മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശോഭന. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്താധ്യാപനവും പ്രോഗ്രാമുകളുമായും ശോഭന കലാരംഗത്ത് തിളങ്ങിനില്‍ക്കുകയാണ്. സാമൂഹ്യ മാധ്യമത്തിലൂടെ ശോഭന തന്റെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ശോഭനയുടെ ഒരു പുതിയ ഫോട്ടോയാണ് ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
നടനും നര്‍ത്തകനുമായ വിനീതിനൊപ്പമുള്ള ചിത്രമാണ് ശോഭന ഇപ്പോള്‍ പങ്കുവച്ചത്. ഞാനും എന്റെ സഹോദരനും പത്മസുബ്രഹ്മണ്യത്തിന്റെ ആശംസ പരിപാടിയില്‍നിന്ന് എന്നാണ് ശോഭനയുടെ കുറിപ്പ്. ഇരുവരും നൃത്ത വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ശോഭനയുടെ ബന്ധുകൂടിയാണ് വിനീത്. രണ്ട് നൃത്ത വിസ്മയങ്ങളെ ഒരുമിച്ചുകണ്ടതിന്റെ ആഹ്ളാദത്തിലാണ് ആരാധകര്‍.
ചെന്നൈയില്‍ കലാതര്‍പ്പണ എന്ന നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും നിരവധി നൃത്തപരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. കൊച്ചിയില്‍ നൃത്യഗൃഹം എന്ന പേരില്‍ നൃത്ത വിദ്യാലയം വിനീത് നടത്തുന്നുണ്ട്. നൃത്യപ്രവേശിക, നൃത്യവിശാരദ, നൃത്യ ഉന്മേഷ എന്നിങ്ങനെ മൂന്ന് കോഴ്സുകള്‍ നടത്തുന്നുണ്ട്. ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യനാണ് വിനീത്. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് ആണ് അവസാനമായി അഭിനയിച്ച ചിത്രം.