പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി.)യുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് നടിയും മോഹന്‍ലാലിന്റെ മകളുമായ വിസ്മയ മോഹന്‍ലാല്‍.
ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു വിസ്മയയുടെ പ്രതികരണം. സ്വന്തം രാജ്യത്തെ പൗരന്മാരോട് ഭരണകൂടം ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന് വിസ്മയ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പോസ്റ്റിലൂടെ ഉന്നയിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ടിയര്‍ ഗ്യാസ്, ലാത്തി ചാര്‍ജ്, വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പരിക്ക്, റേഡുകള്‍ ബ്ലോക്ക് ചെയ്തു. മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു, നഗരം മുഴുവന്‍ ബാരിക്കേഡുകള്‍, ഇന്റര്‍നെറ്റ് നിരോധിച്ചു.
സമരക്കാരെ നിങ്ങള്‍ അനുകൂലിക്കണ്ട ആവശ്യമില്ല. അവരുടെ ആവശ്യങ്ങളെ അം?ഗീകരിക്കേണ്ടതില്ല. അവരുടെ കൂടെ നില്‍ക്കുന്ന സംഘടനയെ അംഗീകരിക്കുകയും വേണ്ട. പക്ഷേ, പൗരന്മാരുടെ ചോദ്യത്തിനും അവര്‍ ഉയര്‍ത്തുന്ന ശബ്ദത്തിലും നേരെ ഇത്തരം അടിച്ചമര്‍ത്തല്‍ നടക്കുമ്പോള്‍ അതിനെ തടഞ്ഞു നിര്‍ത്തുകയും ഇത് ഏത് തരത്തിലുള്ള ജനാധിപത്യമാണെന്ന് ചോദിക്കുകയും വേണം.
കാരണം നാളെ നിങ്ങള്‍ പറയുന്നതും അവര്‍ക്ക് കേള്‍ക്കേണ്ട അവസ്ഥ വരും. നിങ്ങളല്ലെങ്കില്‍ നിങ്ങളുടെ കുടുംബമോ അയല്‍ക്കാരോ നാട്ടുകാരോ ആയിരിക്കും ചോദ്യം ചോദിക്കാന്‍ ഉണ്ടാവുക. എന്റെ ചോദ്യം വളരെ ലളിതമാണ്. സ്വന്തം പൗരന്മാരോട് ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങള്‍ കരുതുന്നത്?