നോർവീജിയൻ എഴുത്തുകാരനും നാടകകൃത്തുമായ യോൺ ഫോസെക്ക് 2023 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം. നിശ്ശബ്ദരാക്കപ്പെട്ടവർക്ക് ശബ്ദം നൽകുന്നവയാണ് അദ്ദേഹത്തിന്റെ ഗദ്യവും, നൂതനമായ നാടകങ്ങളും എന്ന് സ്വീഡിഷ് അക്കാദമി പുരസ്‌കാര സമിതി വിലയിരുത്തി.
നോവൽ, ചെറുകഥ, കവിത, നാടകം, ലേഖനം, ബാലസാഹിത്യം, സിനിമ എന്നിങ്ങനെ സമ്പന്നമാണ് ഫൊസേയുടെ ലോകം. 1989 മുതൽ എഴുതി തുടങ്ങിയ അദ്ദേഹത്തിന്റെ പേരിൽ മുപ്പത് പുസ്തകങ്ങളുണ്ട്. നാൽപ്പതിലേറെ ഭാഷകളിലേക്ക് മൊഴി മാറ്റപ്പെട്ടിട്ടുണ്ട്.1959-ൽ നോർവേയുടെ പടിഞ്ഞാറൻ തീരത്താണ് യോൺ ഫോസെ ജനിച്ചത്.
1983-ൽ പുറത്തിറങ്ങിയ ചുവപ്പ്, കറുപ്പ് (Red, Black) എന്ന നോവലിലൂടെയാണ് അദ്ദേഹം ഫിക്ഷനിലേക്ക് കടന്നത് സെപ്റ്റോളജി (Septology) എന്ന പേരിൽ പുറത്തുവന്ന നോവൽ ത്രയം അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. നോവൽ, നാടകം, ഉപന്യാസം, ബാലസാഹിത്യം, വിവർത്തനം തുടങ്ങിയ മേഖലകളിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. Scenes From Childhood എന്ന കഥാസമാഹാരവും Melancholy എന്ന നോവലും ഫൊസ്സേയുടെ സാഹിത്യത്തിലെ നാഴികക്കല്ലുകളായ രണ്ട് കൃതികളാണ്.
കഴിഞ്ഞ വർഷത്തെ നൊബേൽ ആത്മകഥാപരമായ പുസ്തകങ്ങൾ എഴുതിയ ആനി എർണോക്‌സിനായിരുന്നു. നൊബേൽ നേടുന്ന ആദ്യ ഫ്രഞ്ച് വനിതയുമായിരുന്നു ആനി.
പുരസ്‌കാര ജേതാക്കൾക്ക് ലഭിക്കുന്ന തുകയിൽ 10% വർധനവ് ഈ വർഷം നൊബേൽ ഫൗണ്ടേഷൻ വരുത്തിയിട്ടുണ്ട്. 18 കാരറ്റ് ഗോൾഡ് മെഡലും ഡിപ്ലോമ സർട്ടിഫിക്കറ്റും ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ ജേതാക്കൾക്ക് ലഭിക്കും.