Latest News

റോക്കിംഗ് സ്റ്റാര്‍ യഷിന്റെ 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ്' ഐഎംഡിബിയുടെ പ്രതീക്ഷയുള്ള ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമത്

Malayalilife
 റോക്കിംഗ് സ്റ്റാര്‍ യഷിന്റെ 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ്' ഐഎംഡിബിയുടെ പ്രതീക്ഷയുള്ള ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമത്

മൂത്തോന്‍, ലയേഴ്‌സ് ഡൈസ് എന്നീ ചിത്രങ്ങളിലൂടെ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്‌സിക്.

ഇന്ത്യന്‍ സിനിമ ഒരു പുതിയ വഴിത്തിരിവിലേക്ക് കടക്കുമ്പോള്‍, ആ മാറ്റത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുകയാണ് 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ്'. ഗീതു മോഹന്‍ദാസും റോക്കിംഗ് സ്റ്റാര്‍ യഷും ഒന്നിക്കുന്ന ഈ ചിത്രം, 28 ശതമാനം ജനപ്രീതിയോടെ IMDb-യുടെ 'Most Anticipated Indian Movies' പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ ആവേശത്തിലായിരുന്നു പ്രേക്ഷകര്‍; അടുത്തിടെ റോക്കിംഗ് സ്റ്റാര്‍ യാഷിന്റെ, ജന്മദിനത്തോടനുബന്ധിച്ച് പുറത്ത് വിട്ട ടീസര്‍, സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

മാസ്സും ആറ്റിട്യൂഡും നിറഞ്ഞ 'രായ' എന്ന കഥാപാത്രമായി യഷ് എത്തുമ്പോള്‍, ചിത്രം പതിവ് മാസ് ഫോര്‍മുലകളില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണെന്ന് വ്യക്തമാണ്. ചിത്രത്തിന്റെ പേരിന് പുറമേ, ഗൗരവമുള്ളതും ആധുനികവുമായ ഒരു സിനിമാറ്റിക് അനുഭവവുമാണ് 'ടോക്‌സിക്' വാഗ്ദാനം ചെയ്യുന്നത് എന്ന് ഉറപ്പിക്കാം.

മലയാളി പ്രേക്ഷകരെ സംബന്ധിച്ചടുത്തോളം, ഒട്ടേറെ പ്രത്യേകത ഉള്ള ചിത്രമാണ് ടോക്‌സിക്.  മൂത്തോന്‍, ലയേഴ്‌സ് ഡൈസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തിലെ ശക്തമായ സംവിധായകരിലൊരാളായ ഗീതു മോഹന്‍ദാസിന്റെ അടുത്ത സംവിധാന സംരംഭമാണിത്. ചിത്രത്തിന്റെ കോ-റൈറ്റര്‍ കൂടിയാണ് ഗീതു. 'ടോക്‌സിക്', വമ്പന്‍ കാന്‍വാസിനൊപ്പം തന്നെ വൈകാരികമായ ആഴവും സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളും മുന്‍നിരയില്‍ എത്തിക്കുന്ന ചിത്രമായിരിക്കും എന്ന് പ്രതീക്ഷിക്കാം.

കേരളത്തിലെ പ്രേക്ഷകര്‍ക്കിടയില്‍ ടോക്‌സിക്കിനുള്ള സ്വീകാര്യത വളരെ വലുതാണ്. യാഷിന് കേരളത്തിലുള്ള ജനപ്രീതിയും ടോക്‌സിക്കിന് കേരളത്തിലെ പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യതയ്ക്ക് മറ്റൊരു കാരണമാണ്. യാഷിന്റെ മുന്‍ ചിത്രങ്ങളായ കെ.ജി.എഫ് ചാപ്റ്റര്‍ 1, 2 എന്നിവ കേരളാ ബോക്‌സ് ഓഫീസില്‍ ചരിത്രപരമായ മുന്നേറ്റമാണ് നടത്തിയത്. യാഷിന്റെ മാസ്സ് അപ്പീലും ഗീതു മോഹന്‍ദാസിന്റെ ക്രാഫ്റ്റും ഒന്നിക്കുമ്പോള്‍ 'ടോക്‌സിക്' ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസായി തന്നെ മാറും.

യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകന്‍ രാജീവ് രവി ഈ ചിത്രത്തിലൂടെ വീണ്ടും ഗീതു മോഹന്‍ദാസിനൊപ്പം ചേരുന്നു. അന്നയും റസൂലും, കമ്മട്ടിപ്പാടം, മൂത്തോന്‍ തുടങ്ങിയ ചിത്രങ്ങളിലെ  രാജീവ് രവിയുടെ റിയലിസ്റ്റിക് ശൈലി ടോക്‌സിക്കിലും കാണും എന്നുറപ്പിക്കാന്‍ ടീസറിലെ ഹോളിവുഡ് ലെവല്‍ വിഷ്വല്‍ സ്‌റ്റൈല്‍ തന്നെ ധാരാളം. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച സിനിമ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും.

കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതരിയ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രവി ബസ്രൂര്‍ സംഗീതവും ഉജ്വല്‍ കുല്‍ക്കര്‍ണി എഡിറ്റിംഗും ടി.പി അബിദ് പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു.

 വലിയ ആക്ഷന്‍ സീക്വന്‍സുകളാണ് ചിത്രത്തിനായി അണിയറയില്‍ ഒരുങ്ങുന്നത്. 'ജോണ്‍ വിക്ക്' സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറി, ദേശീയ അവാര്‍ഡ് ജേതാക്കളായ ആക്ഷന്‍ ഡയറക്ടര്‍മാര്‍ അന്‍ബരിവ്, കെച്ച കംഫക്ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി.ഇന്ത്യന്‍ ആക്ഷന്‍ ശൈലിയെയും അന്താരാഷ്ട്ര നിലവാരത്തെയും കൂട്ടിയിണക്കുന്ന മികച്ചൊരു ദൃശ്യവിരുന്നായിരിക്കും ടോക്‌സിക്: എ ഫെയറിടെയ്ല്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്.

കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട്ട് കെ. നാരായണയും യാഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ടോക്‌സിക്', 2026 മാര്‍ച്ച് 19-ന് ഈദ്, ഉഗാദി, ഗുഡി പദ്വ പ്രമാണിച്ച് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും.

Read more topics: # ടോക്‌സിക്
toxic imdb most anticipated movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES