നടിമാരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ (ഡബ്ല്യുസിസി) പരോക്ഷ വിമര്‍ശനവുമായി നിര്‍മാതാവും നടനുമായ വിജയ് ബാബു. ഗീതു മോഹന്‍ദാസിന്റെ 'ടോക്‌സിക്' ടീസറിനെ ചൊല്ലിയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയ് ബാബു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഡബ്ല്യുസിസിക്കെതിരെ 'ഇരട്ടത്താപ്പിന്റെ രാജ്ഞിമാര്‍' എന്ന ആരോപണം ഉന്നയിച്ചത്. സംഘടനയിലുള്ളവരെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ തീരില്ലെന്നും, വാക്കുകളും പ്രവൃത്തികളും സ്വന്തം സൗകര്യങ്ങള്‍ക്കനുസരിച്ച് വളച്ചൊടിക്കാനുള്ള 'പ്രിവിലേജ്' എല്ലായ്‌പ്പോഴും അവര്‍ക്ക് മാത്രമാണുള്ളതെന്നും വിജയ് ബാബു കുറിച്ചു.
വിജയ് ബാബുവുവിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം: ഇരട്ടത്താപ്പിന്റെ രാജ്ഞിമാരെ കുറിച്ചാണ്... അവര്‍ പറയുന്ന കഥകളെ കുറിച്ചാണ്. അവരെ ഓരോരുത്തരെയും കുറിച്ചുള്ള കഥകള്‍ എണ്ണിയെണ്ണി പറഞ്ഞാലും തീരില്ല. പ്രതികരിക്കാതെ മാറി നില്‍ക്കുന്നതാണ്. കാരണം അവരുടെ അപ്പോഴത്തെ സൗകര്യത്തിന് അനുസരിച്ച് വാക്കുകളും പ്രവൃത്തികളും വളച്ചൊടിക്കാനുമുള്ള പ്രിവിലേജ് എല്ലാക്കാലവും അവര്‍ക്ക് മാത്രമുള്ളതാണ്. എപ്പോഴാണോ ഒരു പുരുഷനെ അല്ലെങ്കില്‍ പുരുഷന്‍മാരെ അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ആക്രമിക്കേണ്ടത്, അപ്പോള്‍ മാത്രം അവര്‍ കൂട്ടായ്മ കാണിക്കും.
പിന്നെ അടുത്തത് വരുമ്പോഴേ കാണുകയുള്ളു. സ്വന്തമായി ഒരു നിലവാരവും ഇക്കൂട്ടര്‍ക്കില്ലാത്തതാണ് കാരണം. തലയുമില്ല, വാലുമില്ല, ധാര്‍മികതയോ നയമോ ചട്ടമോ ഒന്നുമില്ല. കാലാകാലങ്ങളില്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നില്‍ക്കാന്‍ മാത്രം രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പ്. അത്ര തന്നെ'.
നേരത്തെ, പുതുമുഖ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വിജയ് ബാബു അറസ്റ്റിലായിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2022 ഏപ്രില്‍ 22-ന് യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. യുവതി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വിജയ് ബാബു രാജ്യം വിടുകയും ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് അദ്ദേഹം നാട്ടിലെത്തി നിയമനടപടി നേരിട്ടത്. അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും പിന്‍ബലത്തിലാണ് കോടതി അന്ന് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
ഉഭയസമ്മത പ്രകാരമുള്ള ബന്ധത്തെ ലൈംഗിക പീഡനമാക്കി ചിത്രീകരിക്കുകയായിരുന്നു എന്നാണ് കേസില്‍ വിജയ് ബാബുവിന്റെ വാദം. അതേസമയം ടോക്സിക് സിനിമയ്ക്കും ഗീതു മോഹന്‍ദാസിനുമെതിരെയുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയ കമന്റില്‍ പങ്കുവെക്കുന്നുണ്ട്. കസബ സിനിമയിലെ സ്ത്രീവിരുദ്ധത ചോദ്യം ചെയ്ത ഗീതുവിന്റെ ഇരട്ടത്താപ്പാണ് ടോക്സിക് ടീസറില്‍ കണ്ടതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഗീതുവിനൊപ്പം അന്ന് വേദിയിലുണ്ടായിരുന്ന റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവര്‍ക്കെതിരേയും ശക്തമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.