തന്റെ മക്കളായ അനൗഷ്‌കയും ആദ്വിക്കും ഇതുവരെ താന്‍ അഭിനയിച്ച ഒരു സിനിമ പോലും കണ്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി തമിഴ് സൂപ്പര്‍താരം അജിത്തിന്റെ ഭാര്യയും തെന്നിന്ത്യന്‍ താരവുമായിരുന്ന ശാലിനി. ജെ.എഫ്.ഡബ്ല്യു മൂവി അവാര്‍ഡ്സ് 2026 വേദിയില്‍ വെച്ചായിരുന്നു ഈ കൗതുകകരമായ തുറന്നുപറച്ചില്‍.
അജിത്തുമായുള്ള വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്ന് വിട്ടുനിന്ന ശാലിനി, തന്റെ സിനിമകളിലെ ഗാനങ്ങള്‍ മക്കള്‍ കാണാറുണ്ടെങ്കിലും ഒരു ചിത്രം പോലും മുഴുവനായും അവര്‍ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കി. 'എന്റെ ഒരു സിനിമയെങ്കിലും നിങ്ങള്‍ ദയവായി കാണുമോ?' എന്ന് വേദിയില്‍ വെച്ച് മക്കളോട് തമാശരൂപേണ അവര്‍ അഭ്യര്‍ത്ഥിച്ചു. സിനിമ കാണാന്‍ പദ്ധതിയിടുമ്പോഴെല്ലാം 'പിന്നെയാകാം' എന്ന് പറഞ്ഞ് മക്കള്‍ അത് മാറ്റിവയ്ക്കുകയാണ് പതിവെന്നും ശാലിനി കൂട്ടിച്ചേര്‍ത്തു.
മലയാളികള്‍ ഇന്നും ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന 'മാമാട്ടിക്കുട്ടിയമ്മ', 'അനിയത്തിപ്രാവ്' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ശാലിനിയുടെ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധേയമായി. അടുത്തിടെ മകള്‍ തന്റെയടുത്ത് വന്ന്, ഒരു കൂട്ടുകാരിയില്‍ നിന്ന് അമ്മയുടെ ഒരു 'ഗംഭീര സിനിമ'യെക്കുറിച്ച് കേട്ടെന്നും അതിന്റെ കഥ ഇഷ്ടപ്പെട്ടെന്നും അത് ഒരുമിച്ച് കാണണമെന്നും പറഞ്ഞതായും ശാലിനി ഓര്‍മ്മിപ്പിച്ചു.