ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം 'വാനപ്രസ്ഥ'ത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ പ്രശംസിച്ച് സെറിന്‍ ഷിഹാബ്. 'ദി ഫാമിലി മാന്‍' വെബ് സീരീസിലൂടെ കടന്നുവന്ന സെറിന്‍, 'ആട്ടം' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ ഇടം നേടി. ഇതിനുപുറമെ 'രേഖാചിത്രം', 'ഇത്തിരി നേരം' തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനവും വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ അഭിനയം തന്നെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ടെന്ന് സെറിന്‍ വ്യക്തമാക്കി.
വാനപ്രസ്ഥം വളരെ ഇഷ്ടമാണ്. കഥകളി ഗെറ്റപ്പിലൊക്കെയാണ് ചെയ്യുന്നത്. നല്ല ഭാരമുള്ള വസ്ത്രമാണ്. അതിലൊരു സീനുണ്ട്, കണ്ണിലൂടെ എക്സ്പ്രഷന്‍ മാറുന്നത്. അത് എനിക്ക് അത്ഭുത സീനാണ്. എത്ര തവണ ആ ക്ലിപ്പ് നോക്കി പഠിച്ചാലും ആര്‍ക്കും അത് റീക്രിയേറ്റ് ചെയ്യാനാകില്ല. അതില്‍ ശ്വാസത്തിന്റെ കാര്യമുണ്ട്. മുഖത്തെ ഭാവങ്ങളുണ്ട്. കഥാപാത്രം കടന്നു പോകുന്ന ഇമോഷണല്‍ ജേണിയുണ്ട്. അതെല്ലാം ആ ചെറിയ ഫ്രെയ്മില്‍ കണ്ണിലൂടേയും മുഖത്തെ ഭാവങ്ങളിലൂടേയും കാണാം.''
മോഹന്‍ലാല്‍ എങ്ങനെയാണ് ആ കഥാപാത്രത്തെ പൂര്‍ണ്ണതയിലെത്തിച്ചതെന്ന് തനിക്ക് ഊഹിക്കാന്‍ പോലുമാകുന്നില്ലെന്നും സെറിന്‍ പറയുന്നു. ''അത് എങ്ങനെയാണ് അദ്ദേഹം ചെയ്തെടുത്തതെന്ന് അറിയില്ല. ഒരു അഭിനേതാവിനോട് നിങ്ങളുടെ പ്രോസസ് എങ്ങനെയാണെന്ന് ചോദിച്ചാല്‍ അവര്‍ക്ക് മറുപടി പറയാന്‍ സാധിക്കില്ല. അദ്ദേഹത്തിനും വിശദീകരിക്കാന്‍ സാധിക്കില്ലെന്ന് തോന്നുന്നു. റിഹേഴ്‌സ് ഒക്കെ ചെയ്തിട്ടുണ്ടാകാം. പക്ഷെ അദ്ദേഹം ഒരു ജീനിയസ് തന്നെയാണ്'' സെറിന്‍ പറഞ്ഞു.