മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ ഒരു ബാലതാരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു ഹരി മുരളി എന്ന പയ്യനും. രസികനിലെ അടിവാതിലും തുറന്നു വരണുണ്ട് കടവാവല് എന്ന ദിലീപിന്റെ ഡയലോഗില്‍ തുടങ്ങി ഉള്ളീന്ന് വരട്ടേ.. ഉള്ളീന്ന് വരട്ടേന്ന് പറയാതെ ഉള്ളിലേക്ക് എന്തെങ്കിലും പോയോന്ന് മാമന്‍ ചോദിച്ചോ എന്നുള്ള മറുപടി വരെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിട്ടുള്ളതാണ്.
തുടര്‍ന്ന് സിനിമാ രംഗത്തു നിന്നും ഏറെക്കാലം മാറി നിന്ന ഹരി മുരളി സിനിമയുടെ അണിയറ രംഗത്ത് തിളങ്ങാനുള്ള തയ്യാറെടുപ്പുകളായിരുന്നു നടത്തിയിരുന്നത്. അതിനിടെയിതാ, അപ്രതീക്ഷിതമായി ആരാധകരെ തേടിയെത്തിയത് ഹരി മുരളിയുടെ മരണ വാര്‍ത്തയാണ്. തുടര്‍ന്ന് നടി സീമാ ജി നായര്‍ ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ഹരി മുരളിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നടിയുടെ ഉള്ളു നീറിയുള്ള കുറിപ്പ് ഇങ്ങനെയാണ്:
''പ്രശസ്ത നാടക -സീരിയല്‍ നടന്‍ പയ്യന്നൂര്‍ മുരളി ചേട്ടന്റെ മകന്‍ ഹരി മുരളി അന്തരിച്ചു (അപ്പൂസ്). എന്റെ കൂടെയും അവന്‍ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി, മിടുക്കനായ മോന്‍, എന്തിനാണ് നീ ഇത് ചെയ്തത്, ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ മടിച്ചു. മുരളി ചേട്ടനെ വിളിച്ചപ്പോള്‍, സഹോദരിയാണ് ഫോണ്‍ എടുത്തത്, സത്യം ആണെന്ന് സ്ഥിരീകരിച്ചു. എന്തായിരുന്നെങ്കിലും പൊന്നുമോനെ ഇങ്ങനെ ചെയ്യരുതായിരുന്നു, എങ്ങനെ സഹിക്കും നിന്റെ അച്ഛനമ്മമാരും, ബന്ധുക്കളും. എന്തോ മനസ്സ് പതറുന്നു, മിടുക്കനല്ലായിരുന്നോ എന്റെ അപ്പൂസേ നീ. നിന്നെയും അച്ഛനെയും ,അമ്മയെയും അറിയുന്ന എത്ര പേര്‍ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നു, ആര്‍ക്കും വിശ്വസിക്കാന്‍ ആവുന്നില്ലല്ലോ അപ്പൂസേ.'' എന്നാണ് സീമ ജി. നായര്‍ കുറിച്ചത്.
മുപ്പത് വര്‍ഷത്തോളമായി നാടക രംഗത്ത് സജീവമായ പയ്യന്നൂര്‍ മുരളിയുടെ മകന്‍ ആണ് ഹരി മുരളി. പയ്യന്നൂര്‍ അന്നൂരിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അഭിനയത്തില്‍ സജീമല്ലാതിരുന്ന താരം എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. സീരിയലിലൂടെയാണ് ഹരി അഭിനയ രംഗത്തേക്ക് എത്തുന്നത്. എ.എം നസീര്‍ ആണ് സീരിയലില്‍ ചെറിയ വേഷം ചെയ്യാന്‍ അന്നേരം നാലര വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഹരിയെ വിളിക്കുന്നത്. 'രസികന്‍' ആണ് ആദ്യ സിനിമ.
രസികന് ശേഷം അന്‍വര്‍ സംവിധാനം ചെയ്ത അണ്ണന്‍ തമ്പി, മാടമ്പി, ഡോണ്‍, പട്ടണത്തില്‍ ഭൂതം തുടങ്ങി ഉലകം ചുറ്റും വാലിഭന്‍ വരെ പത്ത് പതിനഞ്ചോളം സിനിമകളില്‍ ബാലതാരമായി ഹരി അഭിനയിച്ചു. നാല്‍പതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പഠിക്കാനും മറ്റുമായി അഭിനയ രംഗത്തു നിന്നും വിട്ടു നിന്ന ഹരി, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'അമര്‍ അക്ബര്‍ ആന്റണി'യില്‍ ചെറിയൊരു വേഷം ചെയ്യുന്നത്.