പനിക്കൂര്‍ക്കയില നാം പൊതുവേ പനിയ്ക്കും കോള്‍ഡ് പോലുളളവയ്ക്കും ഔഷധമാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് സ്വാഭാവിക ഡൈ ഉണ്ടാക്കാന്‍ കൂടി ഉപയോഗിയ്ക്കാമെന്നതാണ് വാസ്തവം. ഇതെക്കുറിച്ചറിയൂ.
അകാലനര മാത്രമല്ല, സാധാരണ രീതിയിലെ നരയും ആര്‍ക്കും ഇഷ്ടപ്പെടാറില്ല. ഇതിനാല്‍ തന്നെയാണ് പലരും കൃത്രിമ ഡൈ എന്നതിനെ കൂട്ട് പിടിയ്ക്കുന്നതും. എന്നാല്‍ ഇത് വരുത്തുന്ന ആരോഗ്യ, ചര്‍മ പ്രശ്‌നങ്ങള്‍ പലരേയും അലട്ടാറുമുണ്ട്.
ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനായി നമുക്ക് ചെയ്യാവുന്നത് തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുകയെന്നതാണ്. ഇതിന് തികച്ചും നാച്വറലായുള്ള ഒരു പായ്ക്ക് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാം.
ഇതില്‍ ചേര്‍ക്കുന്ന പ്രധാന ചേരുവയെന്നത് പനിക്കൂര്‍ക്കയിലയാണ്. ഇതിനൊപ്പം തുളസിയില, കറിവേപ്പില, ഹെന്ന, നെല്ലിക്കാപ്പൊടി, കട്ടന്‍ ചായ എന്നിവയും ഉപയോഗിയ്ക്കാം. പനിക്കൂര്‍ക്കയിലെ ആരോഗ്യത്തിന് മാത്രമല്ല, മുടിയ്ക്കും നല്ലതാണ്. മുടി കൊഴിയുന്നതിനും അകാലനരയ്ക്കുമെല്ലാമുള്ള പരിഹാരമാണിത്. മയിലാഞ്ചി അഥവാ ഹെന്നയും മുടിയുടെ ആരോഗ്യത്തിനും നരച്ച മുടിയ്ക്കുമുള്ള പരിഹാരമാണ്.
നെല്ലിക്കാപ്പൊടി മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നെല്ലിക്ക വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്. മുടി നരയ്ക്കുന്നതു തടയാന്‍ മാത്രമല്ല, മുടി വളരാനും മുടിയുടെ നര മാറി കറുപ്പാകാനുമെല്ലാം ഇതേറെ നല്ലതു തന്നെയാണ്. മുടിയുടെ പല പ്രശ്നങ്ങള്‍ക്കുമുളള നല്ലൊരു മരുന്നാണ് ഇവ .
നല്ല മുടിക്കും കറിവേപ്പില ഏറെ ഗുണം ചെയ്യും. ആരോഗ്യവും തിളക്കവുമുള്ള മുടി മാത്രമല്ല, വേരില്‍ നിന്ന് ബലം നല്‍കാനും കറിവേപ്പില വളരെയധികം സഹായിക്കും. തലയോട്ടിയിലെ ജലാംശം നിലനിര്‍ത്തി താരന്‍ അകറ്റാന്‍ സഹായിക്കുന്നു. കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോറ്റീന്‍ മുടികൊഴിച്ചില്‍ ഇല്ലാതാക്കാനുള്ള പ്രധാന ഘടകമാണ്.
ഈ മിശ്രിതം തയ്യാറാക്കാനായി ഉപയോഗിയ്ക്കുന്നത് കട്ടന്‍ചായയാണ്. മുടിയുടെ കറുപ്പിന് ഇതും പ്രധാനമാണ്. കട്ടന്‍ചായ പൊതുവേ മുടി പ്രശ്നങ്ങള്‍ക്ക് മരുന്നാക്കാറുണ്ട്. മുടിയുടെ നര മാറാന്‍ ഇത് നല്ലതുമാണ്. ഈ മിശ്രിതം ഉണ്ടാക്കാനായി ആദ്യം കട്ടന്‍ചായ നല്ല കടുപ്പത്തില്‍ തിളപ്പിച്ച് എടുക്കണം. എത്രത്തോളം കടുപ്പമുണ്ടോ അത്രത്തോളം നല്ലതാണ്. ഇത് ഊറ്റിയെടുക്കുക. പനീക്കൂര്‍ക്കയില, തുളസിയില, കറിവേപ്പില എന്നിവ ഈ കട്ടന്‍ചായയില്‍ ചൂടാറുമ്പോള്‍ അരച്ചെടുക്കാം. ഹെന്നയ്ക്ക് പകരം മയിലാഞ്ചിയില ഉപയോഗിയ്ക്കുന്നുവെങ്കില്‍ ഇതും അരയ്ക്കാം.
പൗഡറാണെങ്കില്‍ ഇത് അരച്ചെടുത്ത ശേഷം പൊടി ചേര്‍ത്താല്‍ മതിയാകും. ഇതില്‍ നെല്ലിക്കാപ്പൊടിയും ചേര്‍ത്തിളക്കാം. ഇതെല്ലാം ഒരു ഇരുമ്പ് ചീനച്ചട്ടിയില്‍ ഒരു ദിവസം അടച്ച് വയ്ക്കുക. പിറ്റേന്ന് ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 2 മണിക്കൂര്‍ ശേഷം കഴുകാം. ഷാംപൂ ഉപയോഗിയ്ക്കരുത്. മുടി നര മാറാനും മുടി വളരാനും ഇതേറെ നല്ലതാണ്.