങളിലാണ് പുതിയ ആശയങ്ങളുടെയും മൂല്യ ആദര്‍ശങ്ങളുടെയും നാമ്ബുകള്‍ വളരുന്നത്. മാറ്റങ്ങള്‍ എന്നും കൊണ്ടുവന്നത് സാധാരണ മനുഷ്യരാണ്.