ക്ലാസിക് സിനിമകളുടെയും ഹൊറര്‍ സിനിമകളുടെയും ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയില്‍ നിന്നുമുണ്ടായത്. ലോകപ്രശസ്ത ഹോളിവുഡ് ഹൊറര്‍ ചിത്രം 'നൈറ്റ് ഓഫ് ദി ലിവിങ് ഡെഡ്' (1968) പൂര്‍ണ്ണമായും കളറൈസ് ചെയ്ത് റീസ്റ്റോര്‍ ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ഫിലിം പ്രൊഡക്ഷന്‍ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറി.
പുതിയ പതിപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ഒറിജിനല്‍ ചിത്രത്തിന്റെ ഭീതിജനകവും, ക്ലാസിക് മൂഡും നഷ്ടപ്പെടുത്താതെ ആധുനിക സിനിമാറ്റിക് കളര്‍ ഗ്രേഡിംഗിലൂടെ പുതുജീവന്‍ നല്‍കിയ ദൃശ്യങ്ങളാണ് പോസ്റ്ററില്‍ കാണുന്നത്. ഡുവെയ്ന്‍ ജോണ്‍സ്, ജൂഡിത്ത് ഒ'ഡീ, കാര്‍ല്‍ ഹാര്‍ഡ്മാന്‍, മാരിലിന്‍ ഈസ്റ്റ്മാന്‍, കീത്ത് വെയിന്‍, ജുഡി റിഡ്‌ലി, കൈറ സ്‌ഖോണ്‍, ചാള്‍സ് ക്രെയ്ഗ്, ബില്‍ കാര്‍ഡില്‍ എന്നിവരുടെ പ്രകടനങ്ങള്‍ ഇന്നും സിനിമാസ്‌നേഹികള്‍ക്കുള്ളില്‍ മരിക്കാത്ത ഓര്‍മ്മകളാണ്.
ജോര്‍ജ് എ റൊമേറോയുടെ സംവിധാനത്തില്‍ 1968-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സോംബി ഹൊറര്‍ ശൈലിയെ പൂര്‍ണ്ണമായി മാറ്റിമറിച്ച ഒരു സിനിമയായി ഇന്നും വിലയിരുത്തപ്പെടുന്നു. ലോക സിനിമാ ചരിത്രത്തില്‍ ഒരു വഴിത്തിരിവായിമാറിയ ഈ ചിത്രത്തിന് നിലവില്‍ മറ്റുചില റീസ്റ്റോറേഷന്‍ പതിപ്പുകളുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ചിത്രത്തിനായി ഒരു റീസ്റ്റോര്‍ഡ് പതിപ്പ് ഒരുക്കുന്നത്. എച്ച്. ഡി. ക്വാളിറ്റിയില്‍ കളറൈസ് ചെയ്ത പതിപ്പ് ഉടന്‍ തന്നെ പ്രമുഖ OTT പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുമെന്നും കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനും സിനിമ സംവിധായകനുമായ നിര്‍മല്‍ ബേബി വര്‍ഗീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.