ദിവസത്തില്‍ ഒരു കാപ്പി കുടിക്കുന്നത് ഒരിക്കലും കാന്‍സറിന് കാരണമാകില്ലെന്ന് കണ്ടെത്തല്‍. കാലങ്ങളായി കാപ്പിയും കാന്‍സറും തമ്മിലുള്ള ബന്ധം ചര്‍ച്ചാവിഷയമാണ്. കാപ്പി അമിതമായി കുടിക്കുന്നത് കാന്‍സറിന് കാരണമാകുമെന്നായിരുന്നു ആരോഗ്യമേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത് കാപ്പി കുടിക്കുന്നത് ഒരാളെ കാന്‍സര്‍ രോഗി ആക്കില്ലെന്നാണ്. ക്യുഐഎംആര്‍ ബെര്‍ഗോഫര്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പഠനം സംഘടിപ്പിച്ചത്. തുടര്‍ന്ന് കാപ്പി കുടിക്കുന്ന മൂന്ന് ലക്ഷത്തിലധികം ആള്‍ക്കാരുടെ ജനിതക ഡാറ്റ പരിശോധിച്ചു. ഇത് കാപ്പിയുടെ ഉപയോഗം കുറയ്ക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത ഒഴിവാക്കുമോ എന്ന വിഷയത്തില്‍ കൃത്യമായ സൂചന നല്‍കാന്‍ സഹായിച്ചു.
നേരത്തെ ഇത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നെങ്കിലും കൃത്യമായ തെളിവുകള്‍ ഇല്ലാത്തത് കാരണം കാപ്പിയും കാന്‍സറും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ സാധിച്ചില്ല. പക്ഷേ ജനിതകമായ വസ്തുതകള്‍ ഒരിക്കലും തെറ്റാകില്ലെന്നും അതുകൊണ്ട് തന്നെ കാപ്പി കുടിക്കുന്നത് കാന്‍സറിന് കാരണമാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പക്ഷേ മറ്റ് ഏതെങ്കിലും രോഗങ്ങള്‍ക്ക് കാപ്പി കാരണമാകുമോ എന്നതില്‍ ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു.
ചായയാണോ കാപ്പിയാണോ ഒരാള്‍ക്ക് ഇഷ്ടം എന്നത് അറിയാനുള്ള ജീനുകള്‍ ഓരോ വ്യക്തിയിലുമുണ്ട്. അതേ പോലെ കാപ്പിയിലെ കഫീന്‍ എങ്ങനെ നമ്മുടെ ശരീരം പ്രോസസ്സ് ചെയ്യുന്നു എന്ന് അറിയാനുള്ള ജീനുകളും ഉണ്ട്. കാന്‍സറിനുള്ള ജീനുകളും കാപ്പി ഉപഭോഗത്തിനുള്ള ജീനുകളും ഇതേ പോലെ തന്നെയുണ്ട്. ഇവയെല്ലാം സംയോജിപ്പിച്ചാണ് കാപ്പിയും കാന്‍സറും തമ്മിലുള്ള ബന്ധം ഗവേഷകര്‍ മനസിലാക്കിയത്.
കാപ്പിയില്‍ കാന്‍സറിനു കാരണമായേക്കാവുന്ന കാര്‍സിനോജന്‍ ഉണ്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. പക്ഷേ അത് തെളിയിക്കാന്‍ ഇതു വരെ പറ്റിയിട്ടില്ല. ഹൃദയാരോഗ്യത്തിനും കാന്‍സര്‍, പ്രമേഹം, പക്ഷാഘാതം, കരള്‍ രോഗങ്ങള്‍, ഓര്‍മക്കുറവ് എന്നിവയെ പ്രതിരോധിക്കാനും കാപ്പിക്കു കഴിയുമെന്ന് കുറച്ച് നാള്‍ മുന്‍പ് നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കാപ്പിയുടെ അളവ് കുറയ്ക്കുന്നത് ഗര്‍ഭിണികള്‍ക്കും കുഞ്ഞിനും നല്ലതാണെന്ന് വിദഗ്ദര്‍ പറയുന്നുണ്ട്. അതേ സമയം ഫില്‍റ്റര്‍ ചെയ്ത കാപ്പി കുടിച്ചാല്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വര്‍ധിക്കില്ല. പക്ഷേ ഫില്‍റ്റര്‍ ചെയ്യാത്തതാണെങ്കില്‍ അതിനുള്ള സാധ്യതയുമുണ്ട്