വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന വിഭവമാണ് സ്വീറ്റ് സ്പ്രിങ് റോള്‍.വ്യത്യസ്ത രുചിയുള്ളതും വളരെ മധുരമുള്ളതുമായ സ്റ്റാര്‍ട്ടറാണ് ഇതെന്ന് പറയാം. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണ് ഇത്. സ്വീറ്റ് സ്പ്രിങ് റോള്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
മുരിങ്ങയില - 2 കപ്പ്
പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പീര - 1 കപ്പ്
ആട്ട - 2 കപ്പ്
എണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം:
ആദ്യം മുരിങ്ങയില ചീനച്ചട്ടിയില്‍ ഇട്ടു നന്നായി വഴറ്റുക. എണ്ണയുടെ ആവശ്യം ഇല്ല. വരണ്ടു കഴിയുമ്പോള്‍ വാങ്ങി വെക്കണം. ചൂട് മാറിക്കഴിയുമ്പോള്‍ പഞ്ചസാരയും തേങ്ങാപ്പീരയും ചേര്‍ത്തു നന്നായി ഇളക്കി പിടിപ്പിക്കണം.ആട്ട പൊടി കാല്‍ ടീസ്പൂണ്‍ എണ്ണയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തു ചപ്പാത്തി മാവ് പരുവത്തില്‍ കുഴച്ചു എടുക്കണം. എന്നിട്ടു ഉരുളകള്‍ ആക്കി പരത്തി എടുക്കണം.
പരത്തിയ ഉരുളകള്‍ സ്‌ക്വായര്‍ ആകൃതിയില്‍ മുറിച്ചെടുക്കണം. അതിന്റെ നടുക്ക് ഫില്ലിംഗ് വെച്ച് സ്പ്രിങ് റോള്‍ പോലെ ചുരുട്ടി അരികില്‍ വെള്ളം തൊട്ടു ഒട്ടിച്ചു എടുക്കണം. ശേഷം എണ്ണയില്‍ മൊരിച്ചെടുക്കുക.സ്വീറ്റ് സ്പ്രിങ് റോള്‍ റെഡി തയ്യാറായി. ഏതെങ്കിലും ജാം കൂട്ടി കഴിക്കാന്‍ ഈ വിഭവം അടിപൊളിയാണ്.