സൗന്ദര്യം എന്ന് പറയുന്നത് പ്രായവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണെന്ന് നമുക്കെല്ലാം അറിയാം. പ്രായം വര്‍ധിക്കുംതോറും സൗന്ദര്യത്തിനും നേരിയ കോട്ടം സംഭവിച്ചേക്കാം. പ്രായത്തിന് പുറമെ ശാരീരിക- മാനസികാരോഗ്യം, കാലാവസ്ഥ, ജോലി- ഇങ്ങനെ പല ഘടകങ്ങളും വാര്‍ധക്യം വേഗത്തിലാക്കാന്‍ കാരണമായേക്കും. ഇതിനെയെല്ലാം ഒരുപോലെ കൈകാര്യം ചെയ്യുക സാധ്യമല്ല. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാര്‍ധക്യത്തെ അല്‍പം നീട്ടിവയ്ക്കാം. അവയേതെല്ലാമെന്ന് നോക്കാം...
ഒന്ന്...
തൊലിയെ ചുറുചുറുക്കോടെ നിര്‍ത്തുകയെന്നതാണ് പ്രായമാകുംതോറും നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. ഇതിന് ശരീരത്തില്‍ എപ്പോഴും ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കണം. ദിവസവും 4 മുതല്‍ അഞ്ച് ലിറ്റര്‍ വരെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. നശിച്ചുപോകുന്ന കോശങ്ങള്‍ക്ക് പകരം പുതിയത് ഉണ്ടാകാനും വെള്ളം ആവശ്യമാണ്. പുതിയ കോശങ്ങളുണ്ടായെങ്കില്‍ മാത്രമേ തൊലി പുത്തനായി ഇരിക്കൂ.
രണ്ട്...
മധുരം കഴിക്കുന്നത് അല്‍പം നിയന്ത്രിക്കുക. നൈമിഷികമായ സന്തോഷമാണ് മധുരം കഴിക്കുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത്. എന്നാല്‍ ഇതിന് പലപ്പോഴും വലിയ വില കൊടുക്കേണ്ടി വരും. പ്രമേഹം, കൊറോണറി രോഗങ്ങള്‍ ഇവയെല്ലാം മധുരം അമിതമായി കഴിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന അസുഖങ്ങളാണ്. ഈ അസുഖങ്ങളെല്ലാം ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്, ചര്‍മ്മത്തിലെ വരള്‍ച്ച, ചര്‍മ്മം ചുളിഞ്ഞ് തൂങ്ങുന്നത്, പാടുകള്‍ വരുന്നത്- ഇവയ്ക്കെല്ലാം ഈ അസുഖങ്ങള്‍ കാരണമായേക്കും.
മൂന്ന്...
നല്ല ഉറക്കം വളരെ പ്രധാനമാണ്. ദിവസത്തില്‍ ഏഴ് മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക. പകലുറക്കം ഒഴിവാക്കാവുന്നതുമാണ്. പഴയ കോശങ്ങള്‍ നശിച്ച് പുതിയത് ഉണ്ടായിവരുന്ന പ്രക്രിയയെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒന്നാണ് ഉറക്കം. അതിനാല്‍ ഉറക്കം കൃത്യമാണെന്ന് ഉറപ്പുവരുത്തുക. ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് ഉറക്കമുണ്ടാകുന്നില്ലയെങ്കില്‍ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ തേടുക.
നാല്...
രാസപദാര്‍ത്ഥങ്ങളടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത്, മോശം കാലാവസ്ഥ- ഇതെല്ലാം ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കും. ഇവയെല്ലാം ചെറുക്കാന്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. ബീറ്റ കെരോട്ടിന്‍, വിറ്റാമിന്‍- ഇ, എ, സി എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.
അഞ്ച്...
സൗന്ദര്യം നിലനിര്‍ത്താന്‍ പ്രകൃത്യാലുള്ള പദാര്‍ത്ഥങ്ങള്‍ മാത്രം ഉപയോഗിക്കുന്നതാണ് ചര്‍മ്മത്തിന്റെ ആയുസിന് നല്ലത്. രാസപദാര്‍ത്ഥങ്ങളടങ്ങിയ ഏത് ഉത്പന്നവും ക്രമേണ ചര്‍മ്മത്തിന് ദോഷമേ വരുത്തൂ. ഇതോടൊപ്പം തന്നെ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതുതന്നെ.