അതിര്‍ത്തി കടന്നെത്തിയ ആരാധനയ്ക്ക് മുന്നില്‍ മുട്ടുകുത്തി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. കുവൈത്തിലെ സ്റ്റേജ് ഷോ വേദിയാണ് ആ അപൂര്‍വ സംഗമത്തിന് സാക്ഷിയായത്. സ്റ്റേജ് ഷോയിലെ പങ്കെടുക്കാനെത്തിയ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ സൂപ്പര്‍സ്റ്റാര്‍ ലാലേട്ടനും ആരാധികയായ നാദിയയും തമ്മിലുള്ള അസാധാരണ സംഗമം നടന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ 36 കാരിയായ നാദിയയും കിടിലന്‍ ഡയലോഗുമുള്ള വീഡിയോയുമാണ് ശ്രദ്ധ നേടുന്നത്.
ജന്മനാ വൈകല്യം നേരിടുന്ന മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ നാദിയ വീല്‍ചെയറിന്റെ സഹായത്തോടെയാണ് യാത്ര ചെയ്യുന്നത്. നാദിയ മലയാളിയല്ല, തന്നെ പരിചരിക്കാന്‍ എത്തിയ നഴ്സുമാരില്‍ നിന്ന് ഭാഷ പഠിച്ചാണ് അവര്‍ മലയാള സിനിമകള്‍ കണ്ടതും, മോഹന്‍ലാലിന്റെ കടുത്ത ആരാധികയായതും. പരിപാടയില്‍ സ്റ്റേജിലേക്ക് കയറാന്‍ കഴിയാത്ത നാദിയയുടെ അടുത്തേക്ക് എത്തുകയായിരുന്നു ലാലേട്ടന്‍.
തന്റെ അടുത്ത് മുട്ടുകുത്തി നില്‍ക്കുന്ന സൂപ്പര്‍ താരത്തോട് നാദിയ പറഞ്ഞു.' എന്നോട് പറ ഐ ലവ് യൂ ന്ന്' വന്ദനത്തിലെ സിനിമയിലെ ഡയലോഗിന് 'ഐ ലവ് യു' എന്ന് മോഹന്‍ലാലിന് മറുപടി നല്‍കിയപ്പോള്‍ 'പോ മോനേ ദിനേശാ..' എന്നായിരുന്നു നാദിയയുടെ മറുപടി. മുട്ടുകുത്തി നിന്ന് സംസാരിക്കുന്ന ലാലേട്ടന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.
പരസഹായമില്ലാതെ പ്രാഥമികകൃത്യങ്ങള്‍ പോലും നടത്താനാകില്ല നാദിയക്ക്. എന്നാലും വീല്‍ചെയറിനപ്പുറത്തെ ലോകത്തുള്ള തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സാധിച്ചതിന്റെ സന്തോഷത്തിലാണ് നാദിയ.