സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ ആണിത്. സ്‌നേഹത്തിന്റെയും കരുണയുടെയും വാത്സല്യത്തിന്റെയും എല്ലാം ഉത്തര ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന് ഒരു വീഡിയോ. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങള്‍ കണ്ടാല്‍ നിങ്ങളുടെ ഹൃദയത്തില്‍ കണ്ണുനീരിന്റെ ഒരു ചെറുതുള്ളി വീഴുന്നത് ്അനുഭവിച്ചറിയാം. അത്രയ്ക്കും നൊമ്പരപ്പെടുത്തുന്ന ഒരു വീഡിയോ ആണിത്. ഒരു യുവതി ഒരു വൃദ്ധനെ ഉത്സവപ്പറമ്പില്‍ എത്തിച്ച് ചെണ്ടമേളം കാണിക്കുന്ന വീഡിയോ ആണിത്.
ഇവര്‍ ആരാണെന്നോ എന്താണെന്നോ ഏതു സ്ഥലമാണെന്നോ ഒന്നും ഞങ്ങള്‍ക്കറിയില്ല. എങ്കിലും അവര്‍ അച്ഛനും മകളും ആയിരിക്കുമെന്ന് നമുക്ക് കണക്കാക്കാം. അവരുടെ ജീവിതത്തിലെ സ്‌നേഹം തുളുമ്പുന്ന, ഇന്നത്തെ കാലത്ത് നമുക്കെല്ലാം മാതൃകയാകുന്ന കുറച്ചു നിമിഷങ്ങളാണ് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. നാട്ടിലെ ഉത്സവത്തിന് കൊടിയേറിയപ്പോള്‍ വീട്ടിലിരുന്ന ഈ അച്ഛന്റെ ചെവികളിലേക്ക് ചെണ്ടമേളത്തിന്റെ പെരുക്കവും എത്തി.
പിന്നാലെ പൂരപ്രേമിയായ അച്ഛനെയും കൂട്ടി മകള്‍ എത്തിയത് ഈ ക്ഷേത്രത്തിലേക്കാണ്. ക്ഷേത്രദര്‍ശനമെല്ലാം കഴിഞ്ഞ് പൂരപ്പറമ്പിലേക്ക് ഇറങ്ങിയപ്പോഴുള്ള കാഴ്ചയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ചെണ്ടമേളം അതിന്റെ രസം പിടിച്ചപ്പോള്‍ വയ്യാത്ത അച്ഛനെ സുരക്ഷിതമാക്കി ഇരു കൈകളും ചേര്‍ത്ത് കോര്‍ത്തു നെഞ്ചിലൂടെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് മകള്‍. ആ അച്ഛനാകട്ടെ ചെണ്ടമേളം കൈകകള്‍ കൊട്ടി ആസ്വദിച്ച് തന്റെ പഴയ കാല ഓര്‍മ്മകളില്‍ ആറാടുകയാണ്. അപ്പോഴും അച്ഛന്‍ മറിഞ്ഞു വീഴാതിരിക്കാന്‍, അച്ഛന്റെ ആസ്വാദനത്തിന് ഒരു ഭംഗവും വരാതിരിക്കുവാന്‍ ചേര്‍ത്തു പിടിച്ചിരിക്കുകയാണ് മകള്‍.
വളരെ മനോഹരമായ സ്‌നേഹം തുളുമ്പുന്ന വീഡിയോ ദൃശ്യമാണിത്. മറ്റൊന്നും കൊണ്ടല്ല, ഒരു പക്ഷെ ഈ അച്ഛന്‍ തന്റെ നല്ല കാലത്ത് ഈ മകളെയും തോളിലേറ്റി ഉത്സവപ്പറമ്പുകൡലൂടെ കാഴ്ചകളും ചെണ്ടമേളവും എല്ലാം കാണിച്ച് കൊണ്ടുപോയിട്ടുണ്ടാകാം. അച്ഛന്റെ ചേര്‍ത്തു പിടിക്കലില്‍ താന്‍ സുരക്ഷിതയാണെന്ന് ബോധ്യം വന്ന മകള്‍ രണ്ടു കൈകളും ചേര്‍ത്ത് കൊട്ടി ഒരിക്കല്‍ ഈ ചെണ്ടമേളം ആസ്വദിച്ചിട്ടുണ്ടാകാം. ഇന്ന് അച്ഛന് സുഖമില്ലാതെയാകുമ്പോള്‍ അച്ഛന്റെ ആഗ്രഹങ്ങളുടെയും സ്വപ്‌നങ്ങളുടെയും സ്പന്ദനം നിലയ്ക്കുമ്പോള്‍ അച്ഛനെ ഉത്സവപ്പറമ്പിലേക്ക് കൊണ്ടുവരിക.. എന്നിട്ട് നെഞ്ചിലിങ്ങനെ കെട്ടിപ്പിടിച്ച് ഉത്സവ ഓര്‍മ്മകളെല്ലാം തിരിച്ചു കൊടുക്കുക ഇതൊക്കെ ഒരു മകള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യങ്ങള്‍ തന്നെയാകും.
ഇതിനപ്പുറം ഒരച്ഛനും അമ്മയും സ്വന്തം മക്കളില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നുണ്ടാകില്ല. ഒന്നും ആഗ്രഹിക്കാതെയാണ് ഒരച്ഛനും അമ്മയും മക്കളെ വളര്‍ത്തുന്നത്. തീയില്‍ വീഴാതെയും വെള്ളത്തില്‍ വീഴാതെയും കഴുകനും പാമ്പിനും കൊടുക്കാതെ മക്കളെ സംരക്ഷിച്ച് കാത്തു പരിപാലിച്ച് കൊണ്ടുവരുന്നത് അവര്‍ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചല്ല. അങ്ങനെ അവര്‍ വളര്‍ന്നു വലുതാകുമ്പോള്‍ അവരുടേതായ ജീവിതം അവര്‍ കണ്ടെത്തി കഴിയുമ്പോള്‍ മാതാപിതാക്കളെ മറന്നു പോകുന്ന സംഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.
അത്തരം സംഭവങ്ങള്‍ നാം മാധ്യമങ്ങളിലൂടെ ദിവസം തോറും അറിയാറുമുണ്ട്. അങ്ങനെയുള്ള നാട്ടിലാണ് ഇത്രയും നിഷ്‌കളങ്കമായ ഒരു സ്‌നേഹത്തിന്റെ നിറ നിമിഷം. ഒരു അച്ഛന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ ഭാഗ്യമാണ് ഇത്തരം മക്കള്‍ ഉണ്ടാവുക എന്നത്.