വന്ധ്യത ചികിത്സാരംഗത്ത്, ചര്‍ച്ചകള്‍ പലപ്പോഴും സ്ത്രീകളുടെ ആരോഗ്യത്തെയും പ്രത്യുല്‍പാദന വെല്ലുവിളികളെയും കേന്ദ്രീകരിച്ചാണ്. വന്ധ്യത ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ലെന്ന് ഓര്‍ത്തിരിക്കേണ്ടത് അത്യാവശ്യമാണ്. പുരുഷ വന്ധ്യതയും സ്ത്രീ വന്ധ്യതയെപ്പോലെ തന്നെ ദമ്പതികളെ ബാധിക്കുന്നു. ഒരു മള്‍ട്ടി ഡിസിപ്ലിനറി ഹോസ്പിറ്റലിലെ വന്ധ്യതാ വിദഗ്ധര്‍ എന്ന നിലയില്‍, പുരുഷ വന്ധ്യതയുടെ സങ്കീര്‍ണതകളെക്കുറിച്ചു പഠിക്കേണ്ടതും ഒരു കുടുംബം കെട്ടിപ്പടുക്കുമ്പോള്‍ പങ്കിടുന്ന ഉത്തരവാദിത്തത്തിന്റെയും പിന്തുണയുടെയും പ്രാധാന്യത്തെക്കുറിച്ചു ബോധവല്‍ക്കരിക്കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്തമാണ്.
പുരുഷ വന്ധ്യതയുടെ അറിയാപ്പുറങ്ങള്‍
ഏകദേശം 25% ദമ്പതികള്‍ ഫെര്‍ട്ടിലിറ്റി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു, ഈ കേസുകളില്‍ പകുതിയും അതായത് 40-50% പുരുഷ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചര്‍ച്ച ചെയ്യപ്പെടാത്ത ഈ വിഷയം വെളിച്ചത്തിലേക്ക് കൊണ്ടുവരികയും പുരുഷ വന്ധ്യതയ്ക്കുള്ള കാരണങ്ങളെക്കുറിച്ചും സാധ്യമായ ചികിത്സകളെക്കുറിച്ചും ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
പുരുഷ വന്ധ്യത തിരിച്ചറിയാം
ബീജത്തിന്റെ ആരോഗ്യം: ബീജത്തിന്റെ ഗുണവും അളവും പുരുഷ പ്രത്യുത്പാദനത്തിന് അടിസ്ഥാനമാണ്. ബീജങ്ങളുടെ എണ്ണം, ചലനശേഷി (നീന്താനുള്ള കഴിവ്), രൂപഘടന (ആകൃതി) എന്നിവയെല്ലാം ഗര്‍ഭധാരണത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നു. ബീജങ്ങളുടെ എണ്ണത്തിലെ കുറവ് (ഒലിഗോസ്‌പെര്‍മിയ), ചലനശേഷിക്കുറവ്, അസാധാരണമായ ആകൃതി (ടെറാറ്റോസ്‌പെര്‍മിയ) തുടങ്ങിയ അവസ്ഥകള്‍ ഗര്‍ഭധാരണത്തെ പ്രതികൂലമായി ബാധിക്കും.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ: ബീജോല്‍പാദനത്തില്‍ ഹോര്‍മോണുകള്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഹൈപ്പോഗൊനാഡിസം പോലെയുള്ള ഏതെങ്കിലും അസന്തുലിതാവസ്ഥ, ആരോഗ്യകരമായ ബീജത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ ഹോര്‍മോണുകളെ തടസ്സപ്പെടുത്തും
ജനിതക ഘടകങ്ങള്‍:ക്രോമസോം ഡിസോര്‍ഡേഴ്‌സ് അല്ലെങ്കില്‍ Y-ക്രോമസോം മൈക്രോഡെലിഷനുകള്‍ പോലുള്ള ജനിതക വൈകല്യങ്ങള്‍ പുരുഷ വന്ധ്യതയ്ക്കു കാരണമാകും
തടസ്സങ്ങള്‍: പുരുഷ പ്രത്യുത്പാദന വ്യവസ്ഥയിലെ ഘടനാപരമായ പ്രശ്‌നങ്ങള്‍, വാസ് ഡിഫറന്‍സ് അല്ലെങ്കില്‍ എപ്പിഡിഡൈമിസ് എന്നിവയിലെ തടസ്സങ്ങള്‍ ബീജത്തിന്റെ അളവിനെ ബാധിക്കുന്നു.
വെരിക്കോസീല്‍:വൃഷണങ്ങളിലെ സിരകളുടെ നീര്‍വീക്കം കൊണ്ടുണ്ടാകുന്ന അവസ്ഥയാണ് വെരിക്കോസീല്‍. ഇത് വൃഷണത്തിന്റെ താപനില വര്‍ധിക്കുന്നതിലേക്കു നയിക്കുന്നു. ബീജ ഉല്‍പാദനത്തെയും ഗുണനിലവാരത്തെയും ഇതു പ്രതികൂലമായി ബാധിക്കും.
പരിഹാരങ്ങള്‍
പുരുഷ വന്ധ്യതയുമായി പൊരുതുന്ന ദമ്പതികള്‍ക്ക് മെഡിക്കല്‍ സയന്‍സിലെ പുരോഗതി പ്രതീക്ഷ നല്‍കുന്നു എന്നതാണ് ആശ്വാസകരം. ഇതുമായി ബന്ധപ്പെട്ട ചികിത്സാരീതികള്‍ രോഗകാരണത്തെ ആശ്രയിച്ചിരിക്കും. ജീവിതശൈലി ക്രമീകരണങ്ങള്‍ സമീകൃതാഹാരം, ചിട്ടയായ വ്യായാമം, സ്‌ട്രെസ് മാനേജ്‌മെന്റ് എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരത്തിലും അളവിലും നല്ല സ്വാധീനം ചെലുത്തും. വന്ധ്യതാ ചികിത്സയ്ക്ക് വിധേയരായ ദമ്പതികളില്‍ പുകവലിയും മദ്യപാനവും നിര്‍ത്തുന്നത് വളരെ പ്രധാനമാണ്. അപര്യാപ്തമായ ലൈംഗിക ജീവിതം നമ്മുടെ സമൂഹത്തില്‍ വളരെ വ്യാപകമാണ്, അത് ബീജത്തിന്റെ ഗുണനിലവാരം കുറയാനും വന്ധ്യതയ്ക്കും കാരണമാകും. ലൈംഗിക പ്രശ്നങ്ങള്‍ കൃത്യമായി പരിഹരിക്കണം
രാജ്യത്ത് പുരുഷ വന്ധ്യത വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍
തിരുവനന്തപുരം: രാജ്യത്ത് പുരുഷ വന്ധ്യത വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ(ഡബ്ലിയുഎച്ച്ഒ) കണക്കുകള്‍. ഇന്ത്യയില്‍ ഏതാണ്ട് 15 മുതല്‍ 20% വരെയാണ് വന്ധ്യതയുടെ നിരക്ക് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഇതില്‍ തന്നെ 40%-നടുത്ത് പുരുഷ വന്ധ്യതയാണ്. ആഗോള തലത്തില്‍, ഓരോ വര്‍ഷവും പ്രശ്നം നേരിടുന്ന 60-80 ദശലക്ഷം ദമ്പതിമാരില്‍ 15-20 ദശലക്ഷം ദമ്പതിമാര്‍ ഇന്ത്യയിലാണ്. വികസ്വര രാജ്യങ്ങളിലെ നാലില്‍ ഒരു ദമ്പതിമാര്‍ വന്ധ്യതാ വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. 10-14% ഇന്ത്യന്‍ ദമ്പതിമാര്‍ വന്ധ്യരാണ് എന്നാണ് ഇന്ത്യന്‍ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ (ഐ എസ് എ ആര്‍) പറയുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ അധികമായി ഇന്ത്യയില്‍ പുരുഷ വന്ധ്യത ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു എന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ശ്രദ്ധയും അതിന്റെ പ്രയാസങ്ങളും എല്ലാം തന്നെ എന്നും സ്ത്രീകളിലാണ് ഒതുങ്ങി നില്‍ക്കുന്നത്. വന്ധ്യത നേരിടുന്ന വലിയ ഒരു വിഭാഗം പുരുഷന്മാരും നിശബ്ദമായി സഹിക്കുകയും അനുയോജ്യമായ പരിപാലനമോ മാര്‍ഗ്ഗനിര്‍ദ്ദേശമോ ലഭിക്കാതെ വലയുകയും ചെയ്യുന്നു.
''നിര്‍ജ്ജീവമായ ജീവിതശൈലികളും സമ്മര്‍ദ്ദവും മൂലം നഗരങ്ങളിലെ പുരുഷന്മാരില്‍ വന്ധ്യത വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കായിക പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തത ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനത്തെ ബാധിക്കുന്നു. ഇതിന്റെ കുറഞ്ഞ ഉല്‍പ്പാദനം ബീജത്തിന്റെ നിലവാരത്തെ കുറയ്ക്കുന്നു. തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദം ഉല്‍കണ്ഠക്ക് കാരണമാവുകയും അത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുമായി ചേരുമ്പോള്‍ വിഷാദം ഉണ്ടാവുകയും ശാരീരികമായ കരുത്ത് കുറയുകയും ചെയ്യും. ആധുനിക ജീവിതശൈലി മൂലം ജനങ്ങള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമാണ് വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കലും. ദിവസം മുഴുവന്‍ കസേരയിലിരുന്ന് തൊഴിലെടുക്കുവാന്‍ നിര്‍ബന്ധിതരാക്കുന്ന ജീവിതശൈലിയാണ് ഇന്നുള്ളത്. ജീവിതശൈലിയിലേക്ക് സന്തുലിതമായ ശാരീരികക്ഷമതാ ദിനചര്യ കൂട്ടിച്ചേര്‍ക്കുന്നത് ശാരീരികമായ ക്ഷേമം മെച്ചപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്, അതോടൊപ്പം തന്നെ മാതാപിതാക്കളാകുവാനുള്ള യാത്രയില്‍ പിന്തുണ നല്‍കുകയും ചെയ്യും'. തിരുവനന്തപുരം നെസ്റ്റ് ഫെര്‍റ്റിലിറ്റി വന്ധ്യതാ വിദഗ്ധ ഡോക്ടര്‍ രവിശങ്കര്‍ ഇതിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞു.
--