തമിഴ് ബിഗ് ബോസ് താരം മുത്തുകുമരന്‍ ജഗദീശനെതിരെ ഗുരുതര സാമ്പത്തിക-ലൈംഗിക ആരോപണങ്ങളുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ വാഹിദ അക്ദര്‍. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ വാഹിദ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്. അടിയന്തര വൈദ്യസഹായത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വാഹിദ തന്നെയാണ് വിവരം പങ്കുവെച്ചത്.
'നിര്‍ഭാഗ്യവശാല്‍ ആശുപത്രിയില്‍ ജീവനോടെയുണ്ട്, അതുകൊണ്ട് ആശങ്കപ്പെടേണ്ട' എന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വാഹിദ കുറിച്ചത്. ആത്മഹത്യാശ്രമത്തിന് പിന്നില്‍ ബിഗ് ബോസ് താരമാണെന്ന് വ്യക്തമാക്കി ഇരുവരുമൊന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയും അവര്‍ നേരത്തെ പങ്കുവെച്ചിരുന്നു. അപ്പോള്‍ നിങ്ങള്‍ എന്നെ പറ്റിക്കുകയായിരുന്നല്ലേ! എന്നെ മണ്ടിയാക്കിയതിനും വിഡിയോകളെല്ലാം നിര്‍ത്താന്‍ യാചിച്ചതിനും വളരെ നന്ദി.
എന്നോട് സംസാരിച്ച് എന്നെ വിശ്വസിപ്പിച്ചപ്പോള്‍ ഉണ്ടായിരുന്ന ആ ധൈര്യത്തില്‍ കുറച്ചെങ്കിലും എടുത്ത്, പറ്റുമെങ്കില്‍ സത്യം പറയൂ. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ. പക്ഷേ എന്നെ ഇനി വിളിക്കരുത്. വീണ്ടും എന്നെ ഇതിലേക്ക് തള്ളിവിടുകയും ചെയ്യരുത്. നിങ്ങള്‍ പറഞ്ഞതെല്ലാം വെറും തമാശയായിരുന്നല്ലേ. വലിയ നന്ദി. എന്തിനാണോ ആവോ എന്നെ വീണ്ടും രക്ഷിച്ചത്... എനിക്കിനി താങ്ങാന്‍ പറ്റുന്നില്ല. എല്ലാം നുണയായിരുന്നു.''
മുത്തുകുമരനുമായുള്ള പരിചയവും ബന്ധവും വളര്‍ന്നതിനെക്കുറിച്ച് വാഹിദ വീഡിയോയില്‍ വിശദമാക്കുന്നുണ്ട്. മുന്‍പൊരു പ്രണയ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് മുത്തുകുമരനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാളുടെ പെരുമാറ്റത്തിലും സ്‌നേഹത്തിലും താന്‍ വീണുപോവുകയായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കുന്നു. തനിക്ക് ഒരു കുട്ടിയുണ്ടെന്ന വിവരം മുന്‍പേ അറിയാമായിരുന്നിട്ടും അത് കാര്യമാക്കാതെ മുത്തുകുമരന്‍ തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് ഉറപ്പുനല്‍കിയിരുന്നതായി വാഹിദ ആരോപിക്കുന്നു.
ഈ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും എന്നാല്‍ പിന്നീട് നിലപാട് മാറ്റി തനിക്ക് ഈ ബന്ധത്തില്‍ താല്പര്യമില്ലെന്ന് പറഞ്ഞ് മുത്തുകുമരന്‍ പിന്‍വാങ്ങുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ സ്‌നേഹവും വിശ്വാസവും ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് വാഹിദ രംഗത്തെത്തിയത്. അതേസമയം വാഹിദയുടെ ഗുരുതര ആരോപണങ്ങളോട് തമിഴ് ബിഗ് ബോസ് താരം മുത്തുകുമരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത ചര്‍ച്ചകളും പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.