പലപ്പോഴും പങ്കാളികള്‍ക്കിടയില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് വരെ ഇടയാകാറുള്ള ഒരു വിഷയമാണ് ലൈംഗികബന്ധത്തിന് ശേഷം പുരുഷന്‍ എളുപ്പത്തില്‍ ഉറങ്ങിപ്പോകുന്നത്. തന്നോടുള്ള ഇഷ്ടക്കുറവിന്റേയും താല്‍പര്യമില്ലായ്മയുടേയും അടയാളമായാണ് സ്ത്രീ പൊതുവേ ഈ പ്രവണതയെ മനസിലാക്കിവരുന്നത്. എന്നാല്‍ എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം?
ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ 'സയന്‍സ് ഹെല്‍ത്ത് ആന്റ് എന്‍വിയോണ്‍മെന്റല്‍ റിപ്പോര്‍ട്ടിംഗ് പ്രോഗ്രാ'മിന്റെ ഭാഗമായി നടത്തിയ 'സയന്‍സ് ലൈന്‍' എന്ന പ്രോജക്ടില്‍ ഗവേഷകയായ മെലിന്‍ഡ വെന്നര്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നു.
ജൈവശാസ്ത്രപരമായ ഒരു കാരണവും സാമൂഹികമായ ഒരു കാരണവുമാണ് മെലിന്‍ഡ വിശദീകരിക്കുന്നത്. ആദ്യം സാമൂഹികമായ കാരണത്തിലേക്ക് വരാം. മഹാഭൂരിഭാഗം പേരും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തെരഞ്ഞെടുക്കുന്ന സമയം രാത്രിയാണ്. പകല്‍ മുഴുവന്‍ പല ജോലികളിലേര്‍പ്പെട്ട് തളര്‍ന്ന ശരീരം, സത്യത്തില്‍ രാത്രിയില്‍ ലൈംഗികബന്ധത്തില്‍ കൂടി ഏര്‍പ്പെട്ട് കഴിയുമ്പോള്‍ പെട്ടെന്ന് മയക്കത്തിലേക്ക് പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പുരുഷനില്‍ മാത്രം സംഭവിക്കുന്നത് എന്തുകൊണ്ടാകാം!
രതിമൂര്‍ച്ഛ, അടിസ്ഥാനപരമായി എല്ലാ ഭയപ്പാടുകളില്‍ നിന്നും ഉത്കണ്ഠകളില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുകയാണ്. അതായത്, ഉറക്കത്തിലേക്ക് കടക്കാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യമൊരുക്കുന്നുവെന്ന് സാരം. എന്നാല്‍ എല്ലാ ചിന്തകളേയും ഒഴിവാക്കി ശരീരത്തെ എളുപ്പത്തില്‍ സ്വതന്ത്രമാക്കാന്‍ പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് സാധിക്കുന്നില്ല. അത്രയും വ്യത്യാസം മാത്രമാണ് ഇക്കാര്യത്തില്‍ സംഭവിക്കുന്നത്.
ഇനി, രണ്ടാമതായി ജൈവികമായ കാരണങ്ങള്‍ കൂടി മെലിന്‍ഡ വിശദീകരിക്കുന്നു. രതിമൂര്‍ച്ഛയോടെ പുരുഷനില്‍ ഒരുപിടി കെമിക്കലുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. 'നോര്‍പിനെഫ്രിന്‍', 'സെറട്ടോണിന്‍', 'ഓക്സിടോസിന്‍', 'വാസോപ്രസിന്‍', 'നൈട്രിക് ഓക്സൈഡ്', 'പ്രോലാക്ടിന്‍' എന്നിവയാണിവ. ഇതില്‍ 'പ്രോലാക്ടിന്‍' ലൈംഗികസംതൃപ്തിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഒപ്പം തന്നെ ഉറക്കവുമായും.
സാധാരണഗതിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പ്രോലാക്ടിന്റെ അളവ് സമൃദ്ധമാകുന്നത്. മൃഗങ്ങളിലും ഇത് മുമ്പ് ഗവേഷകര്‍ പരീക്ഷിച്ച് കണ്ടെത്തിയിട്ടുണ്ട്. അതായത്, പ്രോലാക്ടിന്‍ കുത്തിവയ്ക്കുമ്പോള്‍ മൃഗങ്ങള്‍ എളുപ്പത്തില്‍ മയങ്ങിപ്പോകുമത്രേ. അപ്പോള്‍ പ്രോലാക്ടിനും ഉറക്കവും തമ്മിലുള്ള ബന്ധം വ്യക്തമായില്ലേ?
അതുപോലെ തന്നെ 'ഓക്സിടോസിന്‍', വാസോപ്രസിന്‍' എന്നീ കെമിക്കലുകളും ഉറക്കവുമായി ബന്ധപ്പെട്ട് കിടക്കുന്നത് തന്നെ. 'ഓക്സിടോസിന്‍' ആകട്ടെ സ്ട്രെസ് കുറയ്ക്കാനും ഏറെ സഹായിക്കുന്നു. ഇതും ശരീരത്തെ 'റിലാക്സ്' ചെയ്യിച്ച് ഉറക്കത്തിലേക്ക് നയിക്കുന്നു. ഇങ്ങനെ തികച്ചും ശാരീരികമായ ഒരുപിടി ഘടകങ്ങളാണ് ലൈംഗികബന്ധത്തിന് ശേഷം പുരുഷനെ എളുപ്പത്തില്‍ ഉറക്കത്തിലേക്ക് നയിക്കുന്നതെന്ന് മെലിന്‍ഡ പറയുന്നു.
സത്രീകളും ചില സമയങ്ങളില്‍ ലൈംഗികബന്ധത്തിന് ശേഷം പങ്കാളിയായ പുരുഷനൊപ്പം തന്നെ മയക്കത്തിലേക്ക് വീണുപോകാറുണ്ട്. അത് പങ്കാളികള്‍ തമ്മിലുള്ള ധാരണയേയും ഐക്യത്തേയുമാണത്രേ സൂചിപ്പിക്കുന്നത്.
എന്തായാലും ഉറക്കത്തിലേക്ക് വീണുപോകുന്നതിന്റെ പേരില്‍ പുരുഷനുമായി മാനസികമായ അകലത്തിലെത്താതെ അതിനെ ജൈവികമായ പ്രവര്‍ത്തനമായി കണ്ട്, അംഗീകരിക്കുന്നതാണ് സ്ത്രീകള്‍ക്ക് ആരോഗ്യകരമെന്നാണ് മെലിന്‍ഡ തന്റെ പഠനത്തിന്റെ ഒടുക്കം നിഗമനമെന്ന പോലെ പറഞ്ഞുവയ്ക്കുന്നത്.