വേനൽക്കാല രോഗങ്ങളിൽ ഏവരെയും അലട്ടുന്ന ഒന്നാണ് ചൂടുകുരു. കഴുത്തിലും പുറത്തും കൈകളിലുമൊക്കെയാണ് സാധാരണയായി ചൂടുകുരു കാണാറുള്ളത്. ചൂടുകുരു ഉണ്ടാകുന്നത് കാരണം വെള്ളം തട്ടിയാല്‍പോലും വേദനയും ചൊറിച്ചിലും എല്ലാം ഉണ്ടാകും. ചൂടുകുരുവിനെ ഇല്ലാതാക്കാൻ ചില മാർഗ്ഗങ്ങൾ നോക്കാം.
ചൂടുകുരു ഉള്ള ഭാഗത്ത് തണുത്ത വെള്ളത്തില്‍ മുക്കിയ കോട്ടന്‍ തുണി കൊണ്ട് അമർത്തുന്നതിലൂടെ അസ്വസ്ഥത കുറയ്ക്കാൻ സഹായകരമാണ്. സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴുവാക്കിയ ശേഷം കോട്ടൺ വസ്ത്രങ്ങൾ പകരം തിരഞ്ഞെടുക്കാം. കുളി കഴിഞ്ഞ് വന്നാൽ ഉടനെ ശരീരത്തിലെ വെള്ളം മെല്ലെ ഒപ്പിയെടുക്കുക. പെര്‍ഫ്യൂം കലരാത്ത പൗഡര്‍ വേണം ശരീരത്തിൽ ഉപയോഗിക്കേണ്ടത്.
ലാക്ടോകലാമിന്‍ പോലുള്ള ലോഷന്‍ ശരീരം തണുപ്പിക്കാനായ ഉപയോഗിക്കാവുന്നതാണ്. ധാരാളമായി ഇലക്കറികൾ കഴിക്കാവുന്നതാണ്. തണ്ണിമത്തന്‍, വെള്ളരിക്ക എന്നിവ കഴിക്കുന്നതും ശരീരം തണുക്കാൻ ഏറെ ഗുണകരമാണ്. ചൂടുകുരു മൂലമുള്ള ചൊറിച്ചില്‍ മാറുന്നതിനായി വേപ്പില അരച്ച് പുരട്ടുന്നത് ഫലവത്താകും. ചൂടുകുരു മൂലമുള്ള അസ്വസ്ഥത ശമിക്കുന്നതിനായി ത്രിഫലപ്പൊടി വെള്ളത്തില്‍ ചാലിച്ച് ദേഹത്ത് പുരട്ടിയാല്‍ മതിയാകും.