സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സിനിമാ മോഹികളില്‍ നിന്ന് പണം തട്ടുന്ന വ്യാജ കാസ്റ്റിങ് ഏജന്റുമാര്‍ക്കെതിരെ മുന്നറിയിപ്പുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു. തന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയായ 'ഫ്രൈഡേ ഫിലിം ഹൗസി'ന്റെ പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടക്കുന്നതെന്ന് വിജയ് ബാബു ചൂണ്ടിക്കാട്ടി. തട്ടിപ്പുകാര്‍ ഉദ്യോഗാര്‍ഥികളുമായി നടത്തിയ ആശയവിനിമയത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ഔദ്യോഗിക പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാര്‍ സിനിമാ മോഹികളായ യുവാക്കളെയും യുവതികളെയും സമീപിക്കുന്നത്. തുടര്‍ന്ന് ഒഡിഷനിലൂടെ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് ഇവരെ വിശ്വസിപ്പിക്കും. ഇതിന് ശേഷമാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണം ആവശ്യപ്പെടുന്നത്.
കമ്പനിയുടെ ഔദ്യോഗിക ഇ-മെയില്‍ ഐഡിയോട് സാമ്യമുള്ള വ്യാജ ഇ-മെയില്‍ ഐഡികള്‍ നിര്‍മിച്ചാണ് ഉദ്യോഗാര്‍ഥികളുമായി ഇവര്‍ ബന്ധപ്പെടുന്നത്. ഫ്ലൈറ്റ് ടിക്കറ്റ് ചാര്‍ജ്, കാസ്റ്റിങ് കമ്മിഷന്‍ തുടങ്ങിയ പല കാരണങ്ങള്‍ പറഞ്ഞാണ് ഇവര്‍ ആളുകളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതെന്ന് വിജയ് ബാബു തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വ്യക്തികളുടെ പേരും ഫോണ്‍ നമ്പറുകളും വിജയ് ബാബു പരസ്യപ്പെടുത്തിയിട്ടുണ്ട്. ദിനേഷ് ദീനു, മാധവി എന്നീ പേരുകളിലാണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ ഫോണില്‍ ബന്ധപ്പെടുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പേര് ദുരുപയോഗം ചെയ്ത് ആളുകളെ പറ്റിക്കുന്ന ഈ തട്ടിപ്പ് സംഘത്തിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വിജയ് ബാബു അറിയിച്ചു.