ദീര്‍ഘനേരം കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലുമൊക്കെ ചെലവഴിക്കുന്നവരില്‍ കണ്ണിന് ആയാസമുണ്ടാകുന്നതിന്റെ പ്രധാന കാരണമാണ് കണ്‍വേര്‍ജന്‍സ് ഇന്‍സഫിഷ്യന്‍സി എന്ന അവസ്ഥ.
കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ അടുത്തേക്കുള്ള കാഴ്ചയാണ് വേണ്ടത് ഇതിനെ സഹായിക്കുന്നത് കണ്ണിലെ ലെന്‍സിന്റേയും പേശികളുടേയും പ്രവര്‍ത്തനഫലമായി നടക്കുന്ന അക്കമഡേഷന്‍ എന്ന പ്രതിഭാസമാണ്.
ഡിജിറ്റല്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് കണ്ണിന് പ്രശ്നം സൃഷ്ടിക്കുന്നു. ഇതുമൂലം അടുത്തുള്ള വസ്തുക്കളെ നോക്കുമ്പോള്‍ ഇരുകണ്ണുകളും ഒരുമിച്ച് പ്രവര്‍ത്തിക്കാതെ വരികയും കാഴ്ച അവ്യക്തമാവുകയും ചെയ്യുന്നു.അങ്ങനെ തലവേദന, കണ്ണുകള്‍ക്ക് ആയാസം, വസ്തുക്കളെ രണ്ടായി കാണല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. ഈ അവസ്ഥ മറികടത്താന്‍ സഹായിക്കുന്നതാണ് പെന്‍സില്‍ പുഷ് അപ്പ് വ്യായാമം. കണ്ണിന്റെ പ്രശ്നം എന്താണെന്ന് തിരിച്ചറിഞ്ഞ് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വേണം ഇത് ശീലിക്കാന്‍.
സൗകര്യപ്രദമായ വിധത്തില്‍ എവിടെയെങ്കിലും നില്‍ക്കുക.
ഒരു പെന്‍സില്‍ കൈയിലെടുത്ത് അതിന്റെ അഗ്രഭാഗം മൂക്കിന് മുന്നിലായി കൈയുടെ നീളത്തില്‍ നീട്ടിപ്പിടിക്കുക.
ഇനി ആ പെന്‍സിലിന്റെ അഗ്രഭാഗത്തേക്ക് ഫോക്കസ് ചെയ്യുക. തുടര്‍ന്ന് പതുക്കെ പെന്‍സില്‍ മൂക്കിനടുത്തേക്ക് കൊണ്ടുവരിക.
പെന്‍സില്‍ അവ്യക്തമായ രണ്ടായോ കാണാന്‍ തുടങ്ങുമ്പോള്‍ ആ പൊസിഷനില്‍ അല്‍പസമയം അങ്ങനെ നിര്‍ത്തുക. ഇതിന് ശേഷം വീണ്ടും പെന്‍സില്‍ പഴയ പൊസിഷനിലേക്ക് തിരിച്ചെത്തിച്ച് പരിശീലനം ആവര്‍ത്തിക്കുക.