Latest News

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റാരോപിതര്‍ താര സംഘടനയുടെ തലപ്പത്തേക്ക് വരുന്നത് തടയുമെന്ന് ശ്വേത മേനോന്‍; പൊതുസമൂഹത്തിലും മാധ്യമങ്ങളിലും നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന ബാബുരാജും സിദ്ദിഖും ഇടവേള ബാബുവും ഹേ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് പരാമര്‍ശിക്കപ്പെട്ടരല്ല; 'ആ കുറ്റാരോപിതര്‍ ആരൊക്കെയാണ്? പേരുകള്‍ വ്യക്തമാക്കണം': ശ്വേതാ മേനോന് വെല്ലുവിളിയുമായി മാലാ പാര്‍വ്വതി; 'അമ്മ'യില്‍ ഭിന്നത രൂക്ഷം; പേരു പറഞ്ഞാല്‍ ഭൂകമ്പം 

Malayalilife
 ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റാരോപിതര്‍ താര സംഘടനയുടെ തലപ്പത്തേക്ക് വരുന്നത് തടയുമെന്ന് ശ്വേത മേനോന്‍; പൊതുസമൂഹത്തിലും മാധ്യമങ്ങളിലും നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന ബാബുരാജും സിദ്ദിഖും ഇടവേള ബാബുവും ഹേ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് പരാമര്‍ശിക്കപ്പെട്ടരല്ല; 'ആ കുറ്റാരോപിതര്‍ ആരൊക്കെയാണ്? പേരുകള്‍ വ്യക്തമാക്കണം': ശ്വേതാ മേനോന് വെല്ലുവിളിയുമായി മാലാ പാര്‍വ്വതി; 'അമ്മ'യില്‍ ഭിന്നത രൂക്ഷം; പേരു പറഞ്ഞാല്‍ ഭൂകമ്പം 

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട കുറ്റാരോപിതര്‍ താരസംഘടനയായ 'അമ്മ'യുടെ (AMMA) തലപ്പത്തേക്ക് വരുന്നത് തടയുമെന്ന നടി ശ്വേതാ മേനോന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സംഘടനയ്ക്കുള്ളില്‍ വാക്പോര് രൂക്ഷമാകുന്നു. റിപ്പോര്‍ട്ടില്‍ പേരുള്ളതും എന്നാല്‍ 'അമ്മ'യുടെ നേതൃത്വത്തിലേക്ക് വരാന്‍ ശ്രമിക്കുന്നതുമായ ആ 'കുറ്റാരോപിതര്‍' ആരൊക്കെയാണെന്ന് ശ്വേത പരസ്യമായി വെളിപ്പെടുത്തണമെന്ന് നടി മാലാ പാര്‍വ്വതി തുറന്നടിച്ചു. 

ശ്വേത വെളിപ്പെടുത്താന്‍ മടിക്കുന്ന ആ പേരുകള്‍ പുറത്തുവന്നാല്‍ താരസംഘടനയില്‍ ഒരു 'ഭൂകമ്പം' തന്നെ ഉറപ്പാണെന്നിരിക്കെ, കൃത്യമായ പേരുകള്‍ വ്യക്തമാക്കാതെയുള്ള അപൂര്‍ണ്ണമായ പ്രസ്താവനകള്‍ അനാവശ്യ സംശയങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും മാത്രമേ വഴിതുറക്കൂവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 

'അമ്മ' സംഘടനയെ രക്ഷിക്കാനായി ശ്വേതാ മേനോന്‍ ശക്തമായി പോരാടുകയാണെന്ന അവകാശവാദത്തോടെ പുറത്തുവന്ന കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു മാലാ പാര്‍വ്വതി. താന്‍ സംഘടനയില്‍ ഉള്ളിടത്തോളം കാലം ആരോപണവിധേയരായ 'പവര്‍ ഗ്രൂപ്പ്' തലപ്പത്തേക്ക് വരില്ലെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും ശ്വേത മുന്‍പ് കടുപ്പിച്ചു പറഞ്ഞിരുന്നു. ഈ നിലപാടിലെ സാങ്കേതികത്വത്തെയും വ്യക്തതയില്ലായ്മയെയുമാണ് മാലാ പാര്‍വ്വതി ചോദ്യം ചെയ്യുന്നത്. 

പൊതുസമൂഹത്തിലും മാധ്യമങ്ങളിലും നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന ബാബുരാജ്, സിദ്ദിഖ്, ഇടവേള ബാബു എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് പരാമര്‍ശിക്കപ്പെട്ടവയല്ലെന്ന് മാലാ പാര്‍വ്വതി വ്യക്തമാക്കുന്നു. മാത്രമല്ല, ഇവര്‍ തങ്ങള്‍ ഇനി സംഘടനയുടെ തലപ്പത്തേക്ക് വരില്ലെന്ന് മുന്‍പ് തന്നെ പരസ്യമായി നിലപാടെടുത്തവരുമാണ്. നിലവില്‍ പൊതുയോഗം നിയോഗിച്ച ഇടക്കാല അഡ്‌ഹോക് സമിതിയിലും ഇവര്‍ അംഗങ്ങളല്ല എന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ ബാബുരാജും സിദ്ദിഖും ഇടവേള ബാബുവും അല്ലെങ്കില്‍ പിന്നെ ശ്വേതാ മേനോന്‍ വിരല്‍ ചൂണ്ടുന്ന ആ 'രഹസ്യ കുറ്റാരോപിതര്‍' ആരാണെന്ന വലിയ ചോദ്യമാണ് ഉയരുന്നത്. അങ്ങനെയൊരു പ്രസ്താവന നടത്തിയ സ്ഥിതിക്ക്, ആ പേരുകള്‍ സംഘടനാംഗങ്ങളോടും പൊതുസമൂഹത്തോടും തുറന്നു പറയാനുള്ള ബാധ്യത ശ്വേതയ്ക്കുണ്ട്. അല്ലാത്തപക്ഷം അത് മറ്റുള്ള നിരപരാധികളായ അംഗങ്ങളെക്കൂടി സംശയനിഴലിലാക്കുമെന്നും മാലാ പാര്‍വ്വതി വ്യക്തമാക്കി. 

അതിനിടെ, മാലാ പാര്‍വ്വതിയുടെ പോസ്റ്റിന് താഴെ രൂക്ഷമായ തിരുത്തുമായി നടി പൊന്നമ്മാ ബാബുവും രംഗത്തെത്തി. പോസ്റ്റില്‍ ശ്വേതാ മേനോനെ 'അമ്മയുടെ പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ചത് തെറ്റാണെന്നും 'രാജിവെച്ചു പോയ അമ്മയുടെ പ്രസിഡന്റ്' എന്ന് തിരുത്തി പറയണമെന്നും പൊന്നമ്മ ബാബു പരസ്യമായി ആവശ്യപ്പെട്ടു. പൊന്നമ്മ ബാബുവിന്റെ വിമര്‍ശനത്തിന് മാലാ പാര്‍വ്വതി നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ശ്വേതയുടെ പോസ്റ്റിന് മറുപടി നല്‍കിയപ്പോള്‍ അങ്ങനെ എഴുതിപ്പോയതാണെന്നും, അവര്‍ രാജിവെച്ചൊഴിഞ്ഞതാണെന്ന പൂര്‍ണ്ണ ബോധ്യം തനിക്കുണ്ടെന്നും മാലാ പാര്‍വ്വതി തിരുത്തി. 

രാജിവെച്ച ഭരണസമിതിയെച്ചൊല്ലിയുള്ള ഈ പരസ്യ പോരുകള്‍ സംഘടനയ്ക്കുള്ളിലെ വിള്ളല്‍ എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ ഒന്നടങ്കം രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇടക്കാല സമിതിക്ക് ഭരണം കൈമാറിയെങ്കിലും, അടുത്ത ഭാരവാഹി തിരഞ്ഞെടുപ്പ് അടുത്തെത്തിനില്‍ക്കെ അമരത്തേക്ക് ആരെത്തുമെന്നതിനെച്ചൊല്ലി വന്‍ ചേരിതിരിവാണ് സംഘടനയില്‍ നടക്കുന്നത്. 

അധികാര സ്ഥാനങ്ങളിലേക്ക് വരാന്‍ അണിയറയില്‍ കരുനീക്കുന്ന 'പവര്‍ ഗ്രൂപ്പിലെ' പ്രമുഖരുടെ പേരുകള്‍ ശ്വേത തുറന്നു പറഞ്ഞാല്‍ അത് മലയാള സിനിമയില്‍ വലിയ തിരിച്ചടികള്‍ക്കും പൊട്ടിത്തെറികള്‍ക്കും കാരണമാകും. എന്നാല്‍ പേരുകള്‍ പറയാതെ നിഴല്‍യുദ്ധം നടത്തുന്നത് ശരിയല്ലെന്ന നിലപാടിലാണ് മാലാ പാര്‍വ്വതി ഉള്‍പ്പെടെയുള്ളവര്‍. ഡബ്ല്യുസിസി (WCC) പിന്തുണയ്ക്കുന്ന ആശയങ്ങളും അമ്മയ്ക്കുള്ളിലെ ആഭ്യന്തര തിരുത്തല്‍വാദങ്ങളും സമന്വയിക്കുന്ന ഒരു അന്തരീക്ഷമാണ് ഇപ്പോള്‍ കാണാനാകുന്നത്. 

ഒരു വിഭാഗം ശുദ്ധീകരണത്തിനായി വാദിക്കുമ്പോള്‍, മറുവിഭാഗം പ്രതിരോധത്തിലാകുന്ന കാഴ്ചയാണുള്ളത്. എന്തായാലും, വരാനിരിക്കുന്ന പൊതുയോഗവും തിരഞ്ഞെടുപ്പും 'അമ്മ'യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണ്ണായകമായ ഒന്നായിരിക്കും. ചേരിതിരിവുകളും അണിയറ നീക്കങ്ങളും ശക്തമാകുന്നതോടെ താരസംഘടന വരുംദിവസങ്ങളില്‍ കൂടുതല്‍ വലിയ വിവാദങ്ങളിലേക്കും തുറന്ന പോരാട്ടങ്ങളിലേക്കും വഴിമാറുമെന്ന് ഉറപ്പാണ്.

mala parvathy challenges shwetha menon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES