ബഹുമാന്യനായ തോമസ് ഐസക്കിന്റ ബജറ്റ് പ്രസംഗങ്ങളുടെ കവര്‍പേജുകള്‍ എല്ലാം ഒന്നാംതരം. പാക്കേജിങ്ങിലാണ് വൈദഗ്ദ്യം. അകത്തു ഒന്നുമില്ലെങ്കിലും പാക്കേജ് ഗംഭീരം. പല തരം പാക്കേജ്.കേരളത്തില്‍ ബജറ്റിന്റെ കവര്‍പേജ് ഇത്രയും മനോഹരമായി പ്രിന്റ് ചെയ്ത ഒരു ധനകാര്യ മന്ത്രിയുമുണ്ടായിട്ടില്ല. അതിനുമുണ്ടൊരു ഫാബ് ഇന്ത്യ ടച്ച്??
പ്രസംഗങ്ങള്‍ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ നല്ലത്. ഐസക് ബജറ്റിലെ കട്ട് ആന്‍ഡ് പേസ്റ്റ് സാഹിത്യത്തെകുറിച്ച് ബി എ മലയാള സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ ഒരു അസ്സയിന്മെന്റ് എഴുതാം ബജറ്റ് വായിച്ചു തുടങ്ങണ്ടത് 2021 ല്‍ അല്ല. 2016 ജൂലൈ 16 മുതലാണ്.
ആ 116 പേജ് ബജറ്റ് പ്രസംഗം അവസാനിപ്പിക്കുന്നത് ഒ ന്‍ വി കുറുപ്പിന്റെ ദിനാന്തം എന്ന അവസാനകാവ്യത്തിലെ അവസാന വരികള്‍ കൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്.അവിടെ ഒ ന്‍ വി ജനിച്ച ഗ്രാമം ഓന്‍വി ' കാവ്യ ഗ്രാമം ' മാക്കും എന്നും പറഞ്ഞിട്ടുണ്ട്. അതു എന്ത് സൂത്രമാണെന്ന് ചവറയില്‍ പോയി നോക്കണം! അദ്ദേഹത്തിന്റെ അന്നത്തെ ബജറ്റ് പ്രസംഗം 2 മണിക്കൂര്‍ 56 മിനിറ്റ് ആയിരുന്നു. പ്രസംഗത്തില്‍ അദ്ദേഹം മാണി സാറിന്റെ റിക്കാര്‍ഡ് തകര്‍ത്തു. 2014 ബജറ്റ് സമയത്തു നിയമസഭയിലെ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രകടനം കണ്ടു അന്തം വിട്ടു.
പ്രസംഗിക്കാന്‍ ഐസക്ക് പണ്ടേ മിടുക്കാനാണ്. പ്രശ്‌നം പ്രസംഗവും വാചക കസര്‍ത്തും കൂടുതലും പ്രവര്‍ത്തികള്‍ കമ്മിയുമാണ്. വാഗ്ദാനങ്ങളില്‍ അദ്ദേഹം പരമകാരുണ്യമുള്ളയാളാണ്.മോദിയെക്കാള്‍ ബഡായിയടിച്ചു വാഗ്ദാനങ്ങള്‍ കൊണ്ടു പത്രക്കാരെയും പാര്‍ട്ടിക്കാരെയും പുളകം കൊള്ളിക്കും. ഈ ബജറ്റില്‍ പറഞ്ഞിരിക്കുന്നത് അടുത്ത ഒറ്റ വര്‍ഷം കൊണ്ടു 8 ലക്ഷം തൊഴിലെന്നാണ്. അഞ്ചു വര്‍ഷം കൊണ്ടു 20 ലക്ഷം. അതു എങ്ങനെയാണ് എന്ന് മാത്രം ചോദിക്കരുത്. കാരണം ഐസക്കുള്‍പ്പെടെ എല്ലാവര്‍ക്കും അറിയാം അതു നടക്കില്ലന്നു. 2016 ഇല്‍ പറഞ്ഞത് പുതിയ അഞ്ചു ലക്ഷം ജോലികളാണ്. അഞ്ചുകൊല്ലം കഴിഞ്ഞു അഞ്ചു ലക്ഷം വെള്ളത്തില്‍ വരച്ച വര. ജോലിയില്ലാത്തവര്‍കൂടി.
സംശയമുണ്ടെങ്കില്‍ സെന്റര്‍ ഫോര്‍ മോനിറ്ററിങ് ഓഫ് ഇന്ത്യന്‍ ഇക്കോണമിയെന്ന കേന്ദ്ര ഗവേഷണകേന്ദ്രത്തിന്റെ കണക്കുകള്‍ നോക്കുക. നാലു ശതമാനത്തില്‍ നിന്ന് തൊഴില്‍ ഇല്ലായ്മ 26.5% മായി. അതു ദേശീയ ശരാശരിയായ23.5%ക്കാള്‍ കൂടുതലാണ്.അഞ്ചു കൊല്ലത്തില്‍ ഏത്ര പുതിയ വന്‍കിട സംരഭങ്ങളു കേരളത്തില്‍ വന്നു? ഐസക്കിന്റെ മലയാള സാഹിത്യം കൊള്ളാം. പക്ഷെ കണക്കുകള്‍ കൈയിലില്ല. വാചക കസര്‍ത്തില്‍ അദ്ദേഹം ഇടക്കിടെ സ്റ്റിമുലസ്, ജോണ്‍ മേനാട് കെയിന്‍സ്, അമര്‍ത്യ സെന്‍ എന്നൊക്ക പുട്ടിനു പീരപോല്‍ കാച്ചും. എന്ത് ചെയ്താലും അദ്ദേഹം പറയും അതു സ്റ്റിമുലസ് പാക്കേജാണെന്ന്.
സ്തുതിഗീതക്കാര്‍ കൈ കൊട്ടി ഉത്സാഹിപ്പിക്കും. പക്ഷെ അദ്ദേഹത്തിന്റെ സ്റ്റിമുലസ് എല്ലാം കഴിഞ്ഞും സാമ്ബത്തിക വളര്‍ച്ച താഴോട്ടാണ്.
കിഫ്ബി ഇത് വരെ ആറായിരം കോടിയുടെ പദ്ധതിനടപ്പാക്കിയാല്‍ ഐസക്ക് പറയും അറുപതിനായിരം കോടിയുടെ വികസനം ഞങ്ങള്‍ ഇപ്പോള്‍ കൊണ്ടു വരും. ദാ വരുന്നു.! അഞ്ചുകൊല്ലം കൊണ്ടു ആറായിരം കോടി ചെലവാക്കിയാള്‍ 15000 കോടി അടുത്ത ഒറ്റകൊല്ലം കൊണ്ടു ചെലവാക്കും എന്നു പറഞ്ഞാല്‍ സാമാന്യ ബുദ്ധിയുള്ളവര്‍ വിശ്വാസിക്കില്ല! ബജറ്റില്‍ കഴിഞ്ഞ അഞ്ചു കൊല്ലം ധനകമ്മി മാത്രം അല്ല കൂടിവരുന്നത്. വിശ്വാസ്യതയുടെ കമ്മിയാണ്.
ഭരണം കിട്ടി ആദ്യം അവതരിപ്പിച്ചത് ഒരു ധവളപത്രമാണ്. അതു കെ എം മാണിക്ക് എതിരെയുള്ള സാമ്ബത്തിക മാനേജ്മെന്റ് കുറ്റപത്രമാണ്. അന്ന് അതില്‍ ചെയ്യും എന്ന് ഐസക്ക് മന്ത്രി പറഞ്ഞ ഒന്നും നടന്നില്ല. അന്ന് അദ്ദേഹം ആരോപിച്ചത് കെ എം മാണി കേരളത്തെ കടക്കെണിയിലാക്കിയെന്നാണ്. ഇപ്പോഴോ? കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പൊതുകടം.ഇപ്പോള്‍ ചിലര്‍ പറയുന്നത് മൂന്നു ലക്ഷം കോടി കടം ഒക്കെ നല്ലതാണ് എന്നതാണ്.
കടം വാങ്ങിയാല്‍ അതു നല്ലതാണ് പുതിയ 'അന്താരാഷ്ട്ര സാമ്ബത്തിക വിദഗ്ദരോക്കെ' കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്. പബ്ലിക് ഫിനാന്‍സിലും അല്പം ദുരന്ത നിവാരണമാകാം. അവരൊക്കെ ഐസക്ക് സാറിന്റെ 2016 ലെ ധവളപത്രം ഒന്നുകൂടി വായിച്ചുനോക്കി രസിക്കുക. പ്രശ്‌നം കടം വാങ്ങി ധൂര്‍ത്തടിക്കുമ്ബോഴാണ്. കടം വാങ്ങി കണ്‍സല്‍ട്ടന്‍സി രാജ് നടത്തുമ്ബോഴാണ്. പിന്‍ വാതില്‍ നിയമനം നടത്തുമ്ബോഴാണ്. ഒരു വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത സ്വപ്ന സുന്ദരികള്‍ക്ക് പിന്‍ വാതില്‍ നിയമനവും ലക്ഷങ്ങളും നല്‍കുമ്ബോഴാണ്.
പ്രശ്‌നം കടം വാങ്ങി പ്രതേകിച്ചു കാര്യങ്ങള്‍ ഒന്നും ചെയ്യാത്ത വന്ദ്യവയോധികര്‍ക്ക് ക്യാബിനറ്റ് പദവിയും പരിവാരങ്ങള്‍ക്കുമായി കോടികള്‍ ചെലവാക്കുമ്ബോഴാണ്. പ്രശ്‌നം കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കടം വാങ്ങി സര്‍ക്കാര്‍ പബ്ലിസിറ്റി സ്റ്റണ്ടു നടത്തുമ്ബോഴാണ്, കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പരസ്യത്തിനു ചിലവഴിക്കുമ്ബോഴാണ്, ഒരു ഔട്ട്പുട്ടും ഇല്ലാത്ത ലോക കേരള സഭ എന്നപേരില്‍ പാര്‍ട്ടി /സര്‍ക്കാര്‍ സില്‍ബന്ധികള്‍ക്കു ഉണ്ടുറങ്ങാന്‍ വേണ്ടി 12 കോടി വകയിരൂത്തുമ്ബോഴാണ്.
ആദ്യ ബജറ്റില്‍ പറഞ്ഞ കൊച്ചി -പാലക്കാട് വ്യവസായ ഇടനാഴി ഇപ്പോഴും ആവര്‍ത്തിക്കുന്നു. കഴിഞ്ഞ അഞ്ചുകൊല്ലം അനങ്ങിയില്ല. എന്നിട്ടാണ് വീരവാദം അടുത്ത ഒരൊറ്റ കൊല്ലം കൊണ്ടു മലമറിക്കും.! 2016 മുതല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് പകുതി ഗ്യാസാണ്. പറഞ്ഞതില്‍ പാതി പാതിരായിപ്പോയി. ചെയ്തതില്‍ പാതി നടക്കാതെ പോയി. ഇരുട്ട് കൊണ്ടു ഓട്ട അടച്ചു ശീലിക്കുന്ന ബജറ്റുകളാണ്. അതുകൊണ്ടു 2016 ജൂലൈയിലെ ബജറ്റ് പ്രസംഗം വായിച്ചിട്ടു 2021 ലെത് വായിക്കുമ്ബോഴാണ് പ്രസംഗം കൂടുതലും പ്രവര്‍ത്തികള്‍ കുറവും എന്ന് പകല്‍ പോലെ വ്യക്തം. അതു അക്കമിട്ട് ബജറ്റ് പഠിക്കുന്നയാര്‍ക്കും പറയാം.
പണ്ട് ആടിനെകാണിച്ചു കണ്ടോ ഞങ്ങളുടെ കൊമ്ബനാന എന്ന് പറയുമായിരുന്നു. ഇപ്പോള്‍ പൂച്ചയെകാട്ടി അതു പുലിയാണ് എന്നു പറയുന്ന തലത്തിലെത്തി. പക്ഷെ ഐസക്ക് മന്ത്രി പറയും ഇതൊക്കെ കേരളത്തിന് എതിരെ സി എ ജിയുടെ ഗൂഡാലചനയാണ് എന്ന്.
ഇതൊക്കെയാണെങ്കിലും അദ്ദേഹം മാന്യനാണ്. സംവേദിക്കാം. മറ്റു ചിലരെപ്പോലെ സ്റ്റാലിന്റെ പ്രേതം അദ്ദേഹത്തിനുള്ളില്‍ കയറിപ്പറ്റിയില്ല.
നല്ല മനുഷ്യനാണ്.