സ്വര്‍ണ്ണച്ചാമരം കടത്താന്‍ കഴിയുന്ന സ്വപ്നയാവണമെങ്കില്‍ വേണം ഉന്നതങ്ങളില്‍ സ്വാധീനവും പാവാടചരടിലൊരു ഐ. ടി സെക്രട്ടറിയും; എത്രയൊക്കെ ന്യായീകരിച്ചു മരിച്ചിട്ടും കാര്യമില്ല സഖാക്കളേ; കാര്യങ്ങള്‍ എല്ലാം പൊതുസമൂഹത്തിനു മനസ്സിലായി കഴിഞ്ഞു: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
topbanner
സ്വര്‍ണ്ണച്ചാമരം കടത്താന്‍ കഴിയുന്ന സ്വപ്നയാവണമെങ്കില്‍ വേണം ഉന്നതങ്ങളില്‍ സ്വാധീനവും പാവാടചരടിലൊരു ഐ. ടി സെക്രട്ടറിയും; എത്രയൊക്കെ ന്യായീകരിച്ചു മരിച്ചിട്ടും കാര്യമില്ല സഖാക്കളേ; കാര്യങ്ങള്‍ എല്ലാം പൊതുസമൂഹത്തിനു മനസ്സിലായി കഴിഞ്ഞു: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗ സീമകളുമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍

യ ക്ഷിയെന്ന ചിത്രത്തിനു വേണ്ടി വയലാര്‍-ദേവരാജന്‍ ടീം ഒരുക്കിയ അനശ്വരമായ ഈ പ്രണയഗാനത്തിനു ഇന്നിന്റെ കേരള രാഷ്ട്രീയചരിത്രത്തില്‍ പ്രസക്തി ഏറെയാണ്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി സ്വപ്ന സുരേഷെന്ന സ്വപ്നസുന്ദരിക്ക് കേരളസംസ്ഥാനത്തിലെ ഐ. ടി സെക്രട്ടറി ശിവശങ്കരനുമായിട്ടുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരുമ്ബോള്‍ കേരളസംസ്ഥാനം മൊത്തം ഈ പാട്ട് ഇങ്ങനെ മാറ്റിപ്പാടുന്നു-

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്നസ്വപ്നയായിരുന്നെങ്കില്‍ ഞാന്‍;

സ്വര്‍ഗ്ഗസീമകളുമ്മവെയ്ക്കുന്ന സ്വപ്നയായിരുന്നെങ്കില്‍ ഞാന്‍.

അതെ, ആകാശസീമകളുമ്മ വയ്ക്കുന്ന വിമാനത്തിലേറി കിലോകണക്കിനു സ്വര്‍ണ്ണചാമരം കടത്താന്‍ കഴിയുന്ന സ്വപ്നയാവണമെങ്കില്‍ വേണം ഉന്നതങ്ങളില്‍ സ്വാധീനവും പാവാടചരടിലൊരു ഐ. ടി സെക്രട്ടറിയും .

കാലത്തിനൊരു കാവ്യനീതിയുണ്ട്. കാലം ചേര്‍ത്തുവയ്ക്കുന്ന ചില കണക്കുകളുമുണ്ട്. സോളാറിന്റെ മറപ്പറ്റി , സരിതയുടെ നിഴല്‍പ്പറ്റി ഭരണത്തില്‍ വന്നൊരു പാര്‍ട്ടിയുടെ പങ്ക് വെളിപ്പെടുത്തിയ പല അഴിമതികഥകളും ഇതിനോടകം പുറത്ത് വന്നുകഴിഞ്ഞു. ഇപ്പോഴിതാ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി സ്വപ്ന സുരേഷിനു സംസ്ഥാന ഐ.ടി സെക്രട്ടറിയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധമുള്ളതിന്റെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. കേരളസംസ്ഥാനചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവിയിലിരിക്കുന്ന ഒരാളുടെ ഇടപെടലുകളോടെ രാജ്യദ്രോഹകുറ്റസമാനമായ ഒരു സ്വര്‍ണ്ണക്കടത്ത് നടക്കുന്നത്.

സരിതാകേസില്‍ ക്ലിഫ്ഹൗസിന്റെ അടുക്കള വരെ കയറിയിറങ്ങിയ പാപ്പരാസികള്‍ നേരായവണ്ണം രംഗത്തിറങ്ങിയാല്‍ അഴിമതികളില്‍ പലതിന്റെയും അരമനരഹസ്യങ്ങളുടെ താക്കോല്‍ ക്ലിഫ്ഹൗസിന്റെ ഇടനാഴികളില്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും. കേരളത്തിലെ രാഷ്ട്രീയ - മാധ്യമമേഖലയിലെ പലര്‍ക്കും കേരളത്തെ നാണംകെടുത്തുന്ന ഈ നെറികെട്ട അടുക്കള-അഴിമതി രാഷ്ട്രീയത്തിന്റെ ഉള്ളുകളികള്‍ നന്നായിട്ടറിയാമെങ്കിലും ആരും ഒന്നും പറഞ്ഞുവയ്ക്കില്ല. കാരണം ഭരണം കയ്യാളുന്നത് കുഞ്ഞൂഞ്ഞ് എന്ന പാവം പുതുപ്പള്ളിക്കാരനല്ലല്ലോ.അങ്ങനെയായിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തേക്ക്, അവരുടെ സ്വകാര്യതയിലേക്ക് യാതൊരു ഉളുപ്പുമില്ലാതെ ഓരോ കുപ്രചരണങ്ങള്‍ പടച്ചുവിടുമായിരുന്നു. ഈ ഭരണത്തിന്‍ കീഴില്‍ ഉണ്ടാവുന്ന അഴിമതി ആരോപണങ്ങളില്‍ പഴുതടച്ച്‌ സത്യങ്ങള്‍ ഉണ്ടായാല്‍പ്പോലും അതൊക്കെയും രാഷ്ട്രീയമാന്യതയുടെയും മാധ്യമധര്‍മ്മത്തിന്റെയും വരമ്ബില്‍ തട്ടി തച്ചുടയ്ക്കപ്പെടുന്നത് മാഷാ അള്ളാ സ്റ്റിക്കറുകളെയും ഇന്നോവയെയും പേടിച്ചുതന്നെയാണ്.

സ്വപ്നാ സുരേഷെന്ന ഇന്നിന്റെ വിവാദറാണിയുടെ ഡയറിക്കുറിപ്പിലെ പേരുകളില്‍ പലതും ഐ. ടി വകുപ്പിലെ ഉന്നതരിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരിലേയ്ക്കും വിരല്‍ചൂണ്ടുമ്ബോള്‍ പഴയ സംഭവവികാസങ്ങള്‍ ഓര്‍മ്മയിലേയ്ക്കെത്തുന്നു. അന്നത്തെ മുഖ്യമന്ത്രിയുടെ വെറും ഗണ്‍മാനായ ജോപ്പനുമായിട്ടുള്ള സരിതയുടെ ബന്ധത്തെ ഇഴകീറി വിശകലനം നടത്തി വയോധികനായ ഒരു മനുഷ്യനെ പരമാവധി പൊതുസമൂഹത്തില്‍ താറടിച്ചുകാട്ടാന്‍ എന്തുത്സാഹമായിരുന്നു ഇവിടുത്തെ മാമാ മാധ്യമങ്ങള്‍ക്ക്. ഇന്നിതാ സോളാറിനേക്കാള്‍ വളരെ വലിയൊരു ക്രൈം റിക്കാര്‍ഡുമായി ഒരു സുരസുന്ദരി ഭരണകൂടത്തിന്റെ ഉന്നതസ്ഥാനം കയ്യാളുന്ന പ്രമുഖനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരുവള്‍ അരങ്ങുനിറഞ്ഞു നില്ക്കുമ്ബോള്‍ ആര്‍ക്കും മുഖ്യന്റെ അടുക്കള പൊളിറ്റിക്‌സും നോക്കേണ്ട, സ്വകാര്യതയും ചികയേണ്ട.

മന്ത്രിസഭയറിയാതെ, ബന്ധപ്പെട്ട വകുപ്പ്മന്ത്രിമാരറിയാതെ കോണ്‍സുലേറ്റില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഒരുവള്‍ക്ക് എങ്ങനെ സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലെ കെ.എസ്‌ഐ.ടിയില്‍ നിയമനം ലഭിച്ചു? അതും ഓപ്പറേഷണല്‍ മാനേജര്‍ എന്ന പദവിയില്‍. ഏതൊരു വകുപ്പിനു കീഴിലുള്ള ചെറിയ തസ്തികയിലേയ്ക്കുള്ള നിയമനങ്ങള്‍ക്ക് പോലും പൊലീസ് ക്ലിയറന്‍സ് വേണമെന്നിരിക്കെ രണ്ട് പൊലീസ് കേസുകള്‍ നിലവിലുള്ള ഒരുവള്‍ക്ക് എങ്ങനെ ഐ.ടി വകുപ്പില്‍ നിയമനം കിട്ടി? പൊലീസ് വെറും നോക്കുകുത്തിയാകുന്ന ഭരണവ്യവസ്ഥിതിയല്ലേ ഫാസിസം?
ആരാധകര്‍ ഇരട്ടച്ചങ്കന്‍ എന്നു വാഴ്‌ത്തിപ്പാടിയ ചങ്കിനുള്ളില്‍ അഴിമതിയുടെ കറപുരണ്ട രഹസ്യങ്ങളുണ്ടോ? കഴിഞ്ഞ നാല് വര്‍ഷങ്ങളായി സര്‍ക്കാരുമായി ബന്ധപ്പെടുന്ന പല അനധികൃത ഇടപാടുകളും, പദ്ധതികളും, കച്ചവടങ്ങളുമെല്ലാമായി ഇടനിലക്കാരായി നിന്ന് സ്വയം വളര്‍ന്ന വമ്ബന്‍ സ്രാവുകളിവിടെയുണ്ട്. സര്‍ക്കാരില്‍ പിടിപ്പാടുള്ള ഉന്നതരുടെ മറവില്‍ സ്വര്‍ണ്ണക്കടത്ത് പോലുള്ള അനധികൃത ഇടപാടുകള്‍ സുഗമമായി നടത്തുന്നവരുണ്ട്.പക്ഷേ ഭരണമികവിന്റെ ഗ്രാഫ്ചാര്‍ട്ട് പപ്പടം പോലെ പൊള്ളിച്ച്‌ ഉയര്‍ത്തിക്കാട്ടുന്നതിന്റെ തിരക്കില്‍ അണികളും ഭക്തരും പി.ആര്‍.വര്‍ക്കര്‍മാരും അഴിമതികളെ കണ്ടില്ലെന്നു നടിക്കുന്നു. മാത്രമോ ചാനലുകളില്‍ വന്നിരുന്ന് ന്യായീകരണത്തിന്റെ മൂന്നാംകിട വരട്ടുവാദം നുണപ്രചാരണങ്ങളും അഴിച്ചുവിടുന്നു.

പാര്‍ട്ടിക്ക് കുരുക്ക് മുറുകുന്ന നാറിയ കേസുകളിലെ ചാനല്‍ ചര്‍ച്ചയ്ക്കുള്ള നേര്‍ച്ചക്കോഴികളാണ് ജെയ്ക്കും റഹീമും. ഇവറ്റകള്‍ ചാനലുകളില്‍ ഇറങ്ങുമ്ബോള്‍ പൊതുസമൂഹം മനസ്സിലാക്കുന്നു ചര്‍ച്ചിക്കാന്‍ പോകുന്നത് കൈവിട്ടുപ്പോയ നാറ്റക്കേസാണെന്ന്. ജെയ്ക്ക് പിന്നെ വായ തുറക്കുന്നത് നുണ പറയാനും സിന്ദാബാദ് വിളിക്കാനും മാത്രമാണ്. സ്വപ്നയെ കോണ്‍സുലേറ്റില്‍ നിയമിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന് യാതൊരു ഉളുപ്പും ഇല്ലാതെ തട്ടിവിട്ട ജെയ്ക്കിനെ ഭിത്തിയിലൊട്ടിച്ചു വടിച്ചെടുത്തു ശബരിനാഥന്‍. 2016 ഒക്ടോബറില്‍ തിരുവനന്തപുരത്തെ മണക്കാട് തുടങ്ങിയ കോണ്‍സുലേറ്റില്‍ നിയമനം സ്വപ്നയ്ക്ക് ഉമ്മന്‍ ചാണ്ടി നല്കണമെങ്കില്‍ പിണറായി വിജയനെന്ന ജെയ്ക്കിന്റെ ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രി സ്വപ്നലോകത്തിലായിരുന്നിരിക്കണം ഭരിച്ചത്.

ചര്‍ച്ചയ്ക്കിടെ എതിരാളികള്‍ നുണകള്‍ ഒന്നൊന്നായി പൊളിച്ചടുക്കുമ്ബോള്‍ മുഖത്ത് വരുന്ന ഒരു വളിച്ച ചിരിയുണ്ട് ജെയ്ക്കിന് എന്നും സൈക്കിളോടിക്കാന്‍ നോക്കിയിട്ട് ബാലന്‍സ് കിട്ടാതെ താഴെവീഴുമ്ബോള്‍ വരുന്ന വളിച്ച മമ്മുക്കോയ സ്‌റ്റൈല്‍ ചിരി ഇന്നലെ കണ്ടപ്പോള്‍ തന്നെ അണികള്‍ ഉറപ്പിച്ചു ശബരിനാഥനില്‍ നിന്നും ഇഷ്ടംപോലെ വാങ്ങിച്ചുകൂട്ടിയെന്ന്! റഹീമാണെങ്കില്‍ ന്യായീകരിക്കാന്‍ പരമാവധി നോക്കി അടപടലം ചീറ്റിയപ്പോള്‍ മസിലൊക്കെ പെരുപ്പിച്ച്‌ ഭീമന്‍രഘുവിനെപ്പോലെ വിനുവിനെ നോക്കി കണ്ണുരുട്ടി ഇരുന്നു.

എത്രയൊക്കെ ന്യായീകരിച്ചു മരിച്ചിട്ടും കാര്യമില്ല സഖാക്കളേ. കാര്യങ്ങള്‍ എല്ലാം പൊതുസമൂഹത്തിനു മനസ്സിലായി കഴിഞ്ഞു. തിരുവനന്തപുരം നഗരത്തിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പോലും ഈ വിവാദനാരീമണിയെ രക്ഷിക്കാനും അതുവഴി ഉന്നതബന്ധം പുറത്തെത്താതിരിക്കാനുള്ള രാഷ്ട്രീയവരട്ടുവാദത്തിന്റെ ഭാഗമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഒരുകാര്യം ഉറപ്പാണ് സഖാക്കളേ, ശിവശങ്കരനെന്ന മദ്യപാനിയായ സിവില്‍സര്‍വ്വന്റ് ഇടനിലക്കാരനായി നിന്ന ഈ വ്യവഹാരത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണെങ്കില്‍ കൂടി അദ്ദേഹത്തിനെ കിടപ്പറയിലെ നീലവിരി തപ്പി പോകാനും സീഡി,പെന്‍ഡ്രൈവ് ഇത്യാദിയുണ്ടെന്നു പറയാനും കുടുംബത്തിലുള്ളവരെ വലിച്ചിഴയ്ക്കാനും പ്രതിപക്ഷത്തുള്ളവര്‍ പോകില്ല. സ്മാര്‍ത്തവിചാരണയെന്ന നെറികെട്ട, തരംതാണ പ്രവൃത്തിയിലൂടെ ഡയറികുറിപ്പ് തപ്പാനും അതുവഴി ഇരയെ കരുവാക്കി അധികാരം നേടാനും പ്രതിപക്ഷം ശ്രമിക്കില്ല. അതിനുകാരണമായി ലൂസിഫറിലെ ആ ഒരൊറ്റ മാസ്സ് ഡയലോഗ് മാത്രമേ പറയാനുള്ളൂ!

Anju parvathy prabheesh words about swapna gold smuggling case

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES