തമിഴ് നടൻ വിശാലും അനിഷ അല്ല റെഡ്ഡിയും തമ്മിലുള്ള വിവാഹം വേണ്ടെന്നു വച്ചതായി റിപ്പോർട്ടുകൾ. വിവാഹം ഒക്ടോബറിൽ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇരവരും പിരിഞ്ഞെന്നുള്ള വാർത്തകളാണ് ഇപ്പോൾ തമിഴ് സിനിമാ ലോകത്ത് നിന്ന് പുറത്ത് വരുന്നത്.
ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഒക്ടോബറിലാണ് വിവാഹം തീരുമാനിച്ചിരുന്നത്. വിശാലുമൊത്തുള്ള ചിത്രങ്ങളെല്ലാം അനിഷ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തതോടെ ഗോസിപ്പുകളും ശക്തമായിരിക്കുകയാണ്. വിവാഹം വേണ്ടെന്നുവെച്ച് വിശാലോ അനിഷയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
തമിഴ് നടൻ വിശാലും അനിഷ റെഡ്ഡിയും വിവാഹിതരാകാനൊരുങ്ങുന്നുവെന്ന വാർത്തയും വിവാഹ നിശ്ചയ ചിത്രങ്ങളും വൈറലായിരുന്നു. ഒരു സിനിമയുടെ സെറ്റിൽ വച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. വിശാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനിഷ തന്നെയാണ് പ്രണയവാർത്ത ആരാധകരെ അറിയിച്ചത്.
ദേശീയ ബാസ്‌ക്കറ്റ് ബോൾ ടീം അംഗമായ അനിഷ അർജുൻ റെഡ്ഡിയുൾപ്പെടെ ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ..നേരത്തെ നടി വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും വാർത്തകൾ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞെന്നാണ് പുറത്തെത്തിയ വിവരം.
നടനെന്നതിലുപരി, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റും നടികർ സംഘം സെക്രട്ടറിയുമാണ് വിശാൽ എന്ന വിശാൽ കൃഷ്ണ. നിരവധി വിവാദങ്ങൾക്കൊടുവിൽ നടികർ സംഘത്തിന്റെ ഔദ്യോഗിക കെട്ടിടം പണി ചെന്നൈ ടി നഗറിൽ പുരോഗമിക്കുകയാണ്. അയോഗ്യയാണ് വിശാൽ അഭിനയിച്ച അവസാന ചിത്രം. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് നടനിപ്പോൾ.