Latest News

വീട് വില്‍ക്കും മുമ്പ് വിലകൂട്ടാന്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍

Malayalilife
 വീട് വില്‍ക്കും മുമ്പ് വിലകൂട്ടാന്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍

 

വീട് വാങ്ങുകയെന്ന് പറഞ്ഞാൽ പലർക്കും അതൊരു സ്വപ്നമാണ്. ചുരുങ്ങിയ വിലയിൽ ഏറ്റവും നല്ലൊരു വീട് കരസ്ഥമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. വീട് വാങ്ങാൻ വരുന്നവർ വീടിന്റെയും പരിസരപ്രദേശങ്ങളുടെയും വൃത്തിക്ക് ഒന്നാം സ്ഥാനം നൽകുന്നുണ്ട്. അതിനനുസരിച്ചാണ് അവർ വില കാണുകയും ചെയ്യുന്നത്. അതിനാൽ നാം വീട് വിൽക്കാൻ വയ്ക്കുമ്പോൾ വീടിന്റെ ഓരോ മൂലയും പരിസര പ്രദേശങ്ങളും ശുചിത്വപൂർണമാക്കി വയ്ക്കാൻ അത്യധികമായി ശ്രദ്ധ പുലർത്തേണ്ടതുണ്ട്. എന്നാൽ മാത്രമെ പരമാവധി വില നമുക്ക് നേടിയെടുക്കാനാവുകയുള്ളൂ. പരിസരം വൃത്തിയാക്കിയാൽ തന്നെ വീടിന്റെ മൂല്യം 10 ശതമാനം കൂടുമെന്നാണ് ഈ മേഖലയിലെ വിഗദ്ധർ ഓർമിപ്പിക്കുന്നത്. വീട് വിൽക്കും മുമ്പ് വില കൂട്ടാൻ ചെയ്യേണ്ടുന്ന പത്ത് കാര്യങ്ങളെക്കുറിച്ചാണിവിടെ പരാമർശിക്കുന്നത്.

1. അടുക്കള ശുചിത്വമുള്ളതാക്കുക

രു വീടിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ് അവിടുത്തെ അടുക്കള. വീടിന്റെ വില നിർണയിക്കുന്നതിൽ ഇതിന് നിർണായകമായ സ്ഥാനമുണ്ട്. നല്ല രീതിയിൽ സെറ്റ് ചെയ്തിരിക്കുന്ന അടുക്കളയിലൂടെ വീടിന്റെ മൂല്യം നാല് ശതമാനം വർധിക്കുമെന്നാണ് ദി റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് സർവേർസ് അഭിപ്രായപ്പെടുന്നത്. നാം വിൽക്കാൻ വച്ചിരിക്കുന്ന വീടിന്റെ അടുക്കള പഴയതാണെങ്കിലും ചില അഴിച്ചു പണികളിലൂടെ അതിനെ പുതിയ രീതിയിൽ സെറ്റ് ചെയ്യാനാകുകയും അതിലൂടെ അടുക്കളയുടെ മൂല്യം വർധിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നു.

2. പിരിയഡ് ഫീച്ചേഴ്‌സ് ഉൾപ്പെടുത്തുക

വിക്ടോറിയൻ മോഡലിലുള്ള ഒരു വീടാണ് നിങ്ങൾ വിൽക്കാൻ വച്ചിരിക്കുന്നതെന്ന് കരുതുക.അങ്ങനെയാണെങ്കിൽ അക്കാലത്തെ അനുസ്മരിപ്പിക്കുന്ന ചില വസ്തുക്കളും ഉപകരണങ്ങളും കൂടി ആ വീടിന്റെ പരിസരത്തിൽ അനുയോജ്യമായ വിധത്തിൽ കൂട്ടിച്ചേർക്കുകയാണെങ്കിൽ വീടിന്റെ വില വളരെയധികം വർധിക്കുമെന്നുറപ്പാണ്. ചിലപ്പോൾ അവിടെയുള്ള അത്തരം കാര്യങ്ങൾ കുറച്ച് പണം മുടക്കി നന്നാക്കിയെടുത്താൽ മതിയാകും. അല്ലെങ്കിൽ പൗരാണിക സാധനങ്ങൾ വിൽക്കുന്ന കടകളിലോ സാൽവേജ് യാർഡുകളിൽ നിന്നോ അവ വാങ്ങി വീട്ടിൽ സെറ്റ് ചെയ്യാവുന്നതാണ്. അതിന് വേണ്ടി നിങ്ങൾക്ക് ആയിരങ്ങൾ മുടക്കേണ്ടി വന്നാലും ഈ പരിഷ്‌കരണത്തിലൂടെ നിങ്ങൾക്ക് വീട് വിലയിൽ ചിലപ്പോൾ അപ്രതീക്ഷിതമായ സംഖ്യ അധികം കിട്ടിയേക്കാം. പൗരാണിക ശൈലിയിലുള്ള വീടുകളോടും വസ്തുക്കളോടും ചിലർക്ക് കലശലായ ഭ്രമമാണുള്ളത്. അത്തരക്കാർ നിങ്ങളുടെ വീടിന് മാർക്കറ്റ് നിരക്കിനേക്കാൾ എത്രയോ അധികം വില നൽകാനും ഈ പരിഷ്‌കരണത്തിലൂടെ വഴിയൊരുങ്ങും.

3. പൂന്തോട്ടം നല്ല രീതിയിൽ പരിപാലിക്കുക

വീടെന്നാൽ ആ കെട്ടിടം മാത്രമല്ല. അതിന്റെ പരിസരം കൂടി ഉൾപ്പെടുന്നതാണ് ഗൃഹാന്തരീക്ഷം. അതിൽ വീടിന് ചുറ്റുമുള്ള പൂന്തോട്ടത്തിന് നിർണായകമായ സ്ഥാനമുണ്ട്. അതിനാൽ പൂന്തോട്ടം നല്ല രീതിയിൽ പരിപാലിക്കേണ്ടതുണ്ട്. ചെടികൾ നല്ല രീതിയിൽ ക്രമീകരിക്കുക, പുൽത്തകിടികൾ ഭംഗിയായി വെട്ടിയൊതുക്കുക, നടപ്പാതകൾ ഒതുക്കത്തിൽ സെറ്റ് ചെയ്യുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഉദ്യാനം നല്ല രീതിയിൽ പരിപാലിക്കപ്പെടുന്നുണ്ടെങ്കിൽ ആ വീടും നല്ല രീതിയിൽ കൊണ്ടു നടക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. ഒരു നല്ല ഉദ്യാനം വീടിന്റെ മൂല്യം 20 ശതമാനത്തിലധികം വർധിപ്പിക്കുമെന്നാണ് ഹോംസെർച്ച് അടുത്തിടെ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നത്.

4. ഓരോ ഇഞ്ചും വൃത്തിയാക്കുക

വീട്ടിൽ ടൈൽസിട്ട നിലം, നല്ല വിലകൂടിയ കാർപ്പെറ്റ്, ഫർണീച്ചറുകൾ, പെയിന്റിംഗുകൾ എല്ലാമെല്ലാമുണ്ടെങ്കിലും അവയെല്ലാം പൊടിനിറഞ്ഞ് കിടക്കുകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ...?. അത്തരം വീടിന്റെ വില താഴോട്ട് പോകുമെന്നതിൽ സംശയമില്ല. അതിനാൽ വീടിന്റെ ഓരോ മൂലയും സൂക്ഷ്മമായി വൃത്തിയാക്കേണ്ടതാണ്. ജനാലകൾ, വാതിലുകൾ , പടികൾ തുടങ്ങിയവയെല്ലാം വൃത്തിയാക്കണം. ഇതിലൂടെ വിൽക്കാൻ വച്ചിരിക്കുന്ന വീടിന്റെ മൂല്യം വർധിപ്പിക്കാം.

5. ആകർഷകമായ പെയിന്റടിക്കുക

വീട് വാങ്ങാൻ വരുന്നവരുടെ ശ്രദ്ധയിൽ ആദ്യം വരുന്ന കാര്യം വീടിന്റെ പെയിന്റാണ്. നല്ല വീടാണെങ്കിലും ഭിത്തി പൂപ്പൽ നിറഞ്ഞ് നിറം കെട്ടതാണെങ്കിൽ ആരും ആ വീടിന് വില കാണാൻ ഒന്ന് മടിക്കും. അതിനാൽ വീട് വിൽക്കാൻ വയ്ക്കും മുമ്പ് ആകർഷകമായ പെയിന്റ് അടിച്ച് മനോഹരമാക്കുന്നത് നന്നായിരിക്കും. ഇനി പെയിന്റടിക്കാൻ നിർവാഹമില്ലെങ്കിൽ ചുമരുകളിലും മറ്റുമുള്ള അഴുക്കുകൾ മായ്ച്ച് കളയാൻ ശ്രമിക്കേണ്ടതാണ്.

6. വൃത്തിയും തിളക്കവുമുള്ള ബാത്ത്‌റൂം സജ്ജീകരിക്കുക

രു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് അവിടുത്തെ ബാത്ത്‌റൂം. വീട് വാങ്ങാൻ വരുന്നവർ ഏറ്റവും പ്രാധാന്യം നൽകുന്ന ഭാഗവുമാണിത്. അതിനാൽ വിൽക്കാൻ വച്ചിരിക്കുന്ന വീട്ടിലെ ബാത്ത്‌റൂമുകൾ നല്ല രീതിയിൽ സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം. ബാത്ത്‌റൂമിലെ കാലഹരണപ്പെട്ട സോപ്പ് ഡിഷ്, ടൂത്ത്‌പേസ്റ്റ് ഹോൾഡർ, റേഡിയേററർ പ്ലസ് ടാപ്പുകൾ, ഹാൻഡിലുകൾ എന്നിവ മാറ്റ് പകരം പുതിയവ സ്ഥാപിച്ചാൽ തന്നെ ബാത്ത്‌റൂമിന് പുതുമയും വൃത്തിയും തോന്നിക്കും. ഇത് വിലയിൽ പ്രതിഫലിക്കുകയും ചെയ്യും.

7. സാധനങ്ങൾ വലിച്ച് വാരിയിടരുത്

വിൽക്കാൻ വച്ചിരിക്കുന്നതല്ലെയെന്ന് വിചാരിച്ച് വീട്ടിൽ സാധനങ്ങൾ വലിച്ച് വാരിയിടരുത്. വസ്ത്രങ്ങളായാലും പുസ്തകങ്ങളായാലും മറ്റ് സാധനങ്ങളായാലും അവ അതാത് സ്ഥാനത്ത് അടുക്കിപ്പെറുക്കി ഒതുക്കി വയ്ക്കണം. ഇല്ലെങ്കിൽ വീടിന് നാം പ്രതീക്ഷിച്ച വില ലഭിക്കില്ല. സാധനങ്ങൾ വയ്ക്കാൻ ബിൻബാഗുകൾ, ഡ്രായേർസ്, കപ്‌ബോർഡുകൾ തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്താം.

8. നന്നായി സജ്ജീകരിക്കുക

വാങ്ങാൻ വരുന്നയാൾ വീടാണ് സ്വന്തമാക്കാനഗ്രഹിക്കുന്നത് അല്ലാതെ ഒരു ഷോറൂമല്ലെന്ന് ഓർത്താൽ നന്നായിരിക്കും. അതിനാൽ വീട്ടിലെ ഫർണീച്ചറുകൾ, പെയിന്റിംഗുകൾ, മറ്റ് തുടങ്ങിയവ പ്രദർശനത്തിനെന്നോണം നിരത്തിയിടാതെ ആവശ്യമായ തോതിൽ മാത്രം യഥാസ്ഥാനത്ത് സജ്ജീകരിക്കേണ്ടതുണ്ട്. സോഫ പോലുള്ള ഫർണീച്ചറുകളിൽ നല്ല വൃത്തിയുള്ള വിരികൾ സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.

9. നടപ്പാതയും കവാടവും ഭംഗിയും ആകർഷകവുമാക്കുക

വീടിന്റെ ആദ്യ ആകർഷണമാണ് അവിടേക്കുള്ള നടപ്പാതയും കവാടവും. വീടിനെക്കുറിച്ചുള്ള ഒരു ഏകദേശ ചിത്രം ഇതിലൂടെ വാങ്ങാൻ വരുന്നയാൾക്ക് ലഭിക്കുമെന്നുറപ്പാണ്. അതിനാൽ ഇവ രണ്ടും ആകർഷകമായ രീതിയിൽ സെറ്റ് ചെയ്യേണ്ടതുണ്ട്. നല്ല ഡോർ നോബ്‌സ്, ലെറ്റർ ബോക്‌സുകൾ, കീഹോളുകൾ തുടങ്ങിയവ ഇതിനായി ഉപയോഗിക്കണം. കെർബ് അപ്പീൽ നന്നായില്ലെങ്കിൽ വീടിന്റെ വിലയിൽ 5 ശതമാനം ഇടിവുണ്ടാകുമെന്നാണ് തെളിഞ്ഞിരിക്കുന്നത്.

10. ഫ്‌ലോറിങ് മികവുറ്റതാക്കുക

പൊടി പിടിച്ച കാർപെറ്റുകളും അഴുക്ക് നിറഞ്ഞ ഫ്‌ലോറിംഗും വീടിന്റെ വില കുറയ്ക്കുമെന്നതിൽ സംശയമില്ല. അതിനാൽ തറ നല്ല രീതിയിൽ സെറ്റ് ചെയ്യേണ്ടതുണ്ട്. നല്ല കാർപെറ്റുകളുണ്ടെങ്കിൽ വീടിന്റെ വിലയിൽ 1738 പൗണ്ടിന്റെ വർധനവുണ്ടാകുമെന്നാണ് എച്ച്എസ്‌ബിസി കണ്ടെത്തിയിട്ടുള്ളത്. അതിനാൽ വിൽപനയ്ക്ക് വച്ച വീടിന്റെ ഫ്‌ലോറിങ് മെച്ചപ്പെടുത്താൻ അൽപം തുക ചെലവാക്കിയാലും നഷ്ടമൊന്നുമുണ്ടാകില്ലെന്നാണ് ഈ മേഖലയിലെ വിഗദ്ധർ അഭിപ്രായപ്പെടുന്നത്.

Read more topics: # tips,# highest price,# house
tips to get highest price for your house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES