മലയാള സിനിമയിലെ നിര്‍മാതാവും നടനുമായ വിജയ് ബാബു പങ്കുവെച്ച പഴയൊരു സ്‌കൂള്‍ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തുന്നത്. കൊല്ലം ലക്ഷ്മിനട മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് പഠനകാലത്തെ ഓര്‍മകളാണ് താരം ആരാധകരുമായി പങ്കുവെച്ചത്. തന്റെ പുതിയ ഹിറ്റ് ചിത്രമായ 'വാഴ'യുമായി ബന്ധപ്പെടുത്തി നല്‍കിയ അടിക്കുറിപ്പാണ് ആരാധകരെ ചിരിപ്പിക്കുന്നത്.
ക്ലാസ് ടീച്ചര്‍ക്കും സഹപാഠികള്‍ക്കുമൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയ്‌ക്കൊപ്പം ''ഒരിക്കല്‍... ഞാനുമൊരു 'വാഴ' ആയിരുന്ന കാലത്ത്'' എന്ന രസകരമായ അടിക്കുറിപ്പാണ് വിജയ് ബാബു നല്‍കിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായിരുന്ന ഇത് ഒരു ആരാധകന്‍ എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് കളര്‍ ഫോട്ടോയാക്കി മാറ്റിയതാണെന്ന് താരം പറഞ്ഞു. ചിത്രം വൈറലായതോടെ 'ഇത് വാഴത്തൈ അല്ലേ', 'നിങ്ങള്‍ വാഴയല്ല, തണലേകുന്ന ആല്‍മരമാണ്' എന്നിങ്ങനെ രസകരമായ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തി.
വിജയ് ബാബു നിര്‍മിച്ച് അഭിനയിച്ച 'വാഴ 2' എന്ന ചിത്രത്തിലെ 'മുജീബ് മാഷ്' എന്ന കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. കര്‍ക്കശക്കാരനായ അധ്യാപക വേഷത്തില്‍ എത്തിയ വിജയ് ബാബുവിന്റെ പ്രകടനം ട്രോളുകളിലും ഇടംപിടിച്ചു. സ്‌കൂള്‍ കാലഘട്ടത്തില്‍ എല്ലാവര്‍ക്കും പേടിസ്വപ്നമായ ക്രൂരനായ അധ്യാപകരെ ഓര്‍ത്തെടുക്കാനോ ടാഗ് ചെയ്യാനോ ഇപ്പോള്‍ ആളുകള്‍ ഉപയോഗിക്കുന്നത് മുജീബ് മാഷ് എന്ന പേരാണെന്ന് വിജയ് ബാബു പറയുന്നു.
'ഫിലിപ്സ് ആന്‍ഡ് ദ മങ്കിപെന്‍' എന്ന ചിത്രത്തിലെ പപ്പന്‍ സാറിന് ശേഷം വിജയ് ബാബു അവതരിപ്പിക്കുന്ന ശ്രദ്ധേയമായ അധ്യാപക വേഷമാണിത്. 'ആട്' പരമ്പരയിലെ കോമഡി വേഷത്തിന് ശേഷം 'മുജീബ് മാഷ്' എന്ന വില്ലന്‍ വേഷത്തിലേക്കുള്ള താരത്തിന്റെ മാറ്റം പ്രേക്ഷകര്‍ക്കും വലിയൊരു സര്‍പ്രൈസായി മാറി.