ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ്' (Toxic: A Fairy Tale For Grown Ups) വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നു. റോക്കിംഗ് സ്റ്റാര്‍ യഷിന്റെ തീര്‍ത്തും വേറിട്ടൊരു ലുക്ക് പുറത്തുവിട്ടുകൊണ്ടാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ യഷിന്റെ രണ്ടാമത്തെ കഥാപാത്രമായ 'ടിക്കറ്റ്' (Ticket) എന്ന ലുക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 'ടിക്കറ്റ് ടു ഹെല്‍' എന്ന ടാഗ്ലൈനോടെ എത്തിയ ഈ ക്ലീന്‍ ഷേവന്‍ ലുക്ക്, ചിത്രത്തില്‍ യഷ് ഇരട്ട വേഷത്തിലാണോ എത്തുന്നതെന്ന ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
നേരത്തെ പുറത്തുവിട്ട 'രായ' (Raya) എന്ന ക്യാരക്ടര്‍ പോസ്റ്റിന് ആരാധകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഫാന്‍ ആര്‍ട്ടുകളിലും റീലുകളിലും ആ ലുക്ക് തരംഗമായിരുന്നു. ഇപ്പോള്‍ ക്ലീന്‍ ഷേവന്‍ ലുക്കിലുള്ള രണ്ടാമത്തെ ഭാവവും ചരിത്രം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. ടീസറിലെ യഷിന്റെ ഈ രൂപമാറ്റം ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ടീസറിന് ലഭിച്ച പ്രതികരണം സ്‌ഫോടനാത്മകമാണ്. ഇന്ത്യയുള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗായി. 1 മിനിറ്റ് 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ഓരോ ഫ്രെയിം ബൈ ഫ്രെയിമായി വിശകലനം ചെയ്യുകയാണ് ആരാധകര്‍. ടൈംലൈനുകള്‍, വ്യത്യസ്ത കാലഘട്ടങ്ങള്‍, രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായ ചര്‍ച്ചകള്‍ നടക്കുന്നു. വെറും രണ്ട് മിനിറ്റിനുള്ളില്‍ തന്നെ വലിയൊരു സിനിമാറ്റിക് ചര്‍ച്ചയ്ക്ക് വഴിതുറക്കാന്‍ 'ടോക്‌സിക്കിന്' സാധിച്ചു.
തമിഴ് മേഖലകള്‍, ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വലിയ ആകാംഷയും ആവേശവുമാണ് ടീസര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഹിന്ദി ബെല്‍റ്റിലും ഒമാന്‍, സൗദി അറേബ്യ, കുവൈറ്റ്, ബംഗ്ലാദേശ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ചിത്രം ചര്‍ച്ചാവിഷയമാണ്. കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ടീസര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായി തുടരുന്നു.
തന്റെ ഐകോണിക് താടി ഉപേക്ഷിച്ചുകൊണ്ടുള്ള യഷിന്റെ 'ടിക്കറ്റ്' എന്ന അവതാരം ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. ചാര്‍മിങ് ആയതും എന്നാല്‍ ഭയപ്പെടുത്തുന്നതുമായ ഈ പുതിയ ലുക്ക് കഥാപാത്രങ്ങളുടെ നിഗൂഢത വര്‍ദ്ധിപ്പിക്കുന്നു. ടീസര്‍ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ 197 ദശലക്ഷം വ്യൂസാണ് സ്വന്തമാക്കിയത്. പ്രത്യേകിച്ചും ടീസറിന്റെ അവസാന 20 സെക്കന്‍ഡുകള്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.
യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഡബ്ബ് ചെയ്ത് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യും. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട്ട് കെ. നാരായണനും യഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2026 മാര്‍ച്ച് 19-ന് ചിത്രം തിയേറ്ററുകളില്‍ എത്തും.