90-കളില്‍ മുടങ്ങിപ്പോയ ജോഷിയുടെ സ്വപ്നചിത്രം 'അന്ന' ഒടുവില്‍ വെള്ളി ത്തിരയിലേക്ക്. പുലിമുരുകന്റെ പത്താം വാര്‍ഷിക ദിനത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാണാവകാശം സ്വന്തമാക്കിയ വിവരം പങ്കുവെച്ച് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഈ പ്രേക്ഷക താല്പര്യം തന്നെയാണ് ചിത്രത്തിന് പുതിയൊരു ജീവന്‍ നല്‍കാന്‍ ടോമിച്ചന്‍ മുളകുപാടത്തെ പ്രേരിപ്പിച്ചത്.
ടോമിച്ചന്‍ മുളകുപാടത്തിന്റെ ഫേസ്ബുക്ക് കുറിപ്പിനിറെ പൂര്‍ണരൂപം:
മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങള്‍ തിരുത്തിയ പുലിമുരുകന്റെ പത്താം വാര്‍ഷികത്തില്‍ ഒരു പുതിയ യാത്രയുടെ പ്രഖ്യാപനം.90-കളില്‍ ആരംഭിച്ചെങ്കിലും പല കാരണങ്ങളാല്‍ പൂര്‍ത്തിയാകാതെ പോയ 'അന്ന' എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്.
വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിലെ 'യവനകഥയിലെ ഇടയകന്യകേ' എന്ന ഗാനം ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായപ്പോള്‍, 'അന്ന' എന്ന സിനിമയെക്കുറിച്ചും ഒരുപാട് അന്വേഷണങ്ങളും ചര്‍ച്ചകളും ഉണ്ടായി.
ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓര്‍മ്മകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് 'അന്ന'യുടെ നിര്‍മ്മാണാവകാശം ഏറ്റെടുത്തിരിക്കുന്നത്.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പാതിവഴിയില്‍ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കം...
ചിത്രത്തിന്റെ സംവിധായകനും താരങ്ങളും ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കും.ഇപ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ പറയുന്നില്ല.
കുറച്ച് കാര്യങ്ങള്‍ നിങ്ങളിലേക്ക് എത്താന്‍ സമയമെടുക്കട്ടെ...
മുളകുപാടം ഫിലിംസിലൂടെ 'അന്ന' വീണ്ടും വെള്ളിത്തിരയിലേക്ക്.
നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു.
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 100 കോടി ക്ലബ്ബ് തീര്‍ത്ത് ബോക്‌സ് ഓഫീസ് സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ച 'പുലിമുരുകന്‍' റിലീസ് ചെയ്തിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ആണ് അവിസ്മരണീയമായ ഒരു പുതിയ പ്രഖ്യാപനവുമായി നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം എത്തിയത്.
90-കളില്‍ ചിത്രീകരണം ആരംഭിച്ച് പിന്നീട് മുടങ്ങിപ്പോയ ജോഷിയുടെ സ്വപ്നചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി ശ്രീദേവിയും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിലെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു 'അന്ന'. അക്കാലത്ത് ഷൂട്ടിംഗ് പുരോഗമിച്ചെങ്കിലും ചില അവിചാരിതമായ കാരണങ്ങളാല്‍ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എന്നാല്‍ ചിത്രത്തിനായി കൈതപ്രം രചിച്ച് ഔസേപ്പച്ചന്‍ ഈണമിട്ട് കെ.ജെ. യേശുദാസ് ആലപിച്ച 'യവനകഥയിലെ ഇടയകന്യകേ...' എന്ന ഗാനം എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായി സംഗീതപ്രേമികളുടെ മനസ്സില്‍ തങ്ങിനിന്നു.