ഒറ്റ മലയാളചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് വിജയ് സേതുപതി. മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് വിജയ് സേതുപതി. സനല്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിനൊപ്പമാണ് 'മക്കള്‍ സെല്‍വന്‍' എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രേംചന്ദ്രന്‍ എ.ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യം ഓഡിയോസ്, സത്യം മൂവീസ് എന്ന ബാനറിലൂടെ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
ചിത്രത്തിന്റെ പേരു വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ പേരു വിവരങ്ങളും ടൈറ്റില്‍ ലോഞ്ചും ഇന്ന് വൈകിട്ട് ജയറാമിന്റെയും വിജയ് സേതുപതിയുടെയും ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യപ്പെടും. അഭിനയപ്രതിഭയാല്‍ ഭാഷകളുടെ അതിരുകള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന താരത്തിന്റെ ചിത്രങ്ങള്‍ക്ക് കേരളത്തിലും നല്ല സ്വീകാര്യതയുണ്ട്. '96' എന്ന ചിത്രം തമിഴ്നാടിനൊപ്പം തന്നെ കേരളത്തിലും വലിയ ഹിറ്റായിരുന്നു. അതുകൊണ്ടു തന്നെ സേതുപതിയുടെ മലയാള അരങ്ങേറ്റത്തെ പ്രതീക്ഷയോടെയാണ് ആരാധകര്‍ വരവേല്‍ക്കുന്നത്.
വിജയ് സേതുപതി നായകനാകുന്ന 'സീതാക്കാതി' എന്ന ചിത്രം ഇന്ന് റിലിസീനെത്തുകയാണ്.സംവിധായകന്‍ ബാലാജി തരണീധരനും സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് 'സീതാക്കാതി'. വിജയ് സേതുപതിയുടെ 25-ാമത്തെ ചിത്രം എന്ന സവിശേഷതയും 'സീതാക്കാതി'യ്ക്ക് ഉണ്ട്. ചിത്രത്തില്‍ ഒരു എണ്‍പതുകാരന്റെ വേഷമാണ് സേതുപതി കൈകാര്യം ചെയ്യുന്നത്.