ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ അതിപ്രധാനമായ ഉത്സവമാണ് "പൊങ്കാല മഹോത്സവം". പൗർണമിയും പൂരം നാളും ഒന്നിച്ചു വരുന്ന സവിശേഷ ദിനം . ഈ വർഷം മാർച്ച് 09 നാണു ഭക്തർ ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നത്. ദേവിക്ക് നേരിട്ട് നിവേദ്യം സമർപ്പിക്കുവാനുള്ള അവസരമാണിത്. തെളിഞ്ഞ മനസ്സോടെ ഭക്തിപൂർവം ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നതിലൂടെ സർവൈശ്വര്യം ലഭിക്കും എന്നാണ് വിശ്വാസം.
പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം. കാപ്പുകെട്ടു മുതൽ വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള 9 ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. 7 ,5 ,3 ദിവസങ്ങൾ വ്രതം അനുഷ്ഠിച്ച് പൊങ്കാലയിടുന്നവരുമുണ്ട്. ആത്മാവ് ദേവിക്ക് സമർപ്പിക്കുന്നത് പൊങ്കാലയെ കൂടുതൽ ദീപ്തമാക്കുന്നു.വ്രതമെന്നാൽ ഭക്ഷണത്തിന്റെ നിയന്ത്രണം മാത്രമല്ല ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം കൂടിയാണ്. വ്രതമെടുക്കുന്ന ഒൻപത് ദിവസങ്ങളിലും എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടേയിരിക്കണം. സർവ്വ ദുരിതവും മാറ്റിതരണമെ, അനുഗ്രഹം ചൊരിയേണമെ, നവഗ്രഹദുരിതങ്ങളും മാറ്റിത്തരണമെ, ദൃഷ്ടിദോഷം, വിളിദോഷം, ശാപദോഷം എന്നിവ മാറ്റി തരണമേ എന്ന് ഭക്തിയോടെ പ്രാർഥിക്കണം. ഭക്തിയോടെ എപ്പോഴും അമ്മയെ പ്രാർഥിച്ചുകൊണ്ടിരുന്നാൽ ആഹാരം കഴിക്കണമെന്നുതന്നെ തോന്നില്ല. ക്ഷീണവും വരില്ല, ദൃഢമായ ഭക്തിയോടെ അമ്മ കൂടെയുണ്ടെന്ന് വിശ്വസിച്ച് ഒരുനേരം അരിയാഹാരം കഴിച്ച് ബാക്കി സമയം വിശന്നാൽ ഫലവർഗ്ഗങ്ങള്‍ കഴിച്ചു വ്രതമെടുക്കണം. മത്സ്യമാംസവും ലഹരി പദാർഥങ്ങളും പൂർണ്ണമായും ത്യജിക്കണം. ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദേവി സ്തോത്രനാമാദികൾ ചൊല്ലുകയും ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്.