ബൈക്ക് റൈഡിനോടുള്ള നടി മഞ്ജു വാര്യരുടെ കമ്പം എല്ലാവര്‍ക്കും സുപരിചിതമാണ്. ബൈക്ക് റൈഡിംഗിനോടുള്ള തന്റെ പ്രണയം ഒരിക്കല്‍ കൂടി വെളിപ്പെടുത്തിക്കൊണ്ട്, 2026നെ ഒരു സാഹസിക യാത്രയോടെയാണ് താരം വരവേറ്റത്. ബി.എം.ഡബ്ല്യുവിന്റെ കരുത്തുറ്റ അഡ്വഞ്ചര്‍ ബൈക്കായ R 1250 GS-ല്‍ മഴയത്ത് കുതിച്ചുപായുന്ന മഞ്ജുവിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
തന്റെ പ്രിയപ്പെട്ട ബി.എം.ഡബ്ല്യു സൂപ്പര്‍ ബൈക്കില്‍ നഗരം ചുറ്റുന്ന മഞ്ജു, അതില്‍ അനായാസമായി അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും കാണാം. ''ഓരോ അനുഭവത്തിനും നന്ദി, വരാനിരിക്കുന്ന എല്ലാറ്റിനെയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു...'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മഞ്ജു വാര്യര്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്. ധനുഷ് കോടിയിലൂടെയാണ് മഞ്ജുവിന്റെ സ്‌റ്റൈലന്‍ റൈഡ്. ഇരുന്നും നിന്നുമൊക്കെ കൂളായി ബൈക്ക് ഓടിക്കുന്ന മഞ്ജുവിനെ വീഡിയോയില്‍ കാണാം.
മിനിറ്റുകള്‍ക്കകം തന്നെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സഹതാരങ്ങളായ ഭാമ, സൗബിന്‍ ഷാഹിര്‍, വിജയ് യേശുദാസ്, അദിതി രവി, ശിവദ, നൂറിന്‍ ഷെരീഫ് എന്നിങ്ങനെ മിക്ക താരങ്ങളും ഫയര്‍ ഇമോജിയും ലവ് ഇമോജിയും കമന്റുകളിലൂടെ നല്‍കുന്നുണ്ട്.
ഒരു കാലത്ത് താന്‍ കൂട്ടിലടച്ച കിളിയെപ്പോലെയായിരുന്നുവെന്നും എന്നാല്‍ ഇന്ന് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സാധിക്കുന്നുവെന്നുമാണ് താരം വീഡിയോയിലൂടെ ഓര്‍മ്മിപ്പിക്കുന്നത്. വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിന്റെ ജീവിതം പലര്‍ക്കും പ്രചോദനമാണ്. പ്രതിസന്ധികളെ അതിജീവിച്ച് തന്റെ പാഷനുകള്‍ ഓരോന്നായി കീഴടക്കുകയാണ് താരം.
തമിഴ് താരം അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയ്ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ ബൈക്കിംഗില്‍ സജീവമായത്. തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കി.മീ. ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഈ യാത്രയ്ക്ക് ശേഷമാണ് സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ബൈക്ക് ഓടിക്കാനുള്ള ലൈസന്‍സ് മഞ്ജു നേടിയെടുത്തത്.
തുടര്‍ന്ന് ബി.എം.ഡബ്ല്യു ആര്‍ 1250 ജി.എസ് എന്ന കരുത്തന്‍ ബൈക്ക് താരം സ്വന്തമാക്കി. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബിഎംഡബ്ല്യു ആര്‍ 1250ജിഎസ് ബൈക്ക് ഏകദേശം 28 ലക്ഷം രൂപ മുടക്കിയാണ് മഞ്ജു സ്വന്തമാക്കിയത്. തുടക്കത്തില്‍ ഡ്രൈവിംഗില്‍ ചില പരിഭ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, പ്രൊഫഷണല്‍ റൈഡര്‍മാരെപ്പോലെ ബൈക്ക് ഓടിക്കുന്ന മഞ്ജുവിനെയാണ് വീഡിയോയില്‍ കാണാനാകുന്നത്.