സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ രംഗങ്ങള്‍ കുടുംബത്തെ കാണിച്ച് അഭിനന്ദനം നേടിയതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ രവി മോഹന്റെ കുറിപ്പ്.
സിനിമയെക്കുറിച്ച് മാതാപിതാക്കള്‍ നല്ലതുപറഞ്ഞതിന്റെ സന്തോഷം നൃത്തം ചെയ്തുകൊണ്ടാണ് രവി മോഹന്‍ ആരാധകരുമായി പങ്കിട്ടത്. മാതാപിതാക്കളുടെ പ്രതികരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വികാരനിര്‍ഭരമായ കുറിപ്പും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.
സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രവി മോഹന്‍ പുതിയ വിശേഷം അറിയിച്ചത്. കഴിഞ്ഞ രാത്രി തന്റെ ആദ്യ സംവിധാന സംരംഭമായ 'ആന്‍ ഓര്‍ഡിനറി മാന്‍'-ന്റെ ദൃശ്യങ്ങളും സംഗീതവും കുടുംബത്തിന് കാണിച്ചെന്നും, അവര്‍ ചിത്രം ഹൃദയപൂര്‍വം സ്വീകരിച്ചതും നല്‍കിയ പ്രോത്സാഹനവും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
'എന്റെ കുടുംബം എനിക്ക് വേണ്ടി കൈയടിച്ചതും, പ്രത്യേകിച്ച് അപ്പയുടെ മുഖത്തെ സന്തോഷവും ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്നാണ്. ലോകത്തിലെ എല്ലാ മക്കള്‍ക്കും മാതാപിതാക്കളില്‍ നിന്ന് ഇത്തരമൊരു പിന്തുണ ലഭിക്കട്ടെയെന്നാണ് എന്റെ പ്രാര്‍ഥന,' എന്നാണ് രവി മോഹന്‍ കുറിച്ചത്.
എന്റെ കുടുംബം എനിക്ക് വേണ്ടി കൈയടിച്ചതും, പ്രത്യേകിച്ച് അപ്പയുടെ മുഖത്തെ സന്തോഷവും ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്നാണ്
മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമുള്ള ചിത്രവും പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിനേക്കാള്‍ ആരാധകരുടെ ശ്രദ്ധ നേടിയത് രവി മോഹന്റെ പുഞ്ചിരിയായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി വിഷമങ്ങളിലൂടെ കടന്നുപോയ താരത്തെ വീണ്ടും സന്തോഷത്തോടെ കാണാനായതില്‍ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്.
'ഇനി നിങ്ങളെ ഇങ്ങനെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്', 'ഈ ചിരി എന്നും നിലനില്‍ക്കട്ടെ', 'വീണ്ടും ശക്തമായി തിരിച്ചുവന്നു' തുടങ്ങിയ പ്രതികരണങ്ങളാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്. മലയാള സിനിമ താരം റോണി ഡേവിഡ് രാജും ആശംസയുമായി എത്തിയിട്ടുണ്ട്. 'കരയുന്ന നിങ്ങളെയല്ല, ഇങ്ങനെ ചിരിക്കുന്ന നിങ്ങളെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്,' എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.
ഭാര്യ ആരതി രവിയുമായുള്ള ദാമ്പത്യപ്രശ്‌നങ്ങളും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും രവി മോഹന്റെ വ്യക്തിജീവിതത്തെ സാരമായി ബാധിച്ചിരുന്നു. മാനസികമായി തകര്‍ന്ന അവസ്ഥയിലാണെന്നും അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാന്‍ ആലോചിക്കുകയാണെന്നും താരം തുറന്നുപറഞ്ഞിരുന്നു. ആ വെളിപ്പെടുത്തല്‍ ആരാധകരെയും ഏറെ വിഷമിപ്പിച്ചിരുന്നു.
എന്നാല്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും പിന്തുണയാണ് ആ തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ പ്രചോദനമായതെന്ന് പിന്നീട് രവി മോഹന്‍ വ്യക്തമാക്കിയിരുന്നു. ആ തിരിച്ചുവരവിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സംവിധായകനെന്ന പുതിയ റോളിലേക്ക് താരം ചുവടുവെക്കുന്നത്.
'ആന്‍ ഓര്‍ഡിനറി മാന്‍'-ന്റെ റിലീസ് തീയതിയും മറ്റ് വിശദാംശങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, പുതിയ തുടക്കത്തിന് സിനിമാലോകവും ആരാധകരും ആശംസകളുമായി ഒപ്പമുണ്ട്. അതെ സമയം, ഗണേഷ് കെ. ബാബു സംവിധാനം ചെയ്യുന്ന രവി മോഹന്‍ ചിത്രം 'കരാട്ടെ ബാബു' ഓഗസ്റ്റ് 28 ന് പ്രദര്‍ശനത്തിന് എത്തുകയാണ്.