മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമാണ് സലിം കുമാറിന്റെ കുടുംബവും ലാഫിങ് വില്ലയും. അച്ഛന്റെ വഴി പിന്തുടര്‍ന്ന് സലിം കുമാറിന്റെ മകള്‍ ചന്തു സിനിമയില്‍ എത്തിക്കഴിഞ്ഞു. 'പൈങ്കിളി' എന്ന ചിത്രമാണ് ചന്തു സലിമിന്റെതായി ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. എന്നാല്‍ സലിം കുമാറിന്റെ രണ്ടാമത്തെ മകന്‍ ആരോമല്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്.
ആരോമല്‍ വ്യാജ ഐഡന്റിറ്റിയില്‍ കേരളത്തില്‍ ജോലി ചെയ്യുകയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സലിം കുമാര്‍ ഇപ്പോള്‍. തിരുവനന്തപുരത്തെ ഐടി സെക്ടറിലാണ് മകന്‍ ജോലി ചെയ്യുന്നത്. ഇവിടെ അച്ഛന്റെ തൊഴില്‍ എന്തെന്ന് പോലും മകന്‍ ആരോമല്‍ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല വ്യാജ ഐഡന്റിറ്റിയിലാണ് മകന്‍ ജോലി ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാം പേജ് പോലും പ്രൈവറ്റ് ആക്കിയാണ് ആരോമലിന്റെ ജീവിതം എന്നാണ് സലിം കുമാര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, മഞ്ഞുമ്മല്‍ ബോയ്‌സ്, മാലിക്, നടികര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ചന്തു സലിം കുമാര്‍ മലയാള സിനിമയില്‍ ഇടം നേടിക്കഴിഞ്ഞു. നേരത്തെ തന്റെ കൗണ്ടര്‍ അടിക്കാനുള്ള കഴിവ് ഇളയമകനും കിട്ടിയിട്ടുണ്ടെന്ന് സലിം കുമാര്‍ പറഞ്ഞിരുന്നു. തന്റെ അമ്മയ്ക്കും കൗണ്ടര്‍ അടിക്കാനുള്ള അപാര ഹ്യൂമര്‍ സെന്‍സ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തങ്ങള്‍ മക്കള്‍ രണ്ടാമതൊന്ന് ആലോചിച്ചിട്ടേ എന്തും പറയാറുള്ളുവെന്നും സലിം കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.